മിമിക്രിയിലൂടെ ഞെട്ടിച്ചവരില്‍ പ്രധാനിയാണ് മഹേഷ് കുഞ്ഞുമോന്‍. ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ മലയാളികളെ ഒരുപാട് രസിപ്പിച്ച മഹേഷ് അനുകരണകലയിലൂടെ പലപ്പോഴും എല്ലാവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സ്വന്തം ചാനലിലൂടെ ഇടക്ക് ഓരോ ഗംഭീര മിമിക്രിവീഡിയോ പങ്കുവെക്കുന്ന മഹേഷിന്റെ ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ച.
ടെലിവിഷന്‍ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ പുതിയ സീസണിലെ മത്സരാര്‍ത്ഥികളെയാണ് മഹേഷ് ഇത്തവണ അനുകരിച്ചത്. അനീഷിന്റെ ശബ്ദം അനുകരിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ബിഗ് ബോസ് ഹൗസിലെ പിണക്കങ്ങളും തര്‍ക്കങ്ങളുമെല്ലാം കൃത്യമായി മഹേഷ് അനുകരിച്ചിട്ടുണ്ട്. അക്ബര്‍, ഷാനവാസ്, ആര്യന്‍, സാബു, എന്നിങ്ങനെ പലരുടെയും ശബ്ദം പെര്‍ഫക്ടായി അവതരിപ്പിക്കാന്‍ മഹേഷിന് സാധിച്ചു.
ഷോയുടെ അവതാരകനായ മോഹന്‍ലാലിനെയും മഹേഷ് അനുകരിക്കുന്നുണ്ട്. സെക്കന്‍ഡുകള്‍ കൊണ്ട് ശബ്ദം മാറ്റി സംസാരിച്ച് ഞെട്ടിക്കുന്ന മഹേഷിനെ അഭിനന്ദിച്ചുകൊണ്ടാണ് പല കമന്റുകളും. ‘മലയാളത്തിന്റെ സ്വന്തം എ.ഐയായി ഇങ്ങേരെ പ്രഖ്യാപിക്കണം’, ‘ലെ എ.ഐ- അപ്പൊ നാന്‍ പൊട്ടനാ’, ‘അനീഷിന്റെ മൈക്ക് കേടായാല്‍ ഇയാളെ വെച്ച് ഡബ്ബ് ചെയ്യിക്കാം’ എന്നിങ്ങനെ ധാരാളം കമന്റുകളുണ്ട്.
മോഹന്‍ലാലിന്റെ ശബ്ദം 101 ശതമാനം പെര്‍ഫക്ടാണെന്നും ഷാനവാസിന്റേത് കുറച്ചുകൂടി നന്നാക്കാമായിരുന്നെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇനിയും ഇത്തരം ഗംഭീര കണ്ടന്റുകള്‍ പ്രതീക്ഷിക്കുന്നെന്നും കമന്റുകളുണ്ട്. ഇതിനോടകം 33000ലധികം ലൈക്കുകളും ഒരു മില്യണിലധികം വ്യൂസും ഈ വീഡിയോ സ്വന്തമാക്കിക്കഴിഞ്ഞു.
100 പേരുടെ ശബ്ദം അഞ്ച് മിനിറ്റില്‍ അനുകരിച്ചുകൊണ്ടാണ് മഹേഷ് ആദ്യമായി ശ്രദ്ധ നേടുന്നത്. പിന്നീട് പിണറായി വിജയന്‍, നരേന്ദ്ര മോദി, വിനായകന്‍ എന്നിങ്ങനെ ആരംഭിച്ച് ലയണല്‍ മെസ്സിയുടെ ശബ്ദം വരെ മഹേഷ് അനുകരിച്ചിട്ടുണ്ട്. ഡബ്ബിങ് ആര്‍ട്ടിസ്റ്റായും മഹേഷ് തിളങ്ങിയിട്ടുണ്ട്. വിക്രം, കൂലി എന്നീ ചിത്രങ്ങളുടെ മലയാളം പതിപ്പില്‍ പല ആര്‍ട്ടിസ്റ്റുകള്‍ക്കും ശബ്ദം നല്കിയത് മഹേഷായിരുന്നു.
ഇടക്ക് വാഹനാപകടത്തില്‍ പെട്ട് ദീര്‍ഘകാലം ചികിത്സയിലായിരുന്നു. തിരിച്ചുവരവില്‍ പഴയതിനെക്കാള്‍ ശക്തമായിട്ടാണ് മഹേഷ് ഓരോ വീഡിയോയിലും പ്രത്യക്ഷപ്പെട്ടത്. മിമിക്രി എന്നത് വെറും തമാശ മാത്രമല്ലെന്നും അതിലൂടെ ആളുകളെ ഞെട്ടിക്കാനാകുമെന്നും തെളിയിച്ചവരില്‍ ഒരാള്‍ കൂടിയാണ് മഹേഷ് കുഞ്ഞുമോന്‍.
Content Highlight: Mahesh Kunjumon’s new video about Big Boss viral