| Sunday, 23rd August 2026, 2:17 pm

സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ അഭിജീത് ദീപ്‌കെക്കെതിരെ എഫ്.ഐ.ആര്‍

റെന്വര്‍ പി

മുംബൈ: സ്‌കൂളില്‍ അതിക്രമിച്ചു കയറിയെന്നും സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്തിയെന്നും ആരോപിച്ചുള്ള പരാതിയില്‍ മഹാരാഷ്ട്ര പൊലീസ് സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, അതിക്രമിച്ച് കയറല്‍, ക്രിമിനല്‍ ഭീഷണി എന്നിവ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് ദീപ്‌കെയ്‌ക്കെതിരെ എഫ്.ഐ.ആര്‍ ചുമത്തിയതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

അനുമതിയില്ലാതെ സര്‍ക്കാര്‍ സ്‌കൂളില്‍ കടന്നു, അധ്യാപകരെ ഭീഷണിപ്പെടുത്തി, വിദ്യാഭ്യാസ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തി എന്നീ ആരോപണങ്ങളുന്നയിച്ച് ലത്തൂരിലെ ഓസയിലുള്ള ജില്ലാപരിഷത്ത് ഉര്‍ദു സ്‌കൂളിലെ അധ്യാപകനായ സഈദ് ഷംസുബ്ദാനോ ഖൈരാതാലി എന്നയാള്‍ ദീപ്‌കെയ്‌ക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ ശോച്യാവസ്ഥക്കെതിരെ സി.ജെ.പി പ്രഖ്യാപിച്ച സ്‌കൂള്‍ ടീക്ക് കരോ ക്യാമ്പയിനിന്റെ ഭാഗമായിട്ടായിരുന്നു അഭിജിത് ദീപ്‌കെ ലത്തൂര്‍ ജില്ലാ പരിഷത്ത് സ്‌കൂളിലെത്തിയത്. ക്യാമ്പയിന്റെ ഭാഗമായി വിവിധ സ്‌കൂളുകളിലെ മോശം സാഹചര്യങ്ങളെക്കുറിച്ചുള്ള വീഡിയോകള്‍ സി.ജെ.പി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

ജില്ലാപരിഷത്ത് സ്‌കൂള്‍ സന്ദര്‍ശിച്ച ശേഷം, ദിപ്‌കെ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. തന്റെ സന്ദര്‍ശനത്തിന് മുമ്പ് മറ്റൊരു സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഈ സ്‌കൂളിലെ ക്ലാസ് മുറിയില്‍ ഇരുത്തിയെന്നും വീഡിയോയില്‍ ദീപ്‌കെ പറഞ്ഞിരുന്നു. ഇങ്ങനെ അവകാശപ്പെട്ട് ദീപ്‌കെ ഈ സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ഖൈരാതാലിയുടെ പരാതിയില്‍ പറയുന്നു. ദീപ്‌കെ അധ്യാപകരെ സസ്പെന്‍ഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ ആരോപിക്കുന്നു.

അതേസമയം, ജയ്പൂരിന് സമീപം രാംപുര കന്‍വാര്‍പുര ഗ്രാമത്തില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഒരു പ്രദേശവാസിയുടെ പരാതിയിലാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഗ്രാമത്തില്‍ സി.ജെ.പി പ്രവര്‍ത്തകര്‍ സ്‌കൂള്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ അവരെ ഒരു സംഘം ആളുകള്‍ ആക്രമിച്ചിരുന്നു. ബി.ജെ.പി പ്രവര്‍ത്തകരാണ് തങ്ങളെ ആക്രമിച്ചതെന്ന് സി.ജെ.പി പ്രതികരിക്കുകയും ചെയ്യുന്നു.

സി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും വടികൊണ്ട് അടിക്കുകയും അവരുടെ വാഹനത്തിന് നേരെ കല്ലെറിയുകയും ചെയ്യുന്നതിന്റെ വീഡിയോകള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ആക്രമണത്തിനെതിരെ സി.ജെ.പി പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് അവര്‍ക്കെതിരെ ഒരു നാട്ടുകാരന്‍ പരാതി നല്‍കിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കോക്രോച്ച് ജനതാ പാര്‍ട്ടി അംഗങ്ങള്‍ പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് പരാതി. സംഭവത്തിന് ശേഷം കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ ഭയപ്പെടുന്നുവെന്ന് പരാതിക്കാരന്‍ പറയുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

തനിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനോട് സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ അപ് ലോഡ് ചെയ്താണ് അഭിജീത് ദീപ്‌കെ പ്രതികരിച്ചത്. കിഷോര്‍ കുമാറിന്റെ യേ ജീവന്‍ ഹേ എന്ന പാട്ടിന്റെ വരികള്‍ ദീപ്‌കെ പാടുന്നതാണ് വീഡിയോയിലുള്ളത്.

Content Highlight: FIR filed against CJP founder Abhijeet Dipke for ‘defaming’ Maharashtra school

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more