ബാരാമതി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ഉപമുഖ്യമന്ത്രിയുടെ സ്വകാര്യവിമാനമാണ് തകർന്നത്. ഇന്ന് (ബുധൻ) രാവിലെ 8.45 നാണ് അപകടമുണ്ടായത്.
ബാരാമതി വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെയാണ് വിമാനം തകർന്നു വീണത്.
സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 6 പേരും മരിച്ചു. അപകടത്തിൽ വിമാനം പൂർണമായും കത്തിനശിച്ചെന്നാണ് റിപ്പോർട്ടുകൾ. ഡി.ജി.സി.എ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പൂർണ തോതിൽ പ്രവർത്തിക്കാത്ത എയർപോർട്ടിൽ നിന്നാണ് അപകടമുണ്ടായത്.
അദ്ദേഹത്തിന്റെ ജന്മ നാടായ ബാരാമതിയിൽ തെരഞ്ഞെടുപ്പ് റാലികൾക്ക് വേണ്ടി പോകുകയായിരുന്നെന്നാണ് വിവരം.
അജിത് പവാറിനൊപ്പം രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു എൻ.സി.പി പ്രവർത്തകനും രണ്ട് പൈലറ്റുമാരുമാണ് അപകടസമയത്ത് വിമാനത്തിൽ ഉണ്ടായിരുന്നത്.
ബാരാമതിയിലെ എയർ സ്ട്രിപ്പിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ തട്ടി തെന്നിമാറുകയും ഉടൻ തന്നെ വിമാനത്തിലേക്ക് തീ പടരുകയുമായിരുന്നെന്നാണ് റിപ്പോർട്ടുകൾ.
എൽ ആൻഡ് എസ് ഏവിയേഷന്റെ പ്രൈവറ്റ് ബിസിനസ് ക്ലാസ് ജെറ്റ് വിമാനമാണ് തകർന്നത്. ലിയർജെറ്റ് 45XR വിഭാഗത്തിൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്.
പൈലറ്റുമാർക്ക് പരിശീലനം നൽകുന്നതും പ്രൈവറ്റ് ജെറ്റുകൾ മാത്രം ലാൻഡ് ചെയ്യുന്നതുമായ എയർപോർട്ടാണ് ബാരാമതിയിലേത്.
സഹോദര തുല്യനായ നേതാവിനെയാണ് നഷ്ടപ്പെട്ടതെന്നും കേരളം ഘടകം എൻ.സി.പിയുടെ അനുശോചനം അറിയിക്കുന്നുവെന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു.
Content Highlight: Maharashtra Deputy Chief Minister Ajit Pawar killed in plane crash