| Friday, 14th November 2025, 1:47 pm

തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും കൈകോര്‍ക്കുമ്പോള്‍ മറിച്ചൊരു ഫലം നിങ്ങള്‍ പ്രതീക്ഷിച്ചോ കൂട്ടരേ..: സഞ്ജയ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബീഹാര്‍ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഫലം പുറത്തുവരുമ്പോള്‍ ബി.ജെ.പിക്കെതിരെയും തെരഞ്ഞെടുപ്പു കമ്മീഷനെതിരെയും അതിരൂക്ഷ വിമര്‍ശനവുമായി ശിവസേന(ഉദ്ധവ്) നേതാവ് സഞ്ജയ് റാവത്ത്.

തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും കൈകോര്‍ത്ത് അജണ്ടകള്‍ നടപ്പിലാക്കുമ്പോള്‍ ഇതില്‍ നിന്ന് വിഭിന്നമായി മറ്റൊരു ഫലം നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ എന്നാണ് സഞ്ജയ് റാവത്തിന്റെ ചോദ്യം. സമ്പൂര്‍ണ മഹാരാഷ്ട്ര പാറ്റേണാണ് ഇതെന്നും അധികാരത്തില്‍ വരുമെന്ന് ഉറപ്പിച്ചിരുന്നവര്‍ 50 സീറ്റുപോലും തികയ്ക്കാനാകാതെ പുറത്തായിരിക്കുന്നെന്നും റാവത്ത് പറഞ്ഞു.

‘തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും കൈകോര്‍ത്ത് നടപ്പിലാക്കുന്ന ദേശീയ അജണ്ടകള്‍ വെച്ചു നോക്കുമ്പോള്‍, ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു ഫലം സാധ്യമല്ല! സമ്പൂര്‍ണ്ണ മഹാരാഷ്ട്ര പാറ്റേണ്‍!

അധികാരത്തില്‍ വരുമെന്ന് ഉറപ്പായിരുന്നവര്‍ 50 സീറ്റുപോലും തികയ്ക്കാനാകാതെ തുടച്ചുനീക്കപ്പെട്ടിരിക്കുന്നു,’ സഞ്ജയ് റാവത്ത് പറഞ്ഞു.

ഇന്ന് രാവിലെ വോട്ടെണ്ണല്‍ ആരംഭിച്ച ഘട്ടത്തില്‍ നേരിയ മുന്നേറ്റം മഹാഗഡ്ബന്ധന്‍ സഖ്യത്തിന് ഉണ്ടാക്കാന്‍ സാധിച്ചത് ഒഴിച്ചാല്‍ പിന്നീടങ്ങോട്ട് ആര്‍.ജെ.ഡിക്കും കോണ്‍ഗ്രസിനും ഉള്‍പ്പെടെ അടിപതറുകയായിരുന്നു.

നിലവില്‍ 27 സീറ്റുകളില്‍ ആര്‍.ജെ.ഡി ലീഡ് ചെയ്യുമ്പോള്‍ വെറും നാല് സീറ്റുകളില്‍ കോണ്‍ഗ്രസ് ഒതുങ്ങി. നാല് സീറ്റുകളില്‍ സി.പി.ഐ.എം.എല്ലും 1 സീറ്റില്‍ സി.പി.ഐ.എമ്മും ലീഡ് ചെയ്യുന്നത്.

ആര്‍.ജെ.ഡി നേതാവും മഹാഗഡ്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ് രഘോപൂര്‍ മണ്ഡലത്തില്‍ 2200 വോട്ടുകള്‍ക്ക് പിന്നിലാണ്. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സതീഷ് കുമാര്‍ 35635 വോട്ട് നേടി ലീഡ് ചെയ്യുകയാണ്.

Content Highlight: ‘Maharashtra pattern’, says Sanjay Raut, trains guns at BJP, ECI

We use cookies to give you the best possible experience. Learn more