| Wednesday, 8th April 2026, 3:49 pm

നടന്ന സംഭവങ്ങള വളച്ചൊടിക്കാതെ ചെയ്യാന്‍ ശ്രമിക്കാറുണ്ട്; രാഷ്ട്രീയം സിനിമയില്‍ അഡ്രസ് ചെയ്യാതെ പറ്റില്ല: മഹേഷ് നാരായണന്‍

ഐറിന്‍ മരിയ ആന്റണി

നടന്ന സംഭവങ്ങളെ വളച്ചൊടിക്കാതെ ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നും എന്നാല്‍ താനൊരു ഡോക്യുമെന്ററി സംവിധായകനല്ലെന്നും മഹേഷ് നാരായണന്‍. പേട്രിയറ്റിന്റെ റിലീസുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നടന്ന സംഭവങ്ങളെ വളച്ചൊടിക്കാതെ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഞാന്‍ ഫിക്ഷന്‍ സംവിധായകനാണ്. അതുകൊണ്ട് വിഷയങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളുമുണ്ട്. എങ്കിലും അവ സാധാരണക്കാരിലേക്ക് ഞാന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ എത്തിക്കാനുള്ള പരിശ്രമവും നടത്താറുണ്ട്.

സീ.യൂ.സൂണ്‍ ചെയ്യുമ്പോള്‍ അത് ആളുകള്‍ കാണുമോ, ചെറിയ സ്‌ക്രീനില്‍ ആ ടെക്സ്റ്റുകള്‍ വായിക്കുമോ എന്നൊക്കെ സംശയം തോന്നിയിരുന്നു. പക്ഷേ സിനിമയുടെ അഭിപ്രായം വന്നപ്പോള്‍ അത് ആളുകളിലേക്ക് എത്തുന്നുണ്ട് എന്ന് മനസിലായി. ഓരോ സിനിമ ചെയ്യുമ്പോഴും അത്തരം വിലയിരുത്തലുകള്‍ നടത്താറുണ്ട്,’മഹേഷ് നാരായണന് പറയുന്നു.

ഓരോ മനുഷ്യന്റെയും രാഷ്ട്രീയം അയാള്‍ ജീവിക്കുന്ന ചുറ്റുപാടുകള്‍ക്കനുസരിച്ചാണെന്നും അത് സിനിമയില്‍ അഡ്രസ് ചെയ്യാതെ പറ്റില്ലെന്നും അദ്ദേഹം പറയുന്നു. അത് ഏത് തരത്തില്‍, എത്രയളവില്‍ എന്നതാണ് പ്രധാനമെന്നും എന്നാല്‍ എല്ലാ സിനിമയിലും അങ്ങനെയൊന്ന് ചര്‍ച്ച ചെയ്യണമെന്ന് വാശിപിടി ക്കാനും പറ്റില്ലെന്നും മഹേഷ് നാരായണന് കൂട്ടിച്ചേര്‍ത്തു.

വാണിജ്യ സിനിമകള്‍ ചെയ്യുമ്പോള്‍ അത്തരം ഉത്തരവാദിത്തങ്ങളെ മാറ്റിവയ്‌ക്കേണ്ടി വരുമെന്നും എങ്കിലും രാഷ്ട്രീയം ചര്‍ച്ചചെയ്യുക എന്ന വെല്ലുവിളി താന്‍ ഏറ്റെടുക്കാറുണ്ട്, അതിന് മടിയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

എഡിറ്ററായി കരിയര്‍ ആരംഭിച്ച മഹേഷ് നാരായണന് മാലിക്, ടേക്ക് ഓഫ്, സീ യൂ സൂണ്‍ തുടങ്ങി ഒട്ടനവധി മികച്ച സിനിമകള്‍ സംവിധാനം ചെയ്തു. മലയാളത്തിന് മാറ്റത്തിന്റെ ഏടുകള്‍ തുറന്ന ചിത്രങ്ങളാണ് അവയെല്ലാമെന്ന് നിസംശയം പറയാം.

ഈ വര്‍ഷം റിലീസ് ചെയ്യുന്നതില്‍ ഏറ്റവും ഹൈപ്പുള്ള ചിത്രങ്ങളിലൊന്നാണ് മഹേഷ് നാരായണന്റെ വരാനിരിക്കുന്ന പേട്രിയറ്റ്. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും നീണ്ട 19വര്‍ഷങ്ങള്‍ക്ക് ഒന്നിക്കുന്നുവെന്നത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ഇവര്‍ക്ക് പുറമെ നയന്‍താര, രേവതി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിനിമ മെയ്1ന് തിയേറ്ററുകളിലെത്തും.

Content Highlight: Mahesh Narayanan says that he tries to portray the real  events without distorting them

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more