| Monday, 2nd November 2026, 7:33 pm

റോജി എം. ജോണിനെതിരായ പ്രതിഷേധം: മഹാരാജാസിലെ എസ്.എഫ്.ഐ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ മന്ത്രി റോജി എം. ജോണിനെതിരെ പ്രതിഷേധിച്ച എസ്.എഫ്.ഐ നേതാക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. കോളജ് യൂണിയന്‍ ചെയര്‍മാന്‍ പ്രണീല്‍ രാജ്, വൈസ് ചെയര്‍പേഴ്‌സണ്‍ നഫീസത്തുല്‍ മിസ്രിയ എന്നിവരെയാണ് പത്ത് ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും നേതൃത്വത്തില്‍ ചേര്‍ന്ന കോളജ് കൗണ്‍സില്‍ യോഗത്തിലാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ 16 വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ 60 ദിവസമായി തുടരുന്നതിനെതിരെയായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ബിരുദദാന ചടങ്ങിനിടെ വിദ്യാര്‍ത്ഥികള്‍ മന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. വൈസ് ചെയര്‍പേഴ്‌സണ്‍ നഫീസത്തുല്‍ മിസ്രിയ മന്ത്രി റോജി എം. ജോണ്‍ സംസാരിക്കുന്ന വേദിയില്‍ കയറി കാലടി സര്‍വകലാശാലയിലെ വിഷയങ്ങളെക്കുറിച്ച് ചോദ്യങ്ങളുന്നയിക്കുകയും ചെയ്തിരുന്നു.

എസ്.എഫ്.ഐ നേതാക്കളുടെ പ്രതിഷേധത്തിനെതിരെ കെ.എസ്.യു നേതാക്കള്‍ കഴിഞ്ഞ ശനിയാഴ്ച കോളജില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കോളേജ് കൗണ്‍സില്‍ യോഗം ചേരുകയും വിദ്യാര്‍ത്ഥികളെ പുറത്താക്കുകയുമായിരുന്നു.

സസ്‌പെന്‍ഷന്‍ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. സസ്‌പെന്‍ഷന്‍ തീരുമാനത്തിനെതിരെ എസ്.എഫ്.ഐ സംസ്ഥാന നേതൃത്വവും പ്രതിഷേധം അറിയിച്ചു.

സസ്പെന്‍ഷന്‍ നടപടിയെ രാഷ്ട്രീയപരമായി പ്രതിരോധിക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു. സംസ്ഥാന വ്യാപകമായി ചോദ്യങ്ങള്‍ ചോദിക്കും. കാലടി സര്‍വകലാശാലയിലെ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പറയുന്നത്. സര്‍വകലാശാലയുടെ പ്രോ ചാന്‍സലര്‍ ആണ് മന്ത്രി. ഇടപെടാന്‍ കഴിയില്ലെങ്കില്‍ മന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്നും സഞ്ജീവ് പറഞ്ഞു.

കാലടി സര്‍വകലാശാലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് റോജി എം. ജോണ്‍ നടത്തിയ പ്രസ്താവനയില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നോ എന്ന് ചോദിക്കാനാണ് താന്‍ വേദിയില്‍ കയറിയതെന്ന് നഫീസത്തുല്‍ മിസ്രിയ ഒരു മലയാളം ചാനലിനോട് സംസാരിക്കവെ പറഞ്ഞിരുന്നു. ബിരുദദാന ചടങ്ങിനെ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും മിസ്രിയ പറഞ്ഞിരുന്നു.

Content Highlight: Maharajas College Protest- Suspension of SFI Leaders

We use cookies to give you the best possible experience. Learn more