ന്യൂദല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് നീക്കം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെയുള്ള പാര്‍ലമെന്റിലെ പ്രതിപക്ഷ പ്രതിഷേധത്തിന് നേതൃത്വം നല്‍കി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
ലോക്സഭാ പെരുമാറ്റച്ചട്ടത്തിലെ ചട്ടം 72(1) പ്രകാരം പ്രിയങ്ക ഗാന്ധി ബില്ലിനെ എതിര്‍ത്ത് സംസാരിച്ചു. ‘ഗ്രാമീണ ഇന്ത്യയ്ക്ക് ഉപജീവനമാര്‍ഗ്ഗം നല്‍കുന്നതിലും ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും 20 വര്‍ഷമായി എം.ജി.എന്‍.ആര്‍.ഇ.ജി.എ വിജയിച്ചു.
അതുകൊണ്ട് തന്നെ പുതിയ ബില്ലില്‍ എന്റെ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുന്നു,’ പ്രിയങ്ക പറഞ്ഞു.
കേന്ദ്രം തിടുക്കത്തില്‍ ബില്‍ പാസാക്കരുതെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. എല്ലാ പദ്ധതികളുടെയും പേര് മാറ്റുകയെന്ന ഭ്രാന്താണ് കേന്ദ്രത്തിന്. പേര് മാറ്റുന്ന പ്രവര്‍ത്തിയിലൂടെ അനാവശ്യ ചെലവ് വരുത്തിവെയ്ക്കുകയാണ് കേന്ദ്രമെന്നും അവര്‍ വിമര്‍ശിച്ചു.
എം.ജി.എന്‍.ആര്‍.ഇ.ജി.എ ഗ്രാമസഭകളുടെ ഇടപെടലിന് അവസരം നല്‍കിയിരുന്നു. സാഹചര്യങ്ങള്‍ക്ക് അനുസരിച്ചും ആവശ്യങ്ങള്‍ക്കനുസരിച്ചുമായിരുന്നു മുമ്പത്തെ പദ്ധതിക്കുള്ള കേന്ദ്രത്തിന്റെ ധനസഹായം.
എന്നാല്‍ പുതിയ ബില്‍ പ്രകാരം, ഫണ്ട് വിഹിതം മുന്‍കൂട്ടി തീരുമാനിക്കാന്‍ കേന്ദ്രത്തിന് അനുവാദം നല്‍കുന്നു. തൊഴില്‍ അവകാശത്തെ ദുര്‍ബലപ്പെടുത്തുന്ന ഭരണഘടനാ വിരുദ്ധ നടപടിയാണ് കേന്ദ്രത്തിന്റെതെന്നും പ്രിയങ്ക വിശദീകരിച്ചു.
ചര്‍ച്ച ചെയ്യാതെയും ലോക്‌സഭയുടെ ഉപദേശം സ്വീകരിക്കാതെയും ബില്‍ തിടുക്കത്തില്‍ പാസാക്കരുത്. ഇപ്പോള്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്‍ പിന്‍വലിക്കണം. സര്‍ക്കാര്‍ പുതിയ ബില്‍ കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു.
‘മഹാത്മ ഗാന്ധി എന്റെ കുടുംബവുമായി നേരിട്ട് ബന്ധമുള്ളയാളോ എന്റെ ബന്ധുവോ അല്ല, പക്ഷെ അദ്ദേഹം എന്റെ കുടുംബാംഗമാണ്. രാജ്യത്തെ എല്ലാവരും അങ്ങനെയാണ് കാണുന്നത്,’ പ്രിയങ്ക പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി(എം.ജി.എന്‍.ആര്‍.ഇ.ജി.എ)യുടെ പേര് മാറ്റി വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍-ഗ്രാമീണ്‍ (വി.ബി.ജി.റാം.ജി) എന്നാക്കി മാറ്റുന്നതടക്കമുള്ള പൊളിച്ചടുക്കലുകള്‍ മുന്നോട്ട് വെയ്ക്കുന്നതാണ് കേന്ദ്രത്തിന്റെ ബില്‍. 2005ല്‍ നിലവില്‍ വന്ന തൊഴിലുറപ്പ് പദ്ധതിയെ റദ്ദാക്കിയാണ് വി.ബി.ജി.റാം.ജി നടപ്പാക്കുക.
ലോക്‌സഭയില്‍ ഇന്ന് (ചൊവ്വാഴ്ച)കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ജി റാം ജി ബില്‍ എന്ന് പേരിട്ടിരിക്കുന്ന വി.ബി.ജി.റാം.ജി പരിചയപ്പെടുത്തുന്ന ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയിരുന്നു.
Content Highlight: Mahatma Gandhi belongs to the country; Don’t pass the name change bill in a hurry: Priyanka Gandhi