ശ്രീലങ്കക്കെതിരെയുള്ള ടി-20 പരമ്പരയില്‍ ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയിരുന്നു. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തില്‍ എട്ട് വിക്കറ്റിന് വിജയം നേടിയാണ് മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ബംഗ്ലാദേശ് 2-1ന് വിജയം സ്വന്തമാക്കിയത്. ടി-20 ചരിത്രത്തില്‍ ആദ്യമായാണ് ബംഗ്ലാദേശ് ശ്രീലങ്കക്കെതിരെ ഒരു പരമ്പര സ്വന്തമാക്കുന്നത്.
മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് ടീമിന് നേടാന്‍ സാധിച്ചത്. മറുപടിക്ക് ഇറങ്ങിയ ബംഗ്ലാദേശ് 16.3 ഓവറില്‍ 133 റണ്‍സ് നേടി അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു.
മെഹദി ഹസന്റെ തകര്‍പ്പന്‍ ബൗളിങ് കരുത്തിലാണ് ബംഗ്ലാദേശ് ശ്രീലങ്കയെ തകര്‍ത്തത്. നാല് ഓവറില്‍ നിന്ന് ഒരു മെയ്ഡന്‍ ഉള്‍പ്പെടെ നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 2.75 എന്ന് എക്കോണമിയിലായിരുന്നു താരത്തിന്റെ ബൗളിങ്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും സാധിച്ചിരിക്കുകയാണ്. ഫോര്‍മാറ്റില്‍ മെഹദി ഹസന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണിത്.
ഏകദിനത്തില്‍ 11 മത്സരങ്ങളില്‍ നിന്ന് 4/71 എന്ന ബൗളിങ് പ്രകടനമാണ് താരത്തിനുള്ളത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 8/10 എന്ന സ്‌കോറാണ് താരത്തിന്റെ മികച്ച ബൗളിങ് പ്രകടനം. മത്സരത്തില്‍ ഹസന് പുറമേ ഷോരീഫുള്‍ ഇസ്‌ലാം, മുസ്തഫിസൂര്‍ റഹ്‌മാന്‍, ഷമീം ഹുസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
വമ്പന്‍ തിരിച്ചടി നേരിട്ടായിരുന്നു ബംഗ്ലാദേശ് തുടങ്ങിയത്. ഓപ്പണര്‍ പാര്‍വസ് ഹൊസൈന്‍ ഇമോന്‍ ആദ്യത്തെ പന്തില്‍ തന്നെ പൂജ്യം റണ്‍സിന് പുറത്തായി. ശേഷം ബംഗ്ലാദേശിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ തന്‍സീദ് ഹസനായിരുന്നു.
47 പന്തില്‍ നിന്ന് ആറ് സിക്സും ഒരു ഫോറും ഉള്‍പ്പെടെ 73 റണ്‍സ് ആണ് താരം അടിച്ചുകൂട്ടിയത്. 155.32 എന്ന സ്ട്രൈക്ക് റേറ്റും താരത്തിന് ഉണ്ടായിരുന്നു. തൗഹീദ് ഹൃദ്യോയ് 27 റണ്‍സ് നേടി താരത്തിനൊപ്പം നിന്ന് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി. ബംഗ്ലാദേശ് ക്യാപ്റ്റന്‍ ദാസ് 32 റണ്‍സ് നേടിയാണ് പുറത്തായത്.
ശ്രീലങ്കയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് ഓപ്പണര്‍ പാത്തും നിസംഗയാണ്. 39 പന്തില്‍ നിന്ന് 46 റണ്‍സ് ആണ് താരം നേടിയത്. ടീമിന്റെ ടോപ്പ് ഓര്‍ഡര്‍ തകര്‍ച്ചയ്ക്ക് ശേഷം കാമിന്ദു മെന്‍ഡിസ് 21 റണ്‍സും ദാസുന്‍ ഷനഗ 35 റണ്‍സും നേടിയിരുന്നു. മറ്റാര്‍ക്കും തന്നെ മികച്ച പ്രകടനം നടത്താനോ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താനോ സാധിച്ചില്ല.
Content Highlight: Mahedi Hasan Achieve Great Record In His T-20 International