| Sunday, 10th August 2025, 9:44 am

ചുരുക്കം പേരടങ്ങിയ ജൂറിയാണ് നാഷണല്‍ അവാര്‍ഡ് നിശ്ചയിക്കുന്നത്, അവരുടെ കാഴ്ചപ്പാട് അവാര്‍ഡില്‍ പ്രതിഫലിക്കും: മഹേഷ് നാരായണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച എഴുപത്തിയൊന്നാപത് ദേശീയ ചലച്ചിത്ര പുരസ്‌കാരം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആടുജീവിതത്തിനെ ഒരു അവാര്‍ഡിനും പരിഗണിക്കാത്തതും കേരളത്തിനെതിരെയുള്ള പ്രോപഗണ്ട സിനിമയായ ദി കേരള സ്റ്റോറിക്ക് മികച്ച സംവിധായകനും ഛായാഗ്രാഹകനുമുള്‍പ്പെടെ നല്‍കിയതിലൂടെയും പ്രഖ്യാപനം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

ഇപ്പോള്‍ ദേശീയ അവാര്‍ഡിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണന്‍. തന്റെ ചിത്രങ്ങളായ ടേക്ക് ഓഫും മാലിക്കുമെല്ലാം ഏതെങ്കിലും രീതിയില്‍ ദേശീയ പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ട ചിത്രങ്ങളാണെന്നും എന്നാല്‍ വിദേശ ചലച്ചിത്ര മേളകളില്‍ അടക്കം അംഗീകാരം നേടിയ ‘അറിയിപ്പ്‘ ഇവിടെ ദേശീയ പുരസ്‌കാരത്തിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായെന്നും മഹേഷ് നാരായണന്‍ പറയുന്നു. അതിന്റെ മാനദണ്ഡം എന്താണെന്ന് ചോദിച്ചാല്‍ തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘വളരെ ചുരുക്കം പേരടങ്ങിയ ജൂറി പാനല്‍ ആണല്ലോ അവാര്‍ഡ് നിശ്ചയിക്കുന്നത്. അവരുടെ കാഴ്ചപ്പാടും സിനിമ അവരില്‍ ഉണ്ടാക്കുന്ന ഇംപാക്ടുമെല്ലാം അവാര്‍ഡ് നിര്‍ണയത്തില്‍ പ്രതിഫലിക്കും,’ മഹേഷ് നാരായണന്‍ പറഞ്ഞു.

മികച്ച സിനിമകള്‍ പോലും തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടുന്നില്ലെന്നും പലപ്പോഴും ഒ.ടി.ടിയിലാണ് സിനിമ സ്വീകരിക്കപ്പെടുന്നത് എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. സിനിമയുടെ കഥയും കഥ പറയുന്ന രീതിയും നല്ലതാണെങ്കില്‍ ആളുകള്‍ തിയേറ്ററില്‍ എത്തുമെന്നാണ് താന്‍ കരുതുന്നതെന്നും ഇവിടെ സൂപ്പര്‍ താരം വേണമെന്നോ ബിഗ് ബജറ്റ് ആയിരിക്കണമെന്നോ നിര്‍ബന്ധമില്ലെന്നും മഹേഷ് പറഞ്ഞു.

‘മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ന് സിനിമകളുടെ എണ്ണം വളരെ കൂടി. 2005ല്‍ ഞാന്‍ എഡിറ്റിങ് തുടങ്ങുന്ന കാലത്ത്, 100ല്‍ താഴെ ചിത്രങ്ങള്‍ മാത്രമാണ് തിയേറ്ററില്‍ ഒരു വര്‍ഷം ഇറങ്ങിയിരുന്നത്. എന്നാല്‍ ഇന്ന് 200ല്‍ അധികം ചിത്രങ്ങള്‍ വര്‍ഷാവര്‍ഷം തിയേറ്ററില്‍ എത്തുന്നു. സിനിമയുടെ എണ്ണം കൂടുന്നതനുസരിച്ച് തിയേറ്ററുകള്‍ വര്‍ധിക്കുന്നുണ്ടോ എന്ന് സംശയമാണ്.

പലപ്പോഴും മികച്ച ചിത്രങ്ങള്‍ക്ക് പോലും പെട്ടെന്ന് തിയേറ്റര്‍ വിടേണ്ടിവരുന്നത് ഇതുകൊണ്ടാണ്. അവിടെ ഒ.ടി.ടി മാത്രമാണ് പിന്നീടുള്ള ആശ്രയം. അതുകൊണ്ടുതന്നെ പ്രേക്ഷകനെ തിയേറ്ററില്‍ എത്തിക്കാനുള്ള എന്തെങ്കിലുമൊരു ഘടകം ഞാന്‍ ചെയ്യുന്ന എല്ലാ ചിത്രങ്ങളിലും കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്,’ മഹേഷ് നാരായണന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Mahesh Narayanan says The National Award is decided by a small jury, and their perspective will be reflected in the award

We use cookies to give you the best possible experience. Learn more