| Tuesday, 6th October 2026, 5:20 pm

ദല്‍ഹി പ്രതിഷേധത്തില്‍ സി.ജെ.പി പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്ന് മഹാരാഷ്ട്ര പൊലീസ്; ആര് പണം നല്‍കുന്നുവെന്നും ചോദ്യം: ദീപ്‌കെ

അഞ്ജു ചന്ദ്രന്‍

മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോകുന്ന പ്രവര്‍ത്തകരോട് പ്രതിഷേധത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മഹാരാഷ്ട്ര പൊലീസ് ആവശ്യപ്പെട്ടെന്ന് സി.ജെ.പി ദേശീയ കണ്‍വീനര്‍ അഭിജീത് ദിപ്‌കെ.

ഒക്ടോബര്‍ പത്തിന് ദല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോകുന്ന വളണ്ടിയര്‍മാര്‍ക്കാണ് ചന്ദ്രപൂരിലെ പൊലീസ് നോട്ടീസ് നല്‍കിയത്.

ദല്‍ഹിയിലേക്ക് പോകുന്നതിന്റെ ഉദ്ദേശ്യവും യാത്രയ്ക്കുള്ള പണവും ആരാണ് നല്‍കുന്നതെന്ന് പൊലീസ് പ്രവര്‍ത്തകരോട് ചോദിച്ചതായി ദീപ്‌കെ പറഞ്ഞു.

സി.ജെ.പിയുടെ പ്രവര്‍ത്തകര്‍ ദല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് പൊലീസ് ഇടപെടലുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിന് പകരം മുംബൈയില്‍ തന്നെ തുടരാന്‍ പൊലീസ് നിര്‍ദേശിച്ചതായും ദിപ്‌കെ പറഞ്ഞു.

പ്രവര്‍ത്തകരുടെ യാത്ര, പ്രതിഷേധത്തിലെ പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും പൊലീസ് വിശദീകരണം തേടിയതായി ദിപ്‌കെ കൂട്ടിച്ചേര്‍ത്തു. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശത്തെ ഇത്തരം ഇടപെടലുകള്‍ ബാധിക്കുമെന്ന ആശങ്കയും സി.ജെ.പി പ്രവര്‍ത്തകര്‍ ഉയര്‍ത്തി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് സി.ജെ.പി നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഒക്ടോബര്‍ രണ്ടിന് മുംബൈയിലും ദല്‍ഹിയിലും പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

ദല്‍ഹിയില്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ദല്‍ഹിയിലെ പ്രതിഷേധം വരും ദിവസങ്ങളിലും തുടരാനിരിക്കെയാണ് മഹാരാഷ്ട്ര പൊലീസിന്റെ ഇടപെടല്‍.

Content Highlights: Maharashtra Police advise CJP activists against participating in the Delhi protest; question raised regarding who will bear the expenses: Deepke

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more