| Sunday, 20th July 2025, 10:17 pm

നിയമസഭാ സമ്മേളനത്തിനിടെ റമ്മി കളിച്ച് മഹാരാഷ്ട്ര മന്ത്രി; വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: നിയമസഭാ സമ്മേളനത്തിനിടെ റമ്മി കളിച്ച് മഹാരാഷ്ട്ര കൃഷിവകുപ്പ് മന്ത്രി മണിക്റാവു കൊകാതെ. സമ്മേളനം നടക്കുമ്പോള്‍ മന്ത്രി ഓണ്‍ലൈന്‍ റമ്മി ഗെയിം കളിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.

എന്‍.സി.പി അജിത് പവാര്‍ വിഭാഗം നേതാവും സിന്നാര്‍ എം.പിയുമായാണ് മാണിക്‌റാവു. ശരദ് പവാര്‍ പക്ഷം എന്‍.സി.പി നേതാവ് രോഹിത് പവാര്‍, തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ മന്ത്രി റമ്മി കളിക്കുന്നതിനിടെ വീഡിയോ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്. വീഡിയോയില്‍ മന്ത്രി ജംഗ്ലി റമ്മി കാര്‍ഡ് ഗെയിം കളിക്കുന്നതായി കാണാമായിരുന്നു.

‘സംസ്ഥാനത്തെ കര്‍ഷകര്‍ മുന്‍ വര്‍ഷത്തേക്കാള്‍ രൂക്ഷമായ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ കൃഷിമന്ത്രി റമ്മി കളിക്കുന്നു’വെന്ന് ചൂണ്ടിക്കാട്ടിയാണ് രോഹിത് പവാര്‍ വീഡിയോ പങ്കുവെച്ചത്. മഹാരാഷ്ട്രയില്‍ ഒരു ദിവസം എട്ട് കര്‍ഷകരോളം ആത്മഹത്യ ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങളില്‍ ഒന്നും ചെയ്യാനില്ലാത്ത മന്ത്രിക്ക് റമ്മി കളിക്കാന്‍ സമയമുണ്ടെന്നും രോഹിത് വിമര്‍ശിച്ചു.

കൃഷിമന്ത്രി എപ്പോഴെങ്കിലും സംസ്ഥാനത്തെ കര്‍ഷകരുടെ പാടങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടോയെന്നും രോഹിത് പവാര്‍ ചോദ്യമുയര്‍ത്തി. കര്‍ഷകര്‍ ഉന്നയിക്കുന്ന വിള ഇന്‍ഷുറന്‍സ്, വായ്പ എഴുതിത്തള്ളല്‍, താങ്ങുവില തുടങ്ങിയ ആവശ്യങ്ങള്‍ മന്ത്രിയുടെയും ബി.ജെ.പി സര്‍ക്കാരിന്റെയും ചെവികളില്‍ പതിയുന്നുണ്ടോയെന്നും എന്‍.സി.പി എസ്.പി പ്രതിനിധി ചോദിച്ചു.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എന്‍.സി.പി എം.പി സുപ്രിയ സുലെയും പ്രതികരിച്ചു. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുമ്പോഴാണ് ഭരണകക്ഷിയിലുള്ള എം.എല്‍.എ തന്നെ സഭയിലുരുന്ന് ഗെയിം കളിക്കുന്നതെന്ന് സുപ്രിയ സുലെ വിമര്‍ശിച്ചു.

അതേസമയം വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി മാണിക്‌റാവു രംഗത്തെത്തി. തന്റെ ഫോണില്‍ ആരോ റമ്മി ആപ്പ് ഡൗണ്‍ലോഡ് ചെയ്തതായും അത് ഡിലീറ്റ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നുമാണ് എന്‍.ഡി.എ മന്ത്രി വിശദീകരണം നല്‍കിയത്. തനിക്കെതിരായ വീഡിയോ പ്രതിപക്ഷത്തിന്റെ തന്ത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

‘സഭയിലിരിക്കുമ്പോള്‍ അധോസഭയില്‍ എന്താണ് നടക്കുന്നത് അറിയാന്‍ ആഗ്രഹം തോന്നി. അപ്പോള്‍ ഫോണില്‍ യൂട്യൂബ് തുറക്കാന്‍ ശ്രമിച്ചു. ഈ സമയത്താണ് ഫോണില്‍ ഗെയിം ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരുന്നതായി കണ്ടത്. അപ്പോള്‍ തന്നെ റമ്മി ആപ്പ് ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ പുറത്തുവന്ന വീഡിയോയില്‍ ഇതൊന്നുമില്ല. ചെറിയ ഒരു ക്ലിപ്പ് മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. മുഴുവന്‍ വീഡിയോയും പുറത്തുവിടട്ടെ,’ മന്ത്രി പറഞ്ഞു.

Content Highlight: Maharashtra minister faces flak for playing rummy during assembly session

We use cookies to give you the best possible experience. Learn more