| Saturday, 4th April 2026, 10:33 pm

ഫഹദാണ് പേട്രിയറ്റ് ചെയ്യാന്‍ പ്രചോദനമായത്; അവരെ മനസില്‍ കണ്ട് പ്ലാന്‍ ചെയ്തതല്ല: മഹേഷ് നാരായണന്‍

ഐറിന്‍ മരിയ ആന്റണി

മഹേഷ് നാരായണന്റെ സംവിധാനത്തില്‍ മെയ് 1ന് തിയേറ്ററുകളിലെത്തുന്ന പേട്രിയറ്റ് ഇപ്പോള്‍ വെള്ളിത്തിരയില്‍ ചര്‍ച്ചാ വിഷയമാണ്. നീണ്ട 19 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന്റെ ബിഗ് എമ്മസുകള്‍ ഒന്നിക്കുന്ന സിനിമയ്ക്ക് അനൗണ്‍സ്‌മെന്റ് മുതലേ വലിയ ഹൈപ്പുണ്ട്.

ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി തുടങ്ങി വന്‍താരനിര അണിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കുറച്ച് മുമ്പാണ് പുറത്തിറങ്ങിയത്. അറിയിപ്പ് എന്ന സിനിമക്ക് ശേഷം മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പേട്രിയേറ്റ്. മഹേഷ് നാരായണന്റേതായി മുമ്പ് വന്ന മാലിക്, ടേക്ക് ഓഫ്, സി.യൂ സൂണ്‍ എന്നീ സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനുമായുള്ള അഭിമുഖത്തില്‍ തന്റെ ചിത്രങ്ങളില്‍ ഏറെയും ഫഹദ് ഫാസിലാണല്ലോ നായകന് എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് അദ്ദേഹം.

‘സുഹൃത്ത് കൂടി ആയതിനാല്‍ ഫഹദിന് എന്റെ ആശയങ്ങള്‍ വേഗം മനസിലാവും. അദ്ദേഹം പറയുന്നത് എനിക്കും വേഗം പിടികിട്ടും. എന്റെ മനസിലുള്ള കഥകളെല്ലാം തന്നെ അദ്ദേഹത്തിന് അറിയാം. ആ ഒരു കണക്ഷന്‍ ഞങ്ങള്‍ തമ്മിലുണ്ട്.

പരീക്ഷണങ്ങള്‍ നടത്താന്‍ സുഹൃത്തുക്കള്‍ നമ്മളെ പ്രോത്സാഹിപ്പിക്കും. സീ യൂ സൂണ്‍ ചെയ്യാന്‍ ഫഹദ്, അറിയിപ്പിന്റെ സമയത്ത് ചാക്കോച്ചന്‍… നിങ്ങള്‍ ഇങ്ങനെയൊരു കഥ ആലോചിക്ക് എന്നൊക്കെ പറഞ്ഞ് പിന്നില്‍ നിന്ന് പ്രോത്സാഹിപ്പിക്കാന്‍ സുഹത്തുക്കളുള്ളത് ഒരുപാട് ഗുണം ചെയ്യാറുണ്ട്. പ്രേട്രിയറ്റിന്റെ പിന്നിലും അത്തരമൊരു പ്രോത്സാഹനമുണ്ട്.

ഫഹദാണ് ഈ സിനിമ ചെയ്യാന്‍ പ്രചോദനമെന്നും മോഹന്‍ലാലിനെയോ മമ്മൂട്ടിയെയോ മനസില്‍ കണ്ടല്ല സിനിമ പ്ലാന്‍ ചെയ്തതെന്നും മഹേഷ് നാരായണന് പറയുന്നു. എന്നാല്‍ കഥയറിഞ്ഞപ്പോള്‍ ഫഹദാണ് മമ്മൂട്ടിയോട് നിര്‍േദശിച്ചതെന്നും ഓരോ സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോഴും അതിലെ ആളുകളുമായി നല്ലൊരു ബന്ധം സൂക്ഷിക്കാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ചിത്രം ചെയ്ത നിര്‍മാതാവ് അടുത്ത ചിത്രത്തിനും നമുക്കൊപ്പം നില്‍ക്കാന്‍ തയ്യാറാവുന്നത് വലിയ കാര്യമാണെന്നും മഹേഷ് നാരായണന് പറഞ്ഞു.

നാല് വ്യത്യസ്ത രാജ്യങ്ങളിലായി 150 ദിവസത്തിലേറെ നീണ്ടുനിന്ന ഷൂട്ടിങ്ങായിരുന്നു പേട്രിയറ്റിന്റെത്. സ്പൈ ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തില്‍ ഡാനിയല്‍ ജെയിംസ് എന്ന ഡിഫന്‍സ് ഉദ്യോഗസ്ഥനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കേണല്‍ റഹീം നായിക്കെന്ന കഥാപാത്രമായി മോഹന്‍ലാലും വേഷമിടുന്നുണ്ട്.

Content  Highlight:  Mahesh Narayanan on Fahadh Faasil and the movie Patriot

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more