മുംബൈ: 2015ലെ നിയമഭേദഗതിയെ തുടര്‍ന്ന് ഗോരക്ഷകരുടെ ആക്രമണത്തിനിരയാകുന്ന മഹാരാഷ്ട്രയിലെ മുസ്‌ലിം ഖുറേഷി സമുദായം സമരത്തില്‍. കഴിഞ്ഞ ഒരു മാസമായി ഇവര്‍ സമരം തുടരുകയാണ്.
എരുമ അടക്കമുള്ള കന്നുകാലികളുടെ മാംസം വില്‍ക്കുന്നത് അനിശ്ചിതമായി നിര്‍ത്തിവെച്ചുകൊണ്ടാണ് സമരം. ഉപജീവനത്തിനുള്ള ഏക മാര്‍ഗം നിര്‍ത്തിവെച്ചുകൊണ്ടുള്ള സമരം ഖുറേഷി സമുദായത്തെ സാമ്പത്തികമായി തളര്‍ത്തിയിട്ടുണ്ടെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മഹാരാഷ്ട്രയിലെ ഭൂരിഭാഗം വരുന്ന ക്ഷീരകര്‍ഷകരും ഖുറേഷി സമുദായത്തെ ആശ്രയിക്കുന്നവരാണ്. പ്രായമാകുന്ന പോത്തുകളെ കൈമാറുന്നതിനായാണ് ക്ഷീരകര്‍ഷകര്‍ ഖുറേഷി വിഭാഗക്കാരെ സമീപിക്കുക. ഈ പോത്തുകളെ അടക്കമാണ് ഖുറേഷികള്‍ സംസ്ഥാനത്ത് കശാപ്പ് ചെയ്യുന്നത്. മാത്രമല്ല, പോത്തുകളെ വില്‍ക്കുന്നതിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് വലിയ ഒരു തുക സമ്പാദിക്കാനുമാകും.
നിലവിൽ ജില്ലാ-താലൂക്ക് തലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഖുറേഷി വിഭാഗക്കാര്‍ പ്രതിഷേധിക്കുന്നത്. നാഗ്പൂരില്‍ നിന്നാണ് ഇവര്‍ പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചത്. എല്ലാ ജില്ലകളിലും ഓരോ ദിവസവും രണ്ടിലധികം പരിപാടികള്‍ സംഘടിപ്പിക്കുക എന്നതാണ് പ്രതിഷേധക്കാരുടെ തീരുമാനം.
തങ്ങളുടെ സമരം സംസ്ഥാനത്തെ കര്‍ഷക സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണെന്ന് നാന്ദേയിലെ ഖുറേഷി ജമാഅത്ത് തലവന്‍ അസീസ് ഖുറേഷി പറഞ്ഞു. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലായി പ്രതിഷേധിക്കുന്നവരില്‍ ഭൂരിഭാഗം ആളുകളും ഹിന്ദുത്വവാദികളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും അസീസ് ഖുറേഷി പറയുന്നു.
2025 മാര്‍ച്ചിലാണ് മൃഗസംരക്ഷണ നിയമത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഭേദഗതി വരുത്തുന്നത്. 1976ലെ നിയമമാണ് ഭേദഗതി ചെയ്തത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ ബി.ജെ.പി അധികാരത്തിലിരിക്കെയാണ് ഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.
തുടര്‍ന്ന് പശു, കാള തുടങ്ങിയവയെ കശാപ്പ് ചെയ്യുന്നത് മഹാരാഷ്ട്രയില്‍ നിരോധിക്കപ്പെട്ടിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും 10000 രൂപ പിഴയും ലഭിക്കും. ഇതിനുപിന്നാലെയാണ് സംസ്ഥാനത്തെ സ്വയംപ്രഖ്യാപിത ഗോരക്ഷകര്‍ ഖുറേഷി സമുദായത്തെ പ്രത്യേകം ലക്ഷ്യമിട്ട് ആക്രമിക്കാന്‍ തുടങ്ങിയത്.
അതേസമയം മഹാരാഷ്ട്രയിലെ ഭൂരിഭാഗം മേഖലകളിലും ബീഫ് വില്‍ക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പേ നിര്‍ത്തിവെച്ചിട്ടുണ്ടെന്ന് അസീസിനെ ഉദ്ധരിച്ച് വയര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പോത്തിനെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിട്ടില്ല. പക്ഷെ ഗോരക്ഷകര്‍ ഇക്കാര്യങ്ങളൊന്നും നോക്കാതെയാണ് ഖുറേഷി സമുദായത്തെ ആക്രമിക്കുന്നതെന്നും അസീസ് പ്രതികരിച്ചു.
ഈ ആക്രമണങ്ങള്‍ എല്ലാം സംസ്ഥാന പൊലീസിന്റെ അറിവോടെയാണ് നടക്കുന്നതെന്ന് ഗോരക്ഷകരുടെ അതിക്രമത്തിനിരയായ ഒരാള്‍ പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.
ഇതിനുപുറമെ സംസ്ഥാനത്ത് താലൂക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന കശാപ്പ് കേന്ദ്രങ്ങള്‍ ബി.ജെ.പി സര്‍ക്കാര്‍ ആസൂത്രിതമായി അടച്ചുപൂട്ടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ മുസ്ലിം ജനസംഖ്യ കൂടുതലുള്ള മേഖലകളില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ഖുറേഷി ജമാഅത്ത് തലവന്‍ ചൂണ്ടിക്കാട്ടി.
2015ലെ ഭേദഗതി അനുസരിച്ച് കാളയെ കശാപ്പ് ചെയ്യുന്നതിന് സംസ്ഥാനത്ത് നിയന്ത്രണങ്ങളുണ്ട്. കാളയുടെ ആരോഗ്യം സംബന്ധിച്ച് വെറ്ററിനറി ഡോക്ടറുടെ സ്ഥിരീകരണം ഉണ്ടായാല്‍ മാത്രമേ കശാപ്പിന് അനുമതി ലഭിക്കുകയുള്ളു. ഇതിന്റെ പശ്ചാത്തലത്തിലാണ് അസീസ് ഖുറേഷിയുടെ മേല്‍പ്പറഞ്ഞ പ്രതികരണം.
അതേസമയം ഖുറേഷി വിഭാഗക്കാരുടെ സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും ശക്തമായതും ഏകീകൃതമായതുമായ പ്രതിഷേധമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Content Highlight: Protest against gaurakshak attack by Qureshi community in Maharashtra completes one month