| Tuesday, 20th January 2026, 7:52 am

മുബൈയില്‍ മഹായുതി മേയര്‍; പുതിയ രാഷ്ട്രീയ സമവാക്യങ്ങളില്ല: ബി.ജെ.പി ശിവസേന തര്‍ക്കത്തിനിടെ ഷിന്‍ഡെ

നിഷാന. വി.വി

മുംബൈ: മുംബൈയില്‍ മഹായുതി മേയര്‍ ഉണ്ടാവുമെന്നും പുതിയ രാഷ്ട്രീയ സമവാക്യങ്ങളില്ലെന്നും വ്യക്തമാക്കി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ.

തെരഞ്ഞടുപ്പ് ഫല പ്രഖ്യാപന ശേഷമുള്ള പുതിയ രാഷ്ട്രീയ സമവാക്യങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തള്ളികൊണ്ടുള്ളതായിരുന്നു ഷിന്‍ഡെയുടെ പ്രസ്താവന.

രണ്ടരവര്‍ഷം മേയര്‍ സ്ഥാനമോ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനമോ വേണമെന്നുള്ള ഷിന്‍ഡെയുടെ നിലപാടില്‍ ബി.ജെ.പി-ശിവസേന തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പാരമര്‍ശം.

ശിവസേനയും (ഷിന്‍ഡെ വിഭാഗം) ബി.ജെ.പി സഖ്യവും ഒന്നിച്ച് മത്സരിച്ച എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും മഹായുതി സഖ്യത്തിന്റെ മേയര്‍മാരെ നിയമിക്കുമെന്നും  ഷിന്‍ഡെ പറഞ്ഞു.

‘മുംബൈ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ശിവസേനയും ബി.ജെ.പിയും സഖ്യമായാണ് മത്സരിച്ചത്. അതിനാല്‍ മഹായുതി സ്ഥാനാര്‍ത്ഥി മേയറാകും. താനെ, കല്ല്യാണ്‍-ഡോംബിവ്‌ലി, ഉല്ലാസ്‌നഗര്‍ തുടങ്ങി സംഖ്യം സംയുക്തമായി മത്സരിച്ച മറ്റ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലും ഇതേ തീരുമാനം പിന്തുടരും,’ ഷിന്‍ഡെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ജനങ്ങളുടെ വിധിന്യായത്തിന് വിരുദ്ധമായ ഒരു തീരുമാനവും ശിവസേന എടുക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുംബൈയിലോ മഹാരാഷ്ട്രയിലോ മറ്റെവിടെയെങ്കിലുമോ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളില്‍ സത്യമില്ലെന്നും ഷിന്‍ഡെ പറഞ്ഞു.

ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ശിവസേന സഖ്യം നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ചതിന് പിന്നാലെ ശിവസേനയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 29 സ്ഥാനര്‍ത്ഥികളെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. അതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് ഷിന്‍ഡെയുടെ പ്രസ്താവന.

കുതിര കച്ചവടവും കൂറുമാറ്റവും ഉണ്ടാവുമെന്ന ഭയത്താലാണ് ഷിന്‍ഡെയുടെ ഹോട്ടല്‍ തന്ത്രമെന്നാണ് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍.

രാജ്യത്തെ ഏറ്റവും സമ്പന്നമായ പൗരസമിതിയുടെ പ്രവര്‍ത്തനങ്ങളെകുറിച്ച് സ്ഥാനാര്‍ത്ഥികളെ ബോധവാന്മാരാക്കുന്നതിനായുള്ള ഓറിയന്റേഷന്‍ വര്‍ക്ക് ഷോപ്പിനായാണ് ഹോട്ടലിലേക്ക് മാറ്റിയതെന്നാണ് ശിവസേനയുടെ വാദം.

എന്നാല്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുളള ശിവസേന 65 സീറ്റുകള്‍ നേടി ബി.ജെ.പിക്ക് ശേഷം രണ്ടാമത്തെ വലിയ പാര്‍ട്ടിയായി. ഇതിന് പിന്നാലെയായിരുന്നു ഹോട്ടല്‍ മാറ്റം.

227 സീറ്റുകളുള്ള ബി.എം.സിയില്‍ 89 സീറ്റ് ബി.ജ.പിയും 29 സീറ്റ് ശിവസേനയും (ഷിന്‍ഡെ) നേടി. മഹായുതി സഖ്യത്തിന് നേരിയ ഭൂരിപക്ഷം ലഭിച്ചു.

2017ലായിരുന്നു ബി.എം.സിയില്‍ അവസാന തെരഞ്ഞെടുപ്പ് നടന്നത്.

Content Highlight: Mahayuti Mayor in Mumbai; No new political equations: Shinde during BJP-Shiv Sena dispute

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more