| Saturday, 31st January 2026, 7:32 am

പേട്രിയറ്റില്‍ ഫാന്‍സ് മൊമന്റുകളുണ്ട്; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ചത് പത്ത് ദിവസത്തോളം: മഹേഷ് നാരായണന്‍

അശ്വിന്‍ രാജേന്ദ്രന്‍

മലയാളത്തിലെ പകരം വെക്കാനില്ലാത്ത അഭിനേതാക്കളായ മമ്മൂട്ടിയും മോഹന്‍ ലാലും ഒന്നിച്ചഭിനയിക്കുന്ന ചിത്രങ്ങളെല്ലാം എപ്പോഴും ആരാധകര്‍ക്ക് തിയേറ്ററുകളില്‍ ആഘോഷ വിരുന്നാണ്. ഇത്തരത്തില്‍ ഇരുവരും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിച്ചെത്തുന്ന മലയാള ചിത്രമാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേട്രിയറ്റ്. ഏപ്രില്‍ 23 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

മഹേഷ് നാരായണനും സിനിമയിലെ മറ്റ് അഭിനേതാക്കളും. Photo: Filfare

മാലിക്ക്, സി.യു. സൂണ്‍, ടേക്ക് ഓഫ് തുടങ്ങി മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ സംവിധായകനാണ് മഹേഷ് നാരായണന്‍. മറ്റുളളവരില്‍ നിന്നും വ്യത്യസ്തനായി താരങ്ങളുടെ മാസ് സീനുകള്‍ക്ക് പകരം തന്റെ വ്യത്യസ്തമാര്‍ന്ന കഥ പറച്ചിലിനാണ് സംവിധായകന്‍ മുന്‍തൂക്കം നല്‍കാറുള്ളത്. എന്നാല്‍ തന്റെ പുതിയ ചിത്രമായ പേട്രിയറ്റില്‍ ഫാന്‍ മൊമന്റുകള്‍ക്ക് സ്ഥാനമുണ്ടെന്ന് പറയുന്ന മഹേഷിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. മാതൃഭൂമി സംഘടിപ്പിച്ച ലിറ്ററേച്ചര്‍ ഫെസ്റ്റിഫലില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍.

പേട്രിയറ്റിന്റെ തുടക്കഘട്ടത്തില്‍ മമ്മൂക്കയോട് പറയാം എന്ന് കരുതി എഴുതി തുടങ്ങിയ കഥയായിരുന്നുവെന്നും പിന്നീടാണ് ഇത് വലിയ രീതിയിലേക്ക് വളര്‍ന്നതെന്നും മഹേഷ് പറയുന്നു. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, മോഹന്‍ലാല്‍, രേവതി തുടങ്ങി മറ്റുള്ള അഭിനേതാക്കളെല്ലാം ചിത്രത്തിലേക്ക് എത്തിച്ചേരുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിയും മോഹന്‍ലാലും പേട്രിയറ്റില്‍. Photo: IMDB

‘എന്നെക്കൊണ്ട് കഴിയുന്ന പോലെ ഒരു കൊമേഷ്യല്‍ സിനിമയുടെ ലാംഗ്വേജ് ഞാനതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. പക്ഷേ അത് ട്രയല്‍ ആന്റ് ടെസ്റ്റഡ് ഫോര്‍മുല ആണോ എന്ന് ചോദിച്ചാല്‍ അത് എനിക്ക് പറയാന്‍ പറ്റില്ല. സാധാരാണ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണത്. അതേസമയം പൊളിറ്റിക്കലുമാണ്. തീര്‍ച്ചയായും ഇതിനകത്ത് ഫാന്‍സ് മൊമന്റുകളുണ്ട്. പത്ത് ദിവസത്തോളം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ചതും നല്ല അനുഭവമായിരുന്നു,’ മഹേഷ് പറഞ്ഞു.

വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നിട്ട് കൂടി ചിത്രത്തിന് വേണ്ടത്ര ഹൈപ്പ് സൃഷ്ടിക്കാന്‍ സാധിക്കുന്നില്ലെന്ന വിമര്‍ശനം നിര്‍മാതാവ് ആന്റോ ജോസഫിനെതിരെ ഉയര്‍ന്നിരുന്നു. യു.കെ, യു.എ.ഇ, ശ്രീലങ്ക,കൊച്ചി, ഹൈദരാബാദ്, ന്യൂ ദല്‍ഹി എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. കേണല്‍ റഹീം നായിക്ക് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ വേഷമിടുന്ന ചിത്രത്തില്‍ ഡിഫന്‍സ് ഓഫീസറായ ഡാനിയല്‍ ജെയിംസായാണ് മമ്മൂട്ടി എത്തുന്നത്.

Content Highlight: Mahesh Narayanan talks about commercial elements in Patriot movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more