| Tuesday, 7th April 2026, 10:08 am

അത് മാത്രമാണ് പേട്രിയറ്റിന്റെ വെല്ലുവിളി; മോഹന്‍ലാലും മമ്മൂട്ടിയുമുള്ള ചിത്രം ബിഗ്ബജറ്റ് കൊമേഷ്യല്‍ സിനിമയായിരിക്കും: മഹേഷ് നാരായണന്‍

ഐറിന്‍ മരിയ ആന്റണി

ഈ വര്‍ഷം റിലീസ് ചെയ്യുന്നതില്‍ ഏറ്റവും ഹൈപ്പുള്ള ചിത്രങ്ങളിലൊന്നാണ് മഹേഷ് നാരായണന്റെ സംവിധാനത്തിലെത്തുന്ന പേട്രിയറ്റ്. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും നീണ്ട 19വര്‍ഷങ്ങള്‍ക്ക് ഒന്നിക്കുന്നുവെന്നത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ഇവര്‍ക്ക് പുറമെ നയന്‍താര, രേവതി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

അനൗണ്‍സ്മെന്റ് മുതല്‍ ഹൈപ്പുണ്ടായിരുന്ന ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്റേതായി വന്ന ട്രെയ്‌ലര്‍ ശ്രദ്ധിക്കപ്പെടുകയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയില്‍ നിറയുകയും ചെയ്തു.

ഇപ്പോഴിതാ, സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനുമായുള്ള അഭിമുഖത്തില്‍ വലിയ ബജറ്റിലുള്ള സിനിമ എന്നതിലുപരി താന്‍ തിരക്കഥയിലാണ് വിശ്വസിക്കുന്നതെന്ന് മഹേഷ് നാരായണന് പറയുന്നു. കഥ കൃത്യമായി സ്‌ക്രീനിന് മുമ്പില്‍ എത്തിക്കുക മാത്രമായിരുന്നു തന്റെ വെല്ലുവിളി എന്നും അദ്ദേഹം പറഞ്ഞു.

‘ഒരു ഐഡിയ എന്ന രീതിയില്‍ തിരക്കഥ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അത് പൂര്‍ണരൂപത്തിലായ ശേഷം മാത്രമേ അതില്‍ ഞാന്‍ വര്‍ക്ക് ചെയ്യാറുള്ളൂ. പേട്രിയറ്റും അങ്ങനെയാണ്. ഇതൊരു പ്ലോട്ട് ഡ്രിവന്‍ സിനിമയാണ്, കഥയാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്. കഥാപാത്രങ്ങളും കാഴ്ച്ചക്കാരുമെല്ലാം അതിനൊപ്പം സഞ്ചരിക്കുകയാണ് ചെയ്യുന്നത്.

ഈ കഥ കൃത്യമായി സ്‌ക്രീനിലെത്തിക്കുക എന്നത് മാത്രമാണ് എന്റെ വെല്ലുവിളി. ആ കഥ എവിടെയെങ്കിലും വിട്ടു പോകുന്നുണ്ടോ, ആളുകള്‍ക്ക് കൃത്യമായി മനസിലാകുന്നുണ്ടോ, ചര്‍ച്ച ചെയ്യുന്ന വിഷയം പ്രാധാന്യമില്ലാതെ ചോര്‍ന്നു പോകുന്നുണ്ടോ. എന്നൊക്കെയാണ് ഞാന്‍ ചിന്തിക്കുന്നത്,’ മഹേഷ് നാരായണന് പറയുന്നു.

ആ വെല്ലുവിളിയെ കൃത്യമായി നേരിടാന്‍ കഴിഞ്ഞാല്‍ തന്നെ വിശ്വസിക്കുന്ന എല്ലാവരും ഹാപ്പിയാവുമെന്ന് അദ്ദേഹം പറയുന്നു. മോഹന്‍ലാലും മമ്മൂട്ടിയും വേഷമിടുന്ന ചിത്രം വലിയ ഓഡിയന്‍സിനെ പ്രതീക്ഷിക്കുന്ന ബിഗ്ബജറ്റ് കൊമേഷ്യല്‍ സിനിമയാണെന്നും എങ്കിലും അതില്‍ തന്റെയൊരു ഐഡന്റിറ്റി കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടെന്നും മഹേഷ് നാരയണന് കൂട്ടിച്ചേര്‍ത്തു.

താന്‍ ചെയ്യുന്ന സിനിമകളെല്ലാം സ്പര്‍ശിച്ച ഒരു സംഭവമോ കഥയോ അനുഭവമോ ആയി ബന്ധപ്പെട്ടവയാണെന്നും കാതലുള്ള സിനിമകള്‍ ഉണ്ടാക്കണം എന്ന ആഗ്രഹത്തില്‍ നിന്നാണ് അത് സംഭവിക്കുന്നതെന്നും അദ്ദേഹം പറയുന്നു. സിനിമകള്‍ തമ്മില്‍ സാമ്യം തോന്നരുതെന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്നും മഹേഷ് നാരായണന് കൂട്ടിച്ചേര്‍ത്തു.

വന്‍ ബജറ്റില്‍ നാല് രാജ്യങ്ങളിലായി 150 ദിവസത്തിലേറെ നീണ്ടുനിന്ന ഷൂട്ടായിരുന്നു പേട്രിയറ്റിന്റേത്. സ്‌പൈ ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥനായ ഡാനിയല്‍ ജെയിംസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കേണല്‍ റഹീം നായിക് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്.

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ.ജി അനില്‍ കുമാര്‍ എന്നിവര്‍ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. മെയ് 1ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Mahesh narayanan  says The Patriot’s script is more important than its big stars and big budget 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more