| Saturday, 23rd May 2026, 2:01 pm

പശുക്കടത്തിനും നിയമവിരുദ്ധ കന്നുകാലി വ്യാപാരത്തിനുമെതിരെ 'മക്കോക്ക' ; കര്‍ശന നടപടിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പശുക്കടത്ത്, നിയമവിരുദ്ധ കന്നുകാലി കടത്ത്, അനധികൃത കശാപ്പുശാലകള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളില്‍ കടുത്ത നിയമം ചുമത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍.

ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി മക്കോക്ക (Maharashtra Control of Organised Crime Act )ചുമത്തിയതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.

സര്‍ക്കാര്‍ ഈ നിയമം ചുമത്തിയത് എല്ലാ വശങ്ങളും കൃത്യമായി പഠിച്ച ശേഷമാണെന്നും അതിനാല്‍ നിയമത്തിലെ പഴുതുകള്‍ കണ്ടുപിടിച്ച് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്നുമാണ് ഫഡ്‌നാവിസ് പറഞ്ഞത്.

‘ആദ്യമായാണ് പശുക്കടത്തിനും നിയമവിരുദ്ധ കശാപ്പുശാലകള്‍ക്കുമെതിരെ ഞങ്ങള്‍ ‘മക്കോക്ക’ നിയമം നടപ്പിലാക്കുന്നത്. കോടതിയില്‍ ഈ നടപടി പൂര്‍ണ്ണമായും ന്യായീകരിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇനി ആരെങ്കിലും ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍, അവര്‍ക്കെതിരെ കര്‍ശനമായ മക്കോക്ക നിയമപ്രകാരം തന്നെ കേസെടുക്കും.’ ഫഡ്‌നാവിസ് പറഞ്ഞു.

സംഘടിത കുറ്റകൃത്യങ്ങളും അധോലോക പ്രവര്‍ത്തനങ്ങളും ഭീകരവാദവും അടിച്ചമര്‍ത്തുന്നതിനായി 1999ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കൊണ്ടുവന്ന വളരെ കര്‍ശനമായ ഒരു പ്രത്യേക നിയമമാണ് മക്കോക്ക. സാധാരണ ക്രിമിനല്‍ നിയമങ്ങളേക്കാള്‍ കൂടുതല്‍ അധികാരങ്ങള്‍ ഈ നിയമം പൊലീസിന് നല്‍കുന്നുണ്ട്.

ഒന്നില്‍ക്കൂടുതല്‍ ആളുകള്‍ ചേര്‍ന്ന് ഒരു സംഘമായി, നിയമവിരുദ്ധമായ വഴികളിലൂടെ പണമോ മറ്റ് ആനുകൂല്യങ്ങളോ സമ്പാദിക്കാന്‍ വേണ്ടി നടത്തുന്ന കുറ്റകൃത്യങ്ങളെയാണ് ഇതില്‍ ഉള്‍പ്പെടുത്തുന്നത്.

ക്വട്ടേഷന്‍ കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍, ഹവാല ഇടപാടുകള്‍, പശുക്കടത്ത്/അനധികൃത കശാപ്പ് എന്നിവയൊക്കെ ഇതിന്റെ പരിധിയില്‍ വരും.

സാധാരണ കേസുകളെ അപേക്ഷിച്ച് മക്കോക്ക ചുമത്തപ്പെട്ട പ്രതികള്‍ക്ക് ജാമ്യം ലഭിക്കുക എന്നത് കഠിനമാണ്. കുറ്റക്കാരനല്ലെന്ന് പ്രഥമദൃഷ്ട്യാ കോടതിക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ ജാമ്യം അനുവദിക്കാറുള്ളൂ.

സാധാരണ ഇന്ത്യന്‍ നിയമപ്രകാരം പൊലീസിന് മുന്നില്‍ പ്രതി നല്‍കുന്ന കുറ്റസമ്മത മൊഴി കോടതിയില്‍ തെളിവായി സ്വീകരിക്കില്ല. എന്നാല്‍ മക്കോക്ക നിയമപ്രകാരം, ഒരു ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥന് മുന്നില്‍ നല്‍കുന്ന മൊഴി കോടതിയില്‍ പ്രധാന തെളിവായി സ്വീകരിക്കും.

സാധാരണ കേസുകളില്‍ 60 മുതല്‍ 90 ദിവസത്തിനകം പോലീസ് ചാര്‍ജ്ഷീറ്റ് നല്‍കണം. എന്നാല്‍ മക്കോക്കയില്‍ പൊലീസിന് അന്വേഷണത്തിനായി 180 ദിവസം വരെ സമയം ലഭിക്കും.

ഒരു സംഘത്തിനെതിരെ മക്കോക്ക ചുമത്തണമെങ്കില്‍, ആ സംഘത്തിലെ അംഗങ്ങള്‍ക്കെതിരെ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ചുരുങ്ങിയത് രണ്ട് ചാര്‍ജ്ഷീറ്റുകളെങ്കിലും കോടതി ഫയല്‍ ചെയ്തിട്ടുണ്ടായിരിക്കണം.

കുറ്റകൃത്യത്തിന്റെ തീവ്രത അനുസരിച്ച് അഞ്ച് വര്‍ഷം മുതല്‍ ജീവപര്യന്തം തടവ് വരെയും, മരണശിക്ഷ വരെയും ഈ നിയമപ്രകാരം ലഭിക്കാം. കൂടാതെ വലിയ തുക പിഴയായും ഈടാക്കും.

വ്യക്തികള്‍ നടത്തുന്ന ഒറ്റപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കപ്പുറം, വലിയ ശൃംഖലകളുള്ള മാഫിയകളെയും സംഘടിത ക്രിമിനലുകളെയും വേരോടെ പിഴുതെറിയാന്‍ വേണ്ടിയാണ് ഈ നിയമം ഉപയോഗിക്കുന്നത്.

പശുക്കടത്ത് പോലുള്ള കേസുകളില്‍ കടുത്ത സംഘടിത കുറ്റകൃത്യ നിയമമായ മക്കോക്ക ചുമത്തുന്നത് നിയമപരമായും സാമൂഹികമായും എത്രത്തോളം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വരും കാലങ്ങളില്‍ കണ്ടറിയാം.

Content Highlight: Maharashtra invokes MCOCA against cow smuggling, illegal cattle trade for first time

We use cookies to give you the best possible experience. Learn more