2017 ല്‍ പുറത്തിറങ്ങിയ ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെ മികച്ച അരങ്ങേറ്റ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സംവിധായകനാണ് മഹേഷ് നാരായണന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ ലാലും ഒന്നിച്ചെത്തുന്ന പാട്രിയറ്റ് അണിയിച്ചൊരുക്കുന്ന മഹേഷ് നാരായണന്‍ ഇതിനോടകം മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കിടയില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചിരുന്നു.
മഹേഷ് സംവിധാനം ചെയ്ത് വലിയ വിജയം നേടിയ ചിത്രങ്ങളായിരുന്നു മാലിക്കും, അറിയിപ്പും. ഈ ചിത്രങ്ങളില്‍ പ്രധാനവേഷത്തെ അവതരിപ്പിച്ചത് മലയാളത്തിലെ മുന്‍നിര നടന്മാരായ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലുമായിരുന്നു. കഴിഞ്ഞ ദിവസം മാതൃഭൂമി ലിറ്ററേച്ചര്‍ ഫെസ്റ്റിഫലിന്റെ വേദിയില്‍ ഇരുതാരങ്ങളെയും കുറിച്ച് സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
മഹേഷ് നാരായണന്‍. Photo: screen grab/ Mathrubhumi news/ Youtube.com
‘കുഞ്ചാക്കോ ബോബനെക്കുറിച്ച് ഒറ്റവാക്കില്‍ പറഞ്ഞാല്‍ അയാള്‍ ഒരിക്കലും കഥാപാത്രത്തില്‍ നിന്നും പുറത്തുകടക്കില്ല. അയാള്‍ അഭിനയിക്കുമ്പോള്‍ എപ്പോഴും ക്യാരക്ടറില്‍ തന്നെയാകും. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നന്നായി ക്യാരക്ടറിന്റെ ബാലന്‍സ് വിട്ടുപോവാതെ അവതരിപ്പിക്കാന്‍ പറ്റുന്ന വ്യക്തി അദ്ദേഹമാണ്. കഥാപാത്രത്തെ അദ്ദേഹം ഒരിക്കലും ഓവര്‍പവര്‍ ചെയ്യില്ല.
ചില അഭിനേതാക്കള്‍ ഓവര്‍ പവര്‍ ചെയ്യും അഥവാ സീനിനെ വിഴുങ്ങും, അങ്ങനെ അവര്‍ക്ക് കൈയടി കിട്ടും. ഇദ്ദേഹത്തിനത് അറിയില്ല, അല്ലെങ്കില്‍ അദ്ദേഹമത് ചെയ്യില്ല. പക്ഷേ കഥാപാത്രം സിനിമക്കൊപ്പം തന്നെ സഞ്ചരിക്കും. ഫഹദ് നേരെ തിരിച്ച് ഡൊമിനന്റ് ആണ്. ഫഹദ് കഥാപാത്രത്തെ വിഴുങ്ങികളയും. ഏറ്റവും രസകരമായ കാര്യമെന്തെന്ന് വെച്ചാല്‍ രണ്ടുപേരും വരുന്നത് ഒരേ സ്‌കൂളില്‍ നിന്നുമാണ്. ഒരു തരത്തില്‍ രണ്ടു രീതികളും നല്ലതാണ്,’ മഹേഷ് പറയുന്നു.
2002 ല്‍ പുറത്തിറങ്ങിയ ഫാസില്‍ സംവിധാനം ചെയ്ത ചിത്രം കൈയ്യെത്തും ദൂരത്തിലൂടെയാണ് ഫഹദ് ഫാസില്‍ അരങ്ങേറ്റം കുറിക്കുന്നത്. അതേസമയം ഫാസില്‍ തന്നെ സംവിധാനം ചെയ്ത് 1997 ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റം.
പേട്രിയറ്റിന്റെ സെറ്റില്‍. Photo: IMDB
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റിലും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഏപ്രില്‍ 23 ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ നയന്‍താര, രേവതി, സനല്‍ അമന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.
Content Highlight: Mahesh Narayanan talks about difference in acting styles of Fahadh fazil and Kunchakko Boban