| Tuesday, 26th August 2025, 9:08 am

മോഹൻലാൽ-മമ്മൂട്ടി ചിത്രം, വലിയ ഓഡിയൻസിനെ പ്രതീക്ഷിച്ച് ചെയ്ത സിനിമ: മഹേഷ് നാരായണൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് മമ്മൂട്ടി- മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ അണിയിച്ചൊരുക്കുന്ന മൾട്ടിസ്റ്റാർ സിനിമ. ഇൻഡസ്ട്രിയുടെ ഹൈപ്പ് മുഴുവൻ ഒറ്റയടിക്ക് ഉയർത്തിയ അനൗൺസ്‌മെന്റായിരുന്നു ചിത്രത്തിന്റേത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മലയാളത്തിൽ ഈയടുത്ത് വന്നതിൽ വെച്ച് ഏറ്റവും വലിയ മൾട്ടിസ്റ്റാർ പ്രൊജക്ടാണിത്. നയൻതാരയാണ് നായിക.

ഇപ്പോൾ ഈ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് മഹേഷ് നാരായൺ. മോഹൻലാലും മമ്മൂട്ടിയും വേഷമിടുന്നതുകൊണ്ടുതന്നെ ഈ ചിത്രം വലിയ ഓഡിയൻസിനെ പ്രതീക്ഷിക്കുന്ന ബിഗ്ബജറ്റ് കൊമേഴ്‌സ്യൽ സിനിമയാണെന്ന് മഹേഷ് നാരായൺ പറയുന്നു. കൊമേഷ്യൽ ചിത്രമാണെങ്കിലും അതിൽ തൻ്റെ ഒരു ഐഡന്റിറ്റി കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താൻ ചെയ്യുന്ന സിനിമകളെല്ലാം തന്നെ സ്പർശിച്ച ഒരു സംഭവമോ കഥയോ അനുഭവമോ ആയി ബന്ധപ്പെട്ടവയാണെന്നും കാതലുള്ള സിനിമകൾ ഉണ്ടാകണമെന്ന് ആഗ്രഹത്തിന് പുറത്ത് ചെയ്യുന്നവയാണ് ഏറെയുമെന്നും മഹേഷ് നാരായണൻ കൂട്ടിച്ചേർത്തു.

‘സിനിമകൾ തമ്മിൽ സാമ്യം തോന്നരുതെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. ടെയ്ക്ക് ഓഫ് പോലെയല്ല മാലിക്, അതുപോലെയല്ല അറിയിപ്പ്. അറിയിപ്പ് ഒരു അക്കാദമിക് താത്പര്യത്തിൽ ചെയ്ത സിനിമയാണ്,’ മഹേഷ് നാരായണൻ പറഞ്ഞു.

മറ്റൊരു അഭിമുഖത്തിൽ മോഹൻലാൽ – മമ്മൂട്ടി സിനിമയുടെ 60 ശതമാനത്തോളം ഷൂട്ടിങ് പൂർത്തിയായിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒക്ടോബറോടെ ഷൂട്ട് തീർക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതൊരു ബ്രഹ്‌മാണ്ഡ സിനിമയാക്കണമെന്ന മുൻവിധിയോടെയൊന്നുമല്ല ചിത്രം തുടങ്ങിയത്. പക്ഷേ, പതിയെ പതിയെ ആ സിനിമ വലുതായി. ചില സിനിമകളുടെ നിയോഗം അങ്ങനെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Mahesh Narayanan Talks About Mohanlal And Mammootty Project

We use cookies to give you the best possible experience. Learn more