| Monday, 22nd June 2026, 4:56 pm

ഭരണഘടന അട്ടിമറിക്കാന്‍ ബി.ജെ.പി പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കുന്നു; രൂക്ഷവിമര്‍ശനവുമായി ആദിത്യ താക്കറെ

ആദര്‍ശ് എം.കെ.

മുംബൈ: ഭരണഘടന ഭേദഗതി ചെയ്യാന്‍ ആവശ്യമായ ഭൂരിപക്ഷം പാര്‍ലമെന്റില്‍ ഉറപ്പാക്കുന്നതിനായി ബി.ജെ.പി പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ.

ശിവസേന ഉദ്ധവ് വിഭാഗത്തിലെ ആറ് എം.പിമാര്‍ ഏകനാഥ് ഷിന്‍ഡെ പക്ഷത്തേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആദിത്യ താക്കറെ ബി.ജെ.പിക്കെതിരെയും ഓപ്പറേഷന്‍ ടൈഗറിനെതിരെയും രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്ന് പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘ബാബാ സാഹേബ് അംബേദ്കറുടെ ഭരണഘടന മാറ്റാന്‍ ആഗ്രഹിക്കുന്നതിനാലാണ് ഇന്ന് അവര്‍ നമ്മുടെ എം.പിമാരെയും എം.എല്‍.എമാരെയും തകര്‍ക്കുന്നത്. 2024ല്‍ വോട്ടര്‍മാര്‍ അവരെ തടഞ്ഞു, അവര്‍ക്ക് 240 എം.പിമാരെ മാത്രമേ ലഭിച്ചുള്ളൂ. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടികളെ പിളര്‍ത്തി തങ്ങളുടെ പാളയത്തിലേക്കെത്തിച്ച് അവര്‍ അംഗബലം വര്‍ധിപ്പിക്കുകയാണ്. ഭരണഘടന മാറ്റിമറിക്കുക എന്നതാണ് അവരുടെ പ്രധാന ലക്ഷ്യം,’ ആദിത്യ പറഞ്ഞു.

പാര്‍ട്ടി വിട്ടുപോകുന്ന എം.പിമാര്‍ ജനവിധിയെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘ഇവരെല്ലാവരും മഹാ വികാസ് അഘാഡി (എം.വി.എ) സഖ്യത്തിന്റെ സഹായത്തോടെ ശിവസേന (യു.ബി.ടി) ടിക്കറ്റില്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ്. ജനവിധിക്ക് വിരുദ്ധമായി ഇപ്പോള്‍ അവര്‍ മറുപക്ഷത്തേക്ക് മാറുകയാണ്,’ ആദിത്യ താക്കറെ കൂട്ടിച്ചേര്‍ത്തു.

എന്‍.ഡി.എയുടെ പ്രത്യയശാസ്ത്രത്തെ തള്ളിക്കളഞ്ഞ വോട്ടര്‍മാരെ വഞ്ചിച്ച് ഭരണസഖ്യത്തിനൊപ്പം ചേരുന്ന എം.പിമാരുടെ തീരുമാനത്തെ അദ്ദേഹം ചോദ്യം ചെയ്തു. ജനക്ഷേമ പദ്ധതികള്‍ക്കും ജീവനക്കാരുടെ ശമ്പളത്തിനും പണമില്ലാത്ത സര്‍ക്കാര്‍ എംപിമാരെ വാങ്ങാന്‍ പൊതുമുതല്‍ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

‘ബി.ജെ.പിക്ക് രാജ്യത്ത് കലാപമുണ്ടാക്കാം, പ്രചാരണം നടത്താം, എന്നാല്‍ ഒരു കാര്യം ഉറപ്പാണ്, ബി.ജെ.പിക്ക് എങ്ങനെ ഭരിക്കണമെന്ന് അറിയില്ല. മുംബൈയിലെ ബി.എം.സിയിലും പൂനെയിലെ പി.എം.സിയിലും നമ്മള്‍ ഇത് കാണുന്നുണ്ട്. ഈ ആളുകളുടെ പക്കല്‍ ജീവനക്കാരുടെ ശമ്പളത്തിനോ ക്ഷേമപദ്ധതികള്‍ക്കോ പണമില്ല, എന്നാല്‍ എം.പിമാരെ വാങ്ങാന്‍ അവരുടെ പക്കല്‍ പണമുണ്ട്,’ അദ്ദേഹം പരിഹസിച്ചു

യഥാര്‍ത്ഥ ശിവസേന ഉദ്ധവ് താക്കറെയുടെ പക്ഷമാണെന്ന് ആവര്‍ത്തിച്ച അദ്ദേഹം, ‘ശിവസേന ഒന്നേയുള്ളൂ അത് ഞങ്ങളുടേതാണ് (യു.ബി.ടി), മറ്റൊന്ന് ബി.ജെ.പിയുടെ ഇടമാണ്, അതല്ലാതെ ഷിന്‍ഡെ വിഭാഗമല്ല,’ അദ്ദേഹം പറഞ്ഞു.

പിളര്‍പ്പിന്റെ സൂചനകള്‍ ന്യൂദല്‍ഹിയില്‍ നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഒമ്പത്. ലോക്സഭാ എം.പിമാരില്‍ മൂന്ന് പേര്‍ മാത്രമാണ് പങ്കെടുത്തത്. നാഗേഷ് ആഷ്ടികര്‍, സഞ്ജയ് ദേശ്മുഖ്, സഞ്ജയ് ജാദവ്, സഞ്ജയ് ദിന പാട്ടീല്‍, ഓംപ്രകാശ് രാജെനിംബാല്‍ക്കര്‍, ഭൗസാഹേബ് വക്ചൗരെ എന്നിവര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. അരവിന്ദ് സാവന്ത്, അനില്‍ ദേശായി, രാജാഭൗ വാജെ എന്നിവര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്.

ഇതില്‍ നാഗേഷ് ആഷ്ടികര്‍, ഓംപ്രകാശ് രാജെനിംബാല്‍ക്കര്‍ എന്നിവര്‍ പിളര്‍പ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. വിട്ടുനിന്ന എം.പിമാരെ അയോഗ്യരാക്കാനുള്ള നടപടികള്‍ പാര്‍ട്ടി ആരംഭിച്ചിട്ടുണ്ട്.

ഓപ്പറേഷന്‍ ടൈഗര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ നീക്കത്തിലൂടെ ആറ് എംപിമാര്‍ ഷിന്‍ഡെ പക്ഷത്തേക്ക് മാറുന്നത് മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ക്ക് കാരണമായേക്കും. നാല് വര്‍ഷം മുമ്പ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ നടന്ന പിളര്‍പ്പിന് സമാനമായ മറ്റൊരു പ്രതിസന്ധിയെയാണ് താക്കറെ കുടുംബം ഇപ്പോള്‍ നേരിടുന്നത്.

Content Highlight: Maharashtra: Operation Tiger: Aditya Takarey slams BJP

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more