| Sunday, 15th July 2012, 4:34 pm

'ലീഗിന് വര്‍ഗ്ഗീയത; നായര്‍ ഈഴവ ഐക്യം പാമ്പ് കീരിയെ വേളി കഴിച്ചതുപോലെ'

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യു.ഡി.എഫില്‍ മുസ്ലീം ലീഗിന്റെ പ്രമാണ്യത്തിനെതിരെ മഹിളാ കോണ്‍ഗ്രസും. സര്‍ക്കാറില്‍ പങ്കാളിത്തമുള്ള ലീഗ് യുഡിഎഫ് ഭരണത്തില്‍ വര്‍ഗ്ഗീയത കളിക്കുകയാണ്. നായര്‍ ഈഴവ ഐക്യം പാമ്പ് കീരിയെ വേളി കഴിച്ചതുപോലെയാണെന്നും മഹിളാ കോണ്‍ഗ്രസ് ആരോപിച്ചു.

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗ് കുത്തകയാക്കി വെച്ചിരിക്കുകയാണെന്നും വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും മഹിളാ കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ്. എറണാകുളത്ത് എസ്.എസ്.എയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ സ്ത്രീകള്‍ പച്ച ബ്ലൗസ് ധരിച്ച് വരണമെന്ന് ഉത്തരവിറക്കിയതും, മലപ്പുറത്ത് 33 സ്‌കൂളുകള്‍ക്കുള്ള എയ്ഡഡ് പദവി പ്രശ്‌നം തുടങ്ങിയവ യാദൃശ്ചികമായി സംഭവിച്ചതല്ല എന്ന് രാഷ്ട്രീയ പ്രമേയത്തില്‍ മഹിള കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

[]

ഏത് കാര്യങ്ങള്‍ക്കും വിലപേശുന്ന മത, സാമുദായിക ശക്തികള്‍ യുഡിഎഫ് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ ശ്രമിക്കുകയാണ്. മതരാഷ്ട്രീയ ശക്തികള്‍ക്ക് വഴങ്ങരുത് എന്ന് കെ.പി.സി.സിയോട് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. ഇപ്പോള്‍ നടന്ന നായര്‍ ഈഴവ ഐക്യം പാമ്പ് കീരിയെ വേളി കഴിച്ചതു പോലെയാണ്. ഘടക കക്ഷി മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കണമെന്നും മഹിളാ കോണ്‍ഗ്രസ് എന്നും പ്രമേയത്തില്‍ പറയുന്നു.

ലീഗ് മന്ത്രിമാരുടെ വര്‍ഗ്ഗീയത പ്രകടമാണ്. ലീഗ് മതേതരമെന്ന് പറയുമ്പോള്‍ തന്നെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സംശയമുളവാക്കുന്നതാണെന്നും മഹിളാ കോണ്‍ഗ്രസിന്റെ നേതൃ ക്യാമ്പില്‍ അവതരിപ്പിക്കാനിരിക്കുന്ന പ്രമേയത്തില്‍ പറയുന്നുണ്ട്.

We use cookies to give you the best possible experience. Learn more