| Thursday, 9th April 2026, 8:33 am

ആദ്യ സിനിമയുടെ സമയത്ത് അനുഭവിച്ച സ്‌ട്രെയ്ന്‍ ഇപ്പോഴുമുണ്ട്; ഒരു നടനെയും മനസില്‍ കണ്ടല്ല എഴുതുന്നത്: മഹേഷ് നാരായണന്‍

ഐറിന്‍ മരിയ ആന്റണി

ഒരു നടനെ വെച്ച് സിനിമ ചെയ്യണം എന്ന് കരുതിയല്ല താന്‍ കഥ എഴുതുന്നതെന്നും ആദ്യത്തെ സിനിമയുടെ സമയത്ത് അനുഭവിച്ച സ്ട്രെയ്ന്‍ ഇപ്പോഴും താന്‍ അനുഭവിക്കുന്നുണ്ടെന്നും സംവിധായകന്‍ മഹേഷ് നാരായണന്‍. പേട്രിയറ്റിന്റെ റിലീസുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എഴുതി കഴിഞ്ഞ് കഥാപാത്രത്തിന് പറ്റുന്നയാളെ തീരുമാനിക്കുകയാണ് ചെയ്യുന്നത്. എണ്ണം കൂട്ടുന്നതിലും കാര്യമില്ല. പഴയതുപോലെയല്ല. ഓരോ സിനിമയും ഉണ്ടാക്കാന്‍ കഷ്ടപ്പാടുകള്‍ കൂടുതലാണ്. ആദ്യത്തെ സിനിമയുടെ സമയത്ത് അനുഭവിച്ച സ്‌ട്രെയിന്‍ അതേ അളവില്‍ ഇപ്പോഴും ഞാന്‍ അനുഭവിക്കുന്നുണ്ട്. അത് ഞാന്‍ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. ഒരു സമയത്ത് ഒരു സിനിമ മാത്രം ഫോക്കസ് ചെയ്യുന്നയാളാണ് ഞാന്‍.

ഒരു സിനിമയുടെ ഐഡിയ ഒറ്റ ദിവസം കൊണ്ട് ഉണ്ടാകുന്നതുമല്ല. പേട്രിയറ്റും അത്തരത്തിലൊന്നാണ്. ഒരുപാട് കാലം ഈ സിനിമയുടെ ആശയത്തിന് മുകളില്‍ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. എന്റെ എല്ലാ സിനിമകളും അങ്ങനെയാണ്. പേട്രിയേറ്റിന്റെ കഥ പറഞ്ഞപ്പോള്‍ ഫഹദാണ് മമ്മുക്കയോടൊക്കെ പറയാന്‍ നിര്‍ദേശിച്ചത്, മഹേഷ് നാരായണന് പറയുന്നു.

ഓരോ സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോഴും അതിലെ ആളുകളുമായി നല്ലൊരു ബന്ധം സൂക്ഷിക്കാന്‍ ശ്രമിക്കാറുണ്ടെന്നും നമ്മുടെ ഒരു ചിത്രം ചെയ്ത നിര്‍മാതാവ് അടുത്ത ചിത്രത്തിനും നമുക്കൊപ്പം നില്‍ക്കാന്‍ തയ്യാറാവുന്നത് വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സുഹൃത്ത് കൂടി ആയതിനാല്‍ ഫഹദിന് തന്റെ ആശയങ്ങള്‍ വേഗം മനസിലാകുമെന്നും അദ്ദേഹം പറയുന്നത് എനിക്കും വേഗം പിടികിട്ടുമെന്നും മഹേഷ് നാരായണന് കൂട്ടിച്ചേര്‍ത്തു.

എഡിറ്ററായി കരിയര്‍ ആരംഭിച്ച മഹേഷ് നാരായണന് മാലിക്, ടേക്ക് ഓഫ്, സീ യൂ സൂണ്‍ തുടങ്ങി നിരവധി മികച്ച സിനിമകള്‍ സംവിധാനം ചെയ്തു. മലയാളത്തിന് മാറ്റത്തിന്റെ ഏടുകള്‍ തുറന്ന ചിത്രങ്ങളാണ് അവയെല്ലാമെന്ന് നിസംശയം പറയാം.

അതേസമയം ഈ വഷം റിലീസ് ചെയ്യുന്നതില്‍ ഏറ്റവും ഹൈപ്പുള്ള ചിത്രങ്ങളിലൊന്നാണ് മഹേഷ് നാരായണന്റെ വരാനിരിക്കുന്ന പേട്രിയറ്റ്. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും നീണ്ട 19വര്‍ഷങ്ങള്‍ക്ക് ഒന്നിക്കുന്നുവെന്നത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ഇവര്‍ക്ക് പുറമെ നയന്‍താര, രേവതി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങി വന്‍താരനിര തന്നെയുണ്ട്.

അനൗണ്‍സ്‌മെന്റ് മുതല്‍ വന്‍ ഹൈപ്പുണ്ടായിരുന്ന ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്റേതായി വന്ന ട്രെയ്‌ലര്‍ ശ്രദ്ധിക്കപ്പെടുകയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകളില്‍ നിറയുകയും ചെയ്തു. സ്‌പൈ ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രം മെയ് 1ന് തിയേറ്ററുകളിലെത്തും.

Content Highlight: Mahesh Narayanan says he still feels the strain he felt during the first film 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more