| Monday, 2nd June 2025, 2:06 pm

ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; മഹാരാഷ്ട്രയില്‍ സെപ്‌റ്റോയുടെ ലൈസന്‍സ് റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഭക്ഷ്യ സുരക്ഷാ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ക്വിക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സെപ്‌റ്റോയുടെ ലൈസന്‍സ് റദ്ദാക്കി. കിരണാകാര്‍ട്ട് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഫുഡ് ആന്റ് ബിസിനസ് ലൈസന്‍സാണ് മഹാരാഷ്ട്ര ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ സസ്‌പെന്റ് ചെയ്തത്.

2006ലെ ഭക്ഷ്യസുരക്ഷ മാനദണ്ഡ നിയമത്തിലെ ഒന്നിലധികം ലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയതായാണ് വിവരം. മെയ് 31ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥന്‍ റാം ബോഡ്‌കെ നടത്തിയ മിന്നല്‍ സുരക്ഷയ്ക്ക് പിന്നാലെയാണ് നടപടി.

ഭക്ഷ്യവസ്തുക്കള്‍ പൂപ്പല്‍ കണ്ടെത്തുകയും കെട്ടിക്കിടക്കുന്നതും വായുസഞ്ചാരവുമില്ലാതെ സ്ഥലങ്ങളില്‍ ഭക്ഷ്യോത്പന്നങ്ങളെല്ലാം കണ്ടെത്തിയതായും ഫംഗസ് അടക്കമുള്ള കീടാണുക്കളടക്കം കണ്ടെത്തുകയുമായിരുന്നു. നിര്‍ദേശങ്ങളിലെ പോലെ കോള്‍ഡ് സ്‌റ്റോറേജ് യൂണിറ്റുകള്‍ താപനില നിലനിര്‍ത്തിയിരുന്നില്ലെന്നും തറകളടക്കം ഈര്‍പ്പമുള്ള നിലയിലായിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

കാലാവധി കഴിഞ്ഞ ഇനങ്ങളടക്കം സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ടെന്നും ഭക്ഷണങ്ങള്‍ വേര്‍തിരിക്കുന്നതിലും ഷെല്‍ഫ് ലൈഫ് മാനേജ്‌മെന്റിന്റെയും അടിസ്ഥാന പ്രോട്ടോക്കോളുകള്‍ ലംഘിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഭക്ഷ്യ ബിസിനസ് ലൈസന്‍സിന്റെ വ്യവസ്ഥകള്‍ പാലിക്കാത്തതിന്റെ ഗുരുതരമായ പോരായ്മയാണ് ഈ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നതെന്നും പൊതുജനാരോഗ്യത്തിന് അപകടസാധ്യത വര്‍ധിപ്പിക്കുന്നുവെന്നും എഫ്.ഡി.എ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഭക്ഷ്യസുരക്ഷ നിലവാര നിയമത്തിലെ സെക്ഷന്‍ 32(3) പ്രകാരം ലൈസന്‍സ് ഉടനടി റദ്ദുചെയ്യുമെന്നും ലൈസന്‍സിങ് അതോറിറ്റിയില്‍ നിന്നും ഔപചാരികമായി അനുമതി ലഭിക്കുന്നത് വരെ സസ്‌പെന്‍ഷന്‍ പ്രാബല്യത്തിലുണ്ടാവുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Maharashtra cancels ZEPTO’s license for not meeting food safety standards

We use cookies to give you the best possible experience. Learn more