| Wednesday, 19th August 2026, 11:33 pm

മഹാത്മാ ഗാന്ധിയുടെ കുടുംബം സി.ജെ.പിക്കൊപ്പം നിൽക്കുന്നു; അത് തങ്ങളുടെ രാജ്യസ്നേഹത്തിനുള്ള ഒരു സർട്ടിഫിക്കറ്റെന്ന് അഭിജീത് ദീപ്കെ

റെന്വര്‍ പി

ഛത്രപതി സംഭാജി നഗർ: മഹാത്മാഗാന്ധിയുടെ കുടുംബം തങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നത് തങ്ങളുടെ രാജ്യസ്നേഹത്തിനുള്ള ഒരു സർട്ടിഫിക്കറ്റാണെന്ന് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. അവർ തങ്ങളോടൊപ്പം നിൽക്കുന്നത് അഭിമാനകരമായ കാര്യമാണെന്നും ദീപ്കെ പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ മകന്റെ കൊച്ചുമകൻ തുഷാർ ഗാന്ധി തന്നെ വീട്ടിലെത്തി സന്ദർശിച്ചതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ദീപ്കെ.

‘പ്രക്ഷോഭത്തിനിടെ ഞങ്ങൾ ദേശവിരുദ്ധർ, അരാജകവാദികൾ, അക്രമാസക്തർ എന്നീ വിളികൾ കേട്ടിരുന്നു. എന്നാൽ തുഷാർ ഗാന്ധി ഇന്ന് ഞങ്ങളോടൊപ്പം നിൽക്കുന്നു. ഞങ്ങൾ സമാധാനപ്രിയരും അഹിംസാ വാദികളും, ദേശസ്‌നേഹികളുമാണ് എന്നതിന്റെ ഏറ്റവും വലിയ സർട്ടിഫിക്കറ്റാണിത്. ഞങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചവർക്ക് ഇന്ന് മറുപടി ലഭിച്ചിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’ ദീപ്കെ പറഞ്ഞു.

മഹാത്മാഗാന്ധിയെ കൊന്ന പ്രത്യയശാസ്ത്രം വർഷങ്ങളായി അദ്ദേഹത്തിന്റെ ചിന്തകളെ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഗാന്ധിജിയുടെ പ്രത്യയശാസ്ത്രമാണ് ഈ രാജ്യത്തിന്റെ ആത്മാവെന്നും ദീപ്കെ പറഞ്ഞു.

‘മഹാത്മാഗാന്ധിയുടെ പാതയിൽ ഞങ്ങൾ നടന്നതിനാലാണ് ഞങ്ങളുടെ പ്രക്ഷോഭം വിജയിച്ചത്. അദ്ദേഹത്തിന്റെ ചിന്തകൾക്ക് ഒരിക്കലും മരണമില്ലെന്ന് ഞങ്ങൾ തെളിയിച്ചിട്ടുണ്ട്. നേരത്തെ, ഞങ്ങളെ നേപ്പാളുമായും ബംഗ്ലാദേശുമായും താരതമ്യം ചെയ്തിരുന്നു. എന്നാൽ ലോകം ഗാന്ധിജിയിൽ നിന്ന് പഠിക്കുമ്പോൾ, മറ്റെവിടെയും നോക്കേണ്ടതില്ല,’ അദ്ദേഹം കൂട്ടിച്ചേർത്തു.

ഛത്രപതി സംഭാജി നഗറിലെ മഹാത്മാ ഗാന്ധി മിഷൻ സർവകലാശാല സന്ദർശിക്കാനായിരുന്നു തുഷാർ ഗാന്ധി ഇന്ന് (ഓഗസ്റ്റ് 19, ബുധൻ) നഗരത്തിലെത്തിയത്. സർവകലാശാല സന്ദർശനത്തിന് പിന്നാലെ അദ്ദേഹം അഭിജിത് ദീപ്കെയെ വീട്ടിലെത്തി സന്ദർശിക്കുകയായിരുന്നു.

ധർമേന്ദ്ര പ്രധാന്റെ രാജിയല്ല, 12 വർഷത്തിനിടെ ആദ്യമായി കേന്ദ്ര സർക്കാരിന് ഒരു വിഷയത്തിൽ മറുപടി പറയേണ്ടി വന്നു എന്നതാണ് സി.ജെ.പിയുടെ നേതൃത്വത്തിൽ രാജ്യക്ക് നടന്ന യുവജന പ്രക്ഷോഭത്തിന്റെ യഥാർത്ഥ വിജയമെന്ന് തുഷാർ ഗാന്ധി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദിമാഗി നക്സൽ പരാമർശം വിദ്വേഷ രാഷ്ട്രീയമാണെന്നും തുഷാർ ഗാന്ധി പറഞ്ഞു. ‘ ആ വാക്ക് ഉപയോഗിക്കുന്നത് അവർ ബുദ്ധിയുള്ള ആളുകളെ ഭയപ്പെടുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ്. ഇത് വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ മറ്റൊരു ഉദാഹരണമാണ്,’ അദ്ദേഹം പറഞ്ഞു.

‘ഇതുവരെ മഹാത്മാഗാന്ധി സ്മാരകങ്ങളിലും ചിഹ്നങ്ങളിലും മാത്രമായി ഒതുങ്ങിയിരുന്നു. സ്വച്ഛ് ഭാരത് അഭിയാന്റെ ലോഗോയിൽ കണ്ണടകളിലൂടെ ബാപ്പുവിന്റെ ഓർമിപ്പിക്കുന്നു. എന്നാൽ അകത്തുള്ള ശുദ്ധീകരണം അവിടെ കാണുന്നില്ലായിരുന്നു.

എന്നാൽ ജന്തർ മന്തർ പ്രക്ഷോഭം കാണിക്കുന്നത് ജനറേഷൻ സീ മഹാത്മാഗാന്ധിയുടെ പേരിനേക്കാളും പ്രതീകാത്മകതയേക്കാളും അദ്ദേഹത്തിന്റെ യഥാർത്ഥ മൂല്യങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നാണ്,’ തുഷാർ ഗാന്ധി പറഞ്ഞു.

അവകാശങ്ങൾക്കുവേണ്ടിയുള്ള എല്ലാ പോരാട്ടങ്ങളിലും താൻ പങ്കുചേരും. പക്ഷേ ഈ പോരാട്ടം ജെൻ സീയുടേതായതിനാൽ താൻ അവയിൽ പങ്കെടുക്കുന്നതിന് പകരം പിന്തുണക്കുകയായിരുന്നു ചെയ്തതെന്നും നീറ്റ് ചോദ്യച്ചോർച്ചക്കെതിരായ യുവജന പ്രക്ഷോഭത്തെക്കുറിച്ച് തുഷാർ ഗാന്ധി പറഞ്ഞു.

ജനറേഷൻ ആൽഫയും അവരുടെ അവകാശങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും അത് സി.ജെ.പിയുടെ പ്രക്ഷോഭത്തിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

‘സി.ജെ.പി ആരംഭിച്ച പ്രസ്ഥാനത്തിന് മഹാരാഷ്ട്രയിൽ നിന്ന് പിന്തുണ ലഭിക്കുന്നു. ഇവിടെ ജനറേഷൻ ആൽഫയും അവരുടെ പ്രശ്നങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നു. ആരെങ്കിലും ചോദ്യങ്ങൾ ഉന്നയിക്കുന്നു എന്നത് സി.ജെ.പിയുടെ ഏറ്റവും വലിയ വിജയമാണ്,’ തുഷാർ ഗാന്ധി പറഞ്ഞു.

‘ചോദ്യങ്ങളെ ഡയരക്ട് ആക്ഷനുകളാക്കി മാറ്റിയതിന് സി.ജെ.പിയെ ഞാൻ അഭിനന്ദിക്കുന്നു. നിങ്ങളുടെ ചോദ്യങ്ങൾക്ക് വേണ്ടി പോരാടണമെന്ന് അവർ ആളുകളോട് പറഞ്ഞു. അതിനാൽ, ജനറേഷണ ആൽഫ ഇപ്പോൾ ജില്ലാ കളക്ടറെ അവരുടെ സ്കൂളുകൾ സന്ദർശിക്കാൻ വിളിക്കുന്നു. ഈ മാറ്റം പ്രധാനമാണ്,’ തുഷാർ ഗാന്ധി കൂട്ടിച്ചേർത്തു.

Content Highlight: Mahatma family with us is a certificate of our patriotism: Dipke

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more