| Wednesday, 7th January 2026, 2:10 pm

അകോളയിലെ പള്ളിക്കരികില്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കുത്തേറ്റു മരിച്ചു

നിഷാന. വി.വി

മുബൈ: അകോള ജില്ലയിലെ പള്ളിക്കരികില്‍ വെച്ച് നമസ്‌ക്കരിച്ച് മടങ്ങവെ കുത്തേറ്റ മഹാരാഷ്ട്ര കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഹിദായത്തുല്ലാ പട്ടേല്‍ ചികിത്സയിലിരിക്കെ മരിച്ചു.

അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 1:30 ഓടെയായിരുന്നു സംഭവം. അകോട്ട് താലൂക്കിലെ മൊഹാലയിലെ ഒരു പള്ളിയില്‍ നിന്നും നമസ്‌ക്കരിച്ച് മടങ്ങവെ പഴയ വൈരാഗ്യത്തെ തുടര്‍ന്ന് പ്രതികള്‍ മൂര്‍ച്ചയുള്ള ആയുധം വെച്ച് പട്ടേലിനെ അക്രമിച്ച് കഴുത്തിനും നെഞ്ചിനും പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

അകോളയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ബുധനാഴ്ച്ച പുലര്‍ച്ചയോടെ പട്ടേല്‍ മരിക്കുകയായിരുന്നു.

രക്തത്തില്‍ കുതിര്‍ന്ന വസ്ത്രങ്ങളുമായി പള്ളിയില്‍ നിന്ന് പുറത്തേക്ക് വരുന്ന പട്ടേലിന്റെ ചില വീഡിയോകള്‍ നേരത്തെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ വൈറലായിരുന്നു.

സംഭവത്തിന് ശേഷം പൊലീസ് ഫോറന്‍സ് സംഘത്തിന്റെ സഹായത്തോടെ തെളിവുകള്‍ സ്വീകരിച്ചതായും ചൊവ്വാഴ്ച്ച രാത്രി എട്ട് മണിയോടെ അകോട്ട് താലൂക്കിലെ പനാജ് ഗ്രാമത്തില്‍ നിന്നും പ്രതിയായ ഖാസിക് ഖാന്‍ പട്ടേലിനെ അറസ്റ്റ് ചെയ്തതായും പൊലിസ് സൂപ്രണ്ട് ബി. ചന്ദ്രകാന്ത് റെഡ്ഡി പറഞ്ഞു.

സംഭവത്തില്‍ അകോട്ട് റൂറല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

മൊഹാലയിലും അകോട്ട് നഗരത്തിലും സുരക്ഷ ശക്തമാക്കിയതായും ജില്ലാ പൊലീസ് സുപ്രണ്ട് അര്‍ചിത് ചന്ദക് സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് വരികയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടക്കുന്നതിനിടെയാണ് കൊലപാതകം.

കോണ്‍ഗ്രസിന്റെ ജില്ലാ അധ്യക്ഷന്‍ ആയിരുന്ന പട്ടേല്‍ രണ്ട് തവണ ലോക്‌സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. 2014 ലും 2019ലുമായിരുന്നു അദ്ദേഹം ജനവിധി തേടിയിരുന്നത്. അകോള കേന്ദ്ര ബാങ്കിന്റെ ഡയറക്ടര്‍ കൂടിയായിരുന്നു കോണ്‍ഗ്രസ് നേതാവ്.

Content Highlight: Maharashtra Congress vice president stabbed to death in Akola mosque

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more