| Saturday, 15th February 2025, 10:19 pm

ലവ് ജിഹാദും മതപരിവര്‍ത്തനവും തടയാന്‍ പ്രത്യേക സമിതിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍; മനുഷ്യരെ പരസ്പരം തമ്മിലടിപ്പിക്കാനുള്ള തീരുമാനമെന്ന് പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ലവ് ജിഹാദ് കേസുകളും മതപരിവര്‍ത്തനവും തടയുന്നതിന് സാങ്കേതികവും നിയമപരവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സംസ്ഥാന പൊലീസ് മേധാവി അധ്യക്ഷനായ ഏഴംഗസമിതിയെ നിയമിക്കാന്‍ ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി. ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് അധ്യക്ഷനായ ഏഴംഗ സമിതിയെയാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിമിച്ചത്.

ന്യൂദല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ തീരുമാനം.

അതേസമയം മഹാരാഷ്ട്ര സര്‍ക്കാര്‍ മനുഷ്യരെ പരസ്പരം തമ്മിലടിപ്പിക്കാനും പരസ്പര വൈരാഗ്യം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ഉന്നയിച്ചു. സംസ്ഥാന സര്‍ക്കാരിന്റേത് ന്യായമായ തീരുമാനമല്ലെന്നും സ്വാതന്ത്ര്യ ലംഘനമാണെന്നും സമാജ് വാദി സംസ്ഥാന പ്രസിഡന്റ് അബു അസിം ആസ്മി പറഞ്ഞു.

തങ്ങള്‍ക്ക് എതിര്‍പ്പൊന്നുമില്ലെന്നും ഏത് നിയമം വേണമെങ്കിലും സര്‍ക്കാരിന് കൊണ്ടുവരാന്‍ കഴിയുമെന്നും പറഞ്ഞ നേതാവ് ഭരണഘടന പ്രകാരം ഇഷ്ടാനുസരണം വിവാഹം ചെയ്യാനും മതം മാറാനുമെല്ലാം ഏതൊരു വ്യക്തിക്കും കഴിയുമെന്നും ഇക്കാര്യത്തില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര പോലീസ് ഡയറക്ടര്‍ ജനറല്‍ ആയിരിക്കും അതിന്റെ ചെയര്‍മാന്‍. വനിതാ ശിശുക്ഷേമ വകുപ്പ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നിയമ-നീതിന്യായ വകുപ്പ്, സാമൂഹിക നീതി, പ്രത്യേക സഹായ വകുപ്പ്, ആഭ്യന്തര വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ഇന്ത്യയില്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, കര്‍ണാടക, ഹരിയാന തുടങ്ങി ഏഴ് സംസ്ഥാനങ്ങളില്‍ ലവ് ജിഹാദ് വിരുദ്ധ നിയമമുണ്ട്. ബി.ജെ.പി അധികാരത്തിലുണ്ടായ സമയത്താണ് ഈ സംസ്ഥാനങ്ങളിലെല്ലാം നിയമം കൊണ്ടുവന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Maharashtra Govt Forms Special Committee To Prevent Love Jihad And Conversion; The opposition said that it was a decision to mix people with each other

We use cookies to give you the best possible experience. Learn more