1999ല്‍ പുറത്തിറങ്ങിയ വര്‍ണച്ചിറകുകള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് മണിക്കുട്ടന്. എന്നാല്‍ 2004 മുതല്‍ സംപ്രേക്ഷണം ആരംഭിച്ച കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ സീരിയലിലെ ടൈറ്റില്‍ ക്യാരക്ടറായാണ് മണിക്കുട്ടന് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്താന്‍ മണിക്കുട്ടന് സാധിച്ചിരുന്നു.
അടുത്തിടെ മൂവി വേള്‍ഡ് മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെ സിനിമയിലേക്കെത്തിയതിനെ കുറിച്ചും തന്റെ ജീവിതത്തെ കുറിച്ചും മണിക്കുട്ടന് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ജീവിതത്തില്‍ ഒരു പ്ലാനിങ്ങില്ലാത്ത ആളായിരുന്നു താനെന്നും അപ്രതീക്ഷിതമായാണ് സിനിമയിലേക്കെത്തിയതെന്നും താരം പറയുന്നു. പിന്നീട് ഒരു അത്ഭുത ലോകത്തെത്തിയത് പോലെയാണ് തോന്നിയതെന്നും ഒന്നും തന്റെ നിയന്ത്രണത്തിലായിരുന്നില്ലെന്നും മണിക്കുട്ടന് പറഞ്ഞു.
മണിക്കുട്ടന്. Photo: X.com
‘ജീവിതത്തെ കുറിച്ച് ഒരു പ്ലാനിങ്ങും എനിക്ക് ഉണ്ടായിരുന്നില്ല. ഒരു ആക്ടറാകണമെന്നുള്ള പാഷനോടെ നടന്ന ആളുമായിരുന്നില്ല ഞാന്‍. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ആളായത് കൊണ്ട് തന്നെ നമ്മളെ സംബന്ധിച്ച് ഒരു ജോലി മസ്റ്റ് ആയിട്ട് വേണം. എനിക്ക് മുമ്പ് രണ്ട് ചേച്ചിമാരായതിനാല് കുടുംബത്തിന്റെ ബാധ്യതകളെല്ലാം എന്നിലാണ്. പെട്ടെന്ന് തന്നെ വിദേശത്ത് പോയി ജോലി ചെയ്ത് കുടുംബം നോക്കണം എന്നതായിരുന്നു എന്റെ പ്ലാനിങ്. അവിടെ നിന്നുമാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. എന്നെ സംബന്ധിച്ച് അത് ഒരു അത്ഭുത ലോകമായിരുന്നു.
അവിടെ എനിക്ക് കിട്ടുന്ന സിനിമകള്‍ ഞാന്‍ മാക്സിമം എഫേര്‍ട്ട് ഇട്ട് ചെയ്യാന്‍ തുടങ്ങി. വീണ് കാലൊടിഞ്ഞിട്ടും ഷൂട്ടിങ് മുടക്കിയിട്ടില്ല. ഇതിന്റെ ഭാഗമായി സിനിമ നല്കിയ അനുഗ്രഹമാണ് ഈ ഗ്യാപ്പില്ലാതെ പൊയ്ക്കൊണ്ടിരിക്കുന്നതിന്റെ കാരണം,’ മണിക്കുട്ടന് പറഞ്ഞു.
ഛോട്ടാ മുംബൈയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിനെ കുറിച്ചും താരം സംസാരിച്ചു. താരവുമായുള്ള ചിത്രത്തിലെ എക്സ്പീരിയന്‍സിനെ കുറിച്ചാണ് മണിക്കുട്ടന് സംസാരിച്ചത്.
ഛോട്ടാ മുംബൈ. Photo: IMDB
‘സത്യം പറഞ്ഞാല്‍ ചിത്രത്തില്‍ ഞാനും ലാലേട്ടനും തമ്മിലുള്ള സിങ്കിന് എടുത്തുപറയേണ്ടത് ബെന്നി ചേട്ടനെയും അന്വറേട്ടനെയും ആണ്. ഞാനാദ്യമായിട്ട് ഫുള്‍ സ്ക്രിപ്റ്റ് വായിക്കുന്നത് ഛോട്ടാ മുംബൈയുടെതാണ്. ഇപ്പോഴും അങ്ങനെ വായിക്കാന്‍ കിട്ടാറില്ല. വായിച്ച് കഴിഞ്ഞപ്പോള്‍ തന്നെ നന്നായി തയ്യാറെടുക്കണം എന്ന് തീരുമാനിച്ചിരുന്നു. കാരണം ഇത്രയും സീനായറായ ലാലേട്ടനും മറ്റ് അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ചിത്രത്തിലുണ്ട്. ലാലേട്ടനൊപ്പം രാജന് പി ദേവ്, ജഗതി ചേട്ടന്, ഭാവന, ഷക്കീല മാം തുടങ്ങി നമ്മള് അന്തം വിട്ട് വായ തുറന്ന് പോകുന്ന കാസ്റ്റായിരുന്നു ചിത്രത്തിലേത്,’ മണിക്കുട്ടന് പറഞ്ഞു.
Content Highlight: Maikuttan talks about his experience in Cinema field