എഡിറ്റര്‍ ആയി കരിയര്‍ ആരംഭിക്കുകയും പിന്നീട് മലയാളത്തിന് മികച്ച സിനിമകള്‍ നല്‍കുകയും ചെയ്ത സംവിധായകനാണ് മഹേഷ് നാരായണന്‍. ഇപ്പോള്‍ നിര്‍മാതാവ് എന്ന നിലയിലേക്കും കാലെടുത്തുവെച്ചിരിക്കുകയാണ് അദ്ദേഹം. തലവരയാണ് അദ്ദേഹത്തിന്റെ നിര്‍മാണത്തില്‍ പുറത്തുവരാനിരിക്കുന്ന ചിത്രം. സിനിമ സംവിധാനം ചെയ്യുന്നത് അഖില്‍ അനില്‍ കുമാറാണ്.
ഗൗരവമുള്ള വിഷയങ്ങളാണ് മഹേഷ് സിനിമകളില്‍ കൈകാര്യം ചെയ്യാറുള്ളത്. തലവരയ്ക്കും ആ ഗൗരവം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം.
‘ഇതു തീര്‍ത്തും അഖിലിന്റെ സിനിമയാണ്. അഖില്‍ മുമ്പ് ചെയ്തിട്ടുള്ള സിനിമയും ഷോര്‍ട് ഫിലിമുകളും കണ്ടാല്‍ അദ്ദേഹത്തിന്റെ വേ ഓഫ് ഫിലിം മേക്കിങ് മനസിലാകും. ‘തലവരയിലും വളരെ ലളിതമായ, രസകരമായ രീതിയിലാണ് കഥ മുന്നോട്ടുപോകുന്നത്. അഖില്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഈ സിനിമയെ എങ്ങനെ കൊണ്ടുവരാം എന്ന് മാത്രമാണ് ഞങ്ങള്‍ ശ്രമിച്ചത്. പ്രേക്ഷകനെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുക എന്നതാണ് ഏതൊരു ക്രിയേറ്ററുടെയും ലക്ഷ്യം.
എന്നാല്‍ എന്റര്‍ടെയ്ന്‍മെന്റിനെ പല രീതിയില്‍ വ്യാഖ്യാനിക്കാന്‍ കഴിയുമെന്നും പ്രേക്ഷകനെ എന്‍ഗേജ് ചെയ്യിക്കുന്ന എന്തും എന്റര്‍ടെയ്ന്‍മെന്റാണ് എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടുതന്നെ സീരിയസ് സ്വഭാവമുള്ള ചിത്രങ്ങള്‍ എന്റര്‍ടെയ്ന്‍മെന്റ് തരില്ല എന്ന് കരുതുന്നില്ലെന്നും മഹേഷ് പറയുന്നു.
‘സിനിമയുടെ കഥയും കഥ പറയുന്ന രീതിയും നല്ലതാണെങ്കില്‍ ആളുകള്‍ തിയേറ്ററില്‍ എത്തുമെന്നാണ് എന്റെ വിശ്വാസം. അവിടെ സൂപ്പര്‍ താരം വേണമെന്നോ ബിഗ് ബജറ്റ് ആയിരിക്കണമെന്നോ നിര്‍ബന്ധമില്ല. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ന് സിനിമകളുടെ എണ്ണം വളരെ കൂടി. 2005ല്‍ ഞാന്‍ എഡിറ്റിങ് തുടങ്ങുന്ന കാലത്ത്, 100ല്‍ താഴെ ചിത്രങ്ങള്‍ മാത്രമാണ് തിയേറ്ററില്‍ ഒരു വര്‍ഷം ഇറങ്ങിയിരുന്നത്. എന്നാല്‍ ഇന്ന് 200ല്‍ അധികം ചിത്രങ്ങള്‍ വര്‍ഷാവര്‍വും തിയേറ്ററില്‍ എത്തുന്നു. സിനിമയുടെ എണ്ണം കൂ ടുന്നതനുസരിച്ച് തിയറ്ററുകള്‍ വര്‍ധിക്കുന്നുണ്ടോ എന്നു സംശയമാണ്,’ മഹേഷ് പറഞ്ഞു.
Content Highlight: Mahesh Narayanan talks about the movie Thalavara and the OTT platform