| Monday, 7th July 2025, 5:23 pm

പ്രാവുകളുടെ കാഷ്ഠം ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും; മുംബൈയിലെ കബൂത്തര്‍ ഖാനകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പൊതുഇടങ്ങളില്‍ പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്ന കബൂത്തര്‍ ഖാനകള്‍ നിര്‍ത്തലാക്കാന്‍ മുംബൈ പൗരസമിതിക്ക് മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിര്‍ദേശം. പ്രാവുകളുടെ കാഷ്ഠമടക്കമുള്ള അവശിഷ്ടങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനോട് കബൂത്തര്‍ ഖാനകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചത്.

മുംബൈ നഗരത്തില്‍ ആകെ 51 ഓളം കബൂത്തര്‍ ഖാനകള്‍ ഉണ്ടെന്നാണ് കണക്ക്. ഒരു മാസത്തിനുള്ളില്‍ ഇത് സംബന്ധിച്ച ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ച് ഇവ അടിയന്തരമായി അടച്ച് പൂട്ടാനാണ് തീരുമാനം.

കഴിഞ്ഞ ദിവസം മഹാരാഷ്ട ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍വെച്ച് ശിവസേന എം.എല്‍.സിയായ മനീഷ് കായണ്ടെ ഇക്കാര്യം ഉന്നയിച്ചിരുന്നു. ഇത്തരത്തില്‍ പ്രാവുകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന കബൂത്തര്‍ ഖാനകളിലെ തൂവലുകളും വിസര്‍ജ്യവസ്തുക്കളും പ്രദേശവാസികളില്‍ ശ്വാസകോശരോഗങ്ങള്‍ക്ക് കാരണമാകുന്നു എന്നായിരുന്നു എം.എല്‍.സി ഉയര്‍ത്തിക്കാണിച്ചത്.

സഭയിലെ തന്നെ മറ്റൊരു അംഗവും ബി.ജെ.പി നേതാവുമായ ചിത്ര വാങ്ങും ഇത്തരത്തില്‍ പ്രാവുകളുടെ കാഷ്ഠം കാരണം തന്റെ കുടുംബത്തിലെ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് ചൂണ്ടിക്കാട്ടി. പ്രാവിന്റെ കാഷ്ഠം നിരന്തരം ഭക്ഷണത്തില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്നുണ്ടായ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് തന്റെ അമ്മായി മരിച്ചതെന്നാണ് ചിഗ്ര വാങ് പറഞ്ഞു.

‘പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് നിരുപദ്രവകരമോ ആത്മീയമോ ആണെന്ന് തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ ഇത് വലിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നാണ് യാഥാര്‍ത്ഥ്യം. ഗിര്‍ഗൗം ചോപ്പട്ടി പോലുള്ള സ്ഥലങ്ങളില്‍ പ്രാവുകള്‍ പിസ, ബര്‍ഗര്‍ പോലുള്ള ഫാസ്റ്റ് ഫുഡുകളുടെ മേല്‍ കാഷ്ഠിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഇത് അവയ്ക്ക് പോലും ദോഷകരമാണ്,’ മഹാരാഷ്ട്ര മന്ത്രി ഉദയ് സമന്ത് പറഞ്ഞു.

മുമ്പും സമാനമായ രീതിയില്‍ കബൂത്തര്‍ ഖാനകള്‍ അടച്ച് പൂട്ടിയിരുന്നെങ്കിലും പലതും വീണ്ടും പുനരാരംഭിക്കുകയായിരുന്നു. പ്രശസ്തമായ ദാദര്‍ കബൂത്തര്‍ ഖാന ഇത്തരത്തില്‍ അടച്ച് പൂട്ടിയെങ്കിലും ജനങ്ങള്‍ വീണ്ടും ഭക്ഷണം കൊടുക്കാന്‍ തുടങ്ങിയതോടെ  പുനരാരംഭിക്കുകയായിരുന്നു

Content Highlight: Maharashtra government orders shutdown of Kabootar Khanas in Mumbai due to health concerns

We use cookies to give you the best possible experience. Learn more