ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൗരന്മാരെ കബളിപ്പിക്കുന്നുവെന്ന ആരോപണവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
മഹാരാഷ്ട്രയിലെ ബ്രിഹന്‍ മുബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ വിരലുകളില്‍ മഷി പുരട്ടാന്‍ മാര്‍ക്കര്‍ പേനകള്‍ ഉപയോഗിച്ചെന്ന വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തില്‍ പൗരന്മാരെ കബളിപ്പിക്കുന്നതിലൂടെ നമുക്ക് ജനാധിപത്യത്തിലുള്ള വിശ്വാസ്യമാണ് തകരുന്നത്. വോട്ട് ചോരി ഒരു ദേശ വിരുദ്ധ പ്രവര്‍ത്തിയാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
മഷി പെട്ടെന്ന് തുടച്ചുമാറ്റാന്‍ കഴിയുമെന്നും ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയെ ബാധിക്കുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചതിനെ തുടര്‍ന്ന് വിവാദമായിരുന്നു.
എന്നാല്‍ 2011 മുതല്‍ സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുകളില്‍ മാര്‍ക്കര്‍ പേനകള്‍ ഉപയോഗിക്കുന്നുണ്ടെന്നും മഷി മായ്ക്കാന്‍ കഴിയില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ദിനേശ് വാഗ്മറെ ആരോപണങ്ങള്‍ നിഷേധച്ചു
രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.
വോട്ടെണ്ണല്‍ അവസാനിക്കുന്നതിന് മുന്‍പ് രാഹുല്‍ തോല്‍വി സമ്മതിക്കുകയാണോയെന്നും ‘ ബഹാന ബ്രിഗേഡേ’ രാഷ്ട്രീയത്തിന്റെ ആവര്‍ത്തനമാണ് രാഹുലിന്റെ ആരോപണങ്ങളെന്നും ബി.ജെ.പി വക്താവ് ഷഹ്‌സാദ് പുനവല്ല പ്രതികരിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും വിവാദങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
തോല്‍വി മുന്നില്‍ കാണുന്ന പ്രതിപക്ഷം ഒഴിവുകഴിവുകള്‍ നിരത്തുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പ് പലതവണ മാര്‍ക്കര്‍ പേനകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഫഡ്‌നാവിസ് പറഞ്ഞു.
എട്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഇന്നലെ ബി.എം.സി തെരഞ്ഞടുപ്പ് നടന്നത്.
52.94 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ മുന്‍സിപ്പല്‍ കോര്‍പ്പറേഷനായ ബി.എം.സിയില്‍ 2017 ലാണ് അവസാന തെരഞ്ഞെടുപ്പ് നടന്നത്.
അവസാനമായി തെരഞ്ഞെടുക്കപ്പെട്ട മേയറായ കിഷോരി പെഡ്‌നേക്കറുടെ കാലാവധി 2022 മാര്‍ച്ചില്‍ അവസാനിച്ചിരുന്നു.
Content Highlight: Maharashtra local body elections; Election Commission is misleading citizens: Rahul Gandhi