| Sunday, 11th January 2026, 4:20 pm

'ഭര്‍തൃമതികള്‍ക്ക് മാത്രമുണ്ടാകുന്ന വൈകൃത രോഗം' അതിജീവിതകളെ അധിക്ഷേപിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ്

രാഗേന്ദു. പി.ആര്‍

പത്തനംതിട്ട: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതികളില്‍ അതിജീവിതകളെ അധിക്ഷേപിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ്.

പത്തനംതിട്ട സ്വദേശിയായ ബിന്ദു ബിനുവാണ് അതിജീവിതകളെ അധിക്ഷേപിച്ചത്. ഭര്‍തൃമതികള്‍ക്ക് മാത്രമായി ഉണ്ടാകുന്ന ഒരു വൈകൃത രോഗമാണിതെന്ന് ബിന്ദു ഫേസ്ബുക്കില്‍ എഴുതി.

‘ഭര്‍തൃമതികള്‍ക്ക് മാത്രമായി ഉണ്ടാകുന്ന ഈ വൈകൃത രോഗത്തിന് മരുന്നുണ്ടോ എന്ന് ആദ്യം ഒരു ഗവേഷണം നടത്തുക..,’ എന്നാണ് മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജനറല്‍ സെക്രട്ടറി കൂടിയായ ബിന്ദു ബിനുവിന്റെ പോസ്റ്റ്.

ഈ പോസ്റ്റിന് പിന്നാലെ വിഷയത്തില്‍ മറ്റൊരു പ്രതികരണവുമായി ബിന്ദു രംഗത്തെത്തി. ‘എന്റെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്. രാഷ്ട്രീയപരമല്ല. അഭിപ്രായ സ്വാതന്ത്ര്യം പോലുമില്ലാത്ത നാടായി മാറിയോ കേരളം,’ ബിന്ദു പറഞ്ഞു.

നിലവില്‍ ഈ രണ്ട് പോസ്റ്റുകളും ചര്‍ച്ചയായിരിക്കുകയാണ്. നേരത്തെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ ‘അതിജീവിതയെ അധിക്ഷേപിച്ച കേസി’ല്‍ കോണ്‍ഗ്രസ് നേതാവായ രജിത പുളിക്കനും പ്രതി ചേര്‍ക്കപ്പെട്ടിരുന്നു.

കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരും കോണ്‍ഗ്രസ് അനുകൂലിയായ അഡ്വ. ദീപാ ജോസഫും ഈ കേസിലെ പ്രതികളാണ്. 16 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യം ലഭിച്ച രാഹുല്‍ ഈശ്വറും ഇതേ കേസിലെ പ്രതിയാണ്.

ഐഡന്റിറ്റി വെളിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമുള്ളയുവതിയുടെ പരാതിയെ തുടര്‍ന്നാണ് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായത്. ബി.എന്‍.എസ് 72, 75, 79, 351 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് രാഹുലിനെതിരെ കേസെടുത്തിരുന്നത്.

ആദ്യഘട്ടത്തില്‍ ജാമ്യം ലഭിക്കുന്ന കുറ്റങ്ങളായിരുന്നു ചുമത്തിയിരുന്നതെങ്കിലും പിന്നീട് ഇതില്‍ മാറ്റം വരുത്തുകയായിരുന്നു. മേലാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന ഉപാധിയോടെയായിരുന്നു രാഹുലിന് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് രാഹുലിനെ ജാമ്യത്തില്‍ വിട്ടത്.

Content Highlight: Mahila Congress leader insults Woman survivors

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more