| Tuesday, 14th April 2026, 9:57 pm

ഞാന്‍ ആദ്യം ചെയ്യാനിരുന്ന സിനിമ മാലിക്ക്, രാജേഷ് പിള്ളയാണ് 'മിലി' എന്ന സിനിമ എഴുതിച്ചത്: മഹേഷ് നാരായണന്‍

ഐറിന്‍ മരിയ ആന്റണി

താന്‍ ആദ്യം സംവിധാനം ചെയ്യാനിരുന്നത് മാലിക് എന്ന സിനിമയാണെന്നും ട്രാഫിക്കിന്റെ സംവിധായകന്‍ രാജേഷ് പിള്ളയാണ് തന്നെ കൊണ്ട് മിലി എഴുതിച്ചതെന്നും സംവിധായകന്‍ മഹേഷ് നാരായണന്‍. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അഭിനയത്തോട് താത്പര്യമില്ല. എഡിറ്ററായി വന്നയാളാണ് ഞാന്‍. ഫിലിം സ്‌കൂളില്‍ എഡിറ്റിങ്ങാണ് പഠിച്ചത്. വിശ്വരൂപം, ബ്യൂട്ടിഫുള്‍, എന്നു നിന്റെ മൊയ്തീന്‍, ട്രാഫിക്ക് എന്നീ ചിത്രങ്ങള്‍ ചെയ്തു. ഒരു സിനിമ എഡിറ്റ് ചെയ്ത് കഴിഞ്ഞാണ് സിനിമ സംവിധാനം ചെയ്താലോ എന്ന് തോന്നുന്നത്. ട്രാഫിക്കിന്റെ സംവിധായകന്‍ രാജേഷ് പിള്ളയാണ് ‘മിലി’ എന്ന സിനിമ എഴുതിച്ചത്.

ശരിക്കും ഞാന്‍ ആദ്യം എഴുതിയ, സംവിധാനം ചെയ്യാനാഗ്രഹിച്ച ചിത്രം ‘മാലിക്ക്’ ആയിരുന്നു. അത് ആ സമയത്ത് നടന്നില്ല. ഒഴുക്കിനൊപ്പം പോകുന്നയാളാണ് ഞാന്‍. പിന്നീട് ‘മലയന്‍ കുഞ്ഞ്’ എന്ന സിനിമയുടെ സ്‌ക്രിപ്റ്റും ക്യാമറയും ഞാന്‍ ചെയ്തു. ഇനി വരുന്ന കാലം ഇന്‍ഡിപെന്‍ഡന്റ് ആര്‍ട്ടിസ്റ്റുകളുടേതാണ്. അങ്ങനെ മാറണം. ഒരാള്‍ക്ക് എല്ലാം ചെയ്യാന്‍ പറ്റണം. അതിനുവേണ്ടിയാണ് എല്ലാം ചെയ്യാന്‍ ശ്രമിക്കുന്നത്,’ മഹേഷ് നാരായണന്‍ പറയുന്നു.

പരീക്ഷണങ്ങള്‍ നടത്താന്‍ സുഹൃത്തുക്കള്‍ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും തന്നെ സ്പര്‍ശിച്ച ഒരു സംഭവമോ കഥയോ അനുഭവമോ ആയി ബന്ധപ്പെട്ടാണ് താന്‍ എപ്പോഴും സിനിമകള്‍ ചെയ്യാറുള്ളതെന്നും മഹേഷ് നാരായണന് പറയുന്നു. കാതലുള്ള സിനിമകള്‍ ഉണ്ടാക്കണം എന്ന ആഗ്രഹത്തില്‍ നിന്നാണത് സിനിമ സംഭവിക്കുന്നതെന്നും സിനിമകള്‍ തമ്മില്‍ സാമ്യം തോന്നരുതെന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഡിറ്ററായി കരിയര്‍ ആരംഭിച്ച് സംവിധായകന്‍ എന്ന രീതിയിലും ഇന്ന് മലയാള സിനിമയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വ്യക്തിയാണ് മഹേഷ് നാരായണന്‍. രാത്രി മഴ എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങി അദ്ദേഹം ട്രാഫിക് മുതല്‍ നിരവധി സിനിമകളില്‍ എഡിറ്ററായി പ്രവര്‍ത്തിച്ചു. ടേക്ക് ഓഫ് എന്ന സിനിമയിലൂടെയാണ് മഹേഷ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സി.യൂ സൂണ്‍, മാലിക്, അറിയിപ്പ് ഉള്‍പ്പടെ മികച്ച സിനിമകള്‍ സംവിധാനം ചെയ്തു.

പേട്രിയറ്റാണ് മഹേഷ് നാരായണന്റേതായി വരാനിരിക്കുന്ന ചിത്രം. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും നീണ്ട 19വര്‍ഷങ്ങള്‍ക്ക് ഒന്നിക്കുന്നുവെന്നത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. സിനിമയില്‍ ഇവര്‍ക്ക് പുറമെ നയന്‍താര, രേവതി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിനിമ മെയ്1ന് തിയേറ്ററുകളിലെത്തും.

Content Highlight: Mahesh Narayanan says the first film he was going to do was Malik

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more