| Friday, 21st November 2025, 12:02 pm

ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ കോടതിയെ സമീപിക്കും: മഹാഗഡ്ബന്ധന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്ന: ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് മഹാഗഡ്ബന്ധന്‍. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും വോട്ടെടുപ്പ് രേഖകള്‍ ആവശ്യപ്പെടുമെന്ന് മഹാഗഡ്ബന്ധന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഫലത്തിൽ അട്ടിമറി നടന്നെന്നും മഹാഗഡ്ബന്ധന്‍ കൂട്ടിച്ചേർത്തു.

നവംബർ 14നായിരുന്നു തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ബീഹാർ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി), കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ ഉൾപ്പെടുന്ന മഹാഗഡ്ബന്ധന്ന് പരാജയമായിരുന്നു ഫലം. സംസ്ഥാനത്തെ 243 സീറ്റുകളിൽ 202 സീറ്റുകളും എൻ.ഡി.എയായിരുന്നു നേടിയിരുന്നു.

തെരഞ്ഞെടുപ്പ് ഫലത്തിൽ മഹാരാഷ്ട്രയിലും ഹരിയാനയിലും ചെയ്തതുപോലെ ബീഹാറിലെയും രേഖകൾ തങ്ങൾ ആവശ്യപ്പെടുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡെ പറഞ്ഞു.

മറ്റു സഖ്യകക്ഷികളുമായി ചേർന്ന് തെരഞ്ഞെടുപ്പ് ഫലങ്ങളെയും പ്രക്രിയകളെയും കോടതിയിൽ ചോദ്യം ചെയ്യുന്നത് ആലോചിക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഗുരുതരമായ അപാകതകൾ ഉണ്ടായിട്ടുണ്ടെന്നും ഫലങ്ങളെ അത് സ്വാധീനിച്ചിട്ടുണ്ടെന്നും ആർ.ജെ.ഡി വക്താവ് ചിത്തരഞ്ജൻ ഗഗൻ പറഞ്ഞു.

സുപ്രീം കോടതിയിലെ ഉന്നത അഭിഭാഷകരുമായും തെരഞ്ഞെടുപ്പ് നിയമ വിദഗ്ധരുമായും കൂടിയാലോചന നടക്കുന്നുണ്ടെന്നും ചിത്തരഞ്ജൻ ഗഗൻ കൂട്ടിച്ചേർത്തു.

പ്രതിപക്ഷത്തിന്റെ പരാജയത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ട് മോഷണമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മഹാഗഡ്ബന്ധൻ നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിന് മഹിളാ റോജ്ഗർ യോജന പ്രകാരം ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് ധനസഹായമായി 10,000 രൂപ വിതരണം ചെയ്യാൻ അനുമതി നൽകിയതായി ഗഗൻ പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷൻ ബീഹാറിൽ വോട്ടർമാരായി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് നാട്ടിലേക്ക് മടങ്ങാൻ പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തിയതായും ഗഗൻ ആരോപിച്ചു.

തെരഞ്ഞെടുപ്പ് സമയത്തെ അപാകതകൾ പരിശോധിക്കുന്നതിനായി ബൂത്ത് തിരിച്ചുള്ള രേഖകളും സി.സി.ടി.വി ദൃശ്യങ്ങളും പാർട്ടികളും ഹരജിക്കാരും ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഈ രേഖകൾ പൊതുജന പരിശോധനയ്ക്കുള്ളതല്ലെന്നും അംഗീകൃത വ്യക്തികളുമായോ കോടതികളുമായോ മാത്രമേ പങ്കിടാൻ സാധിക്കുകയുള്ളൂവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിരുന്നു

Content Highlight: Mahagathbandhan will approach court against Bihar election results

We use cookies to give you the best possible experience. Learn more