എഡിറ്ററായി കരിയര്‍ ആരംഭിച്ച് സംവിധായകന്‍ എന്നരീതിയിലും മലയാള സിനിമയില്‍ ശ്രദ്ധേയനായ വ്യക്തിയാണ് മഹേഷ് നാരായണന്. രാത്രി മഴ എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങി അദ്ദേഹം ട്രാഫിക് മുതല്‍ നിരവധി സിനിമകളില്‍ എഡിറ്ററായി പ്രവര്‍ത്തിച്ചു.
ടേക്ക് ഓഫ് എന്ന സിനിമയിലൂടെയാണ് മഹേഷ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സി.യൂ സൂണ്‍ ഉള്‍പ്പെടെ മികച്ച സിനിമകള്‍ സംവിധാനം ചെയ്തു. ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരയണന് സംവിധാനം ചെയ്ത മാലിക് 2021ലാണ് പുറത്തിറങ്ങിയത്. കൊവിഡ് സമയമായതിനാല്‍ തിയേറ്ററില്‍ റിലീസ് ചെയ്യാതെ പോയ സിനിമയായിരുന്നു മാലിക്.
ഇപ്പോഴിതാ, സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനുമായുള്ള അഭിമുഖത്തില്‍ മാലിക്കിനെ കുറിച്ച് മഹേഷ് നാരായണന് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
‘ഡിജിറ്റലിന് വേണ്ടി ഒരു സിനിമയേ ചെയ്തിട്ടുള്ളു, സീ യു സൂണ്‍. പക്ഷേ, മാലിക് ഒ.ടി.ടി റിലീസ് ചെയ്യേണ്ടി വന്നു. അത് തീയേറ്ററിലേക്ക് വേണ്ടി ചെയ്തതാണ്. കൊവിഡ് കാലമായിരുന്നു. രണ്ട് വര്‍ഷത്തോളം ആ സിനിമ പെട്ടിയിലിരുന്നു. കോവിഡ് കാലത്ത് കേരളത്തിലാണ് തീയേറ്ററുകള്‍ ആദ്യം അടച്ചതും ഏറ്റവും ഒടുവില്‍ തുറന്നതും. ആ സമയത്ത് നിര്‍മാതാക്കള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുണ്ട്.
അത്തരത്തില്‍ പ്രതിസന്ധി നേരിട്ട സിനിമയായിരുന്നു മാലിക്കും. ഞങ്ങളുടെ നിര്‍മാതാവിന് മുടക്കുമുതലെങ്കിലും കിട്ടണമെന്ന തോന്നലിലാണ് അത് ഒ.ടി.ടിയില്‍ റിലീസ് ചെയ്തത്. അതിന്റെ ഏറ്റവും സങ്കടം അനുഭവിച്ചത് ആ സിനിമയുടെ ശബ്ദമേഖലയില്‍ പ്രവര്‍ത്തിച്ചവരാണ്. സംഗീതം ചെയ്ത സുഷിന്‍, ശബ്ദമിശ്രണം ചെയ്ത വിഷ്ണു.
വിഷ്ണുവിന് ഈ സിനിമയില്‍ നാഷണല്‍ അവാര്‍ഡ് കിട്ടി. പക്ഷേ, അവാര്‍ഡ് കമ്മിറ്റി മാത്രമേ ഈ സിനിമ തീയേറ്ററില്‍ കണ്ടിട്ടുള്ളു. പിന്നീട് എപ്പോഴെങ്കിലും മാലിക്ക് തീയേറ്ററില്‍ റീലീസ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്,’ മഹേഷ് നാരായണന് പറയുന്നു.
മലയന്‍കുഞ്ഞിന്റെ തിരക്കഥ താനായിരുന്നുവെന്നും ആദ്യം ഒ.ടി.ടിയിലേക്ക് പ്ലാന്‍ ചെയ്ത ആ ചിത്രത്തിലേക്ക് സംഗീത സംവിധായകനായി എ.ആര്‍.റഹ്‌മാന്‍ വന്നപ്പോഴാണ് സിനിമയുടെ തീയേറ്റര്‍ സാധ്യതകള്‍ തങ്ങള്‍ ചിന്തിച്ചതെന്നും മഹേഷ് നാരായണന് പറഞ്ഞു. രണ്ട് പ്ലാറ്റ്‌ഫോമും ഒന്നിച്ച് പോകണം എന്നാണ് തനിക്കു തോന്നുന്നതെന്നും രണ്ടിലും രണ്ട് സ്വഭാവത്തിലുള്ള സിനിമകളാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Mahesh Narayanan says Malik movie had to be released on OTT