തിരുവനന്തപുരം: മഹാബലിയുമായി ബന്ധപ്പെട്ട ഓണ സങ്കല്‍പ്പങ്ങള്‍ക്കെതിരെ പരാമര്‍ശവുമായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടര്‍ കെ.എസ് രാധാകൃഷ്ണന്‍. മഹാബലി കര്‍ക്കശക്കാരനായ ഏകാധിപതിയായ അസുര ചക്രവര്‍ത്തിയായിരുന്നുവെന്ന് കെ.എസ് രാധാകൃഷ്ണന്‍ പറഞ്ഞു.
മഹാബലിയുമായി ബന്ധപ്പെട്ട ഗാനങ്ങളിലൂടെയാണ് അദ്ദേഹം മികച്ച രാജാവായി മാറിയതെന്നും ഒരൊറ്റ ഏകാധിപതിക്ക് മാത്രമേ മനുഷ്യരെല്ലാരും ഒന്നു പോലെയുള്ള കാലമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യ ലൈവ്’ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. മാവേലി നാടുവാണിടും കാലം എന്ന ഗാനമാമണ് മഹാബലിയെ ജനകീയനാക്കിയത്. മനുഷ്യരെല്ലാവരും ഒന്നു പോലെ കഴിയുന്ന സമൂഹം പ്രയോഗികമായി സാധ്യമല്ല.
എല്ലാവരും ഈശ്വരന്‍മാരാവുമ്പോഴോ കടുത്ത ഏകാധിപതിയുടെ ഭരണത്തിന്‍ കീഴില്‍ ആവുമ്പോഴോ മാത്രമാണ് ഒരുപോലെയാണ്. അതിന് തെളിവാണ് അടിയന്തരാവസ്ഥ. മഹാബലി അസുരനും വാമനന്‍ നായകനുമാണ്,’ രാധാകൃഷ്ണന്‍ പറഞ്ഞു. രാജ്യത്തിന്റെ സ്വത്ത് സ്വന്തം ഇഷ്ടപ്രകാരം ഒരാള്‍ക്ക് എടുത്ത് കൊടുക്കാന്‍ ഒരു രാജാവിനും അവകാശമില്ലെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
‘രാജാവിന്റെ കൈയിലുള്ള സ്വത്ത് രാജ്യത്തിന്റെതാണ്. പൊതുസ്വത്ത് സ്വന്തം ഇഷ്ടപ്രകാരം ദാനം ചെയ്യാന്‍ ഒരു രാജാവിനും അവകാശമില്ല. ഞാനാണ് രാജ്യം എന്റെ ഇഷ്ടമാണ് നിയമം എന്ന് കരുതുന്നത് അസുര സ്വഭാവമാണ്. ഇത്തരത്തില്‍ നോക്കുമ്പോള്‍ മഹാബലി ഒരു അസുര ചക്രവര്‍ത്തിയാണ്,’ രാധാകൃഷ്ണന്‍ പറഞ്ഞു.
ഇന്ദിരാഗാന്ധിയും മഹാബലിയെ പോലെ അസുര സ്വഭാവമുള്ളയാളായിരുന്നുവെന്നും അത് പറയുന്നതില്‍ മടികാണിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാബലി അസുര ചക്രവര്‍ത്തിയാണെന്ന് എനിക്ക് മുന്നേ പറഞ്ഞത് വൈലോപ്പിള്ളിയാണെന്നും അദ്ദേഹം പറഞ്ഞു.
ഏത് ഏകാധിപതിയും പാതാളത്തിലേക്ക് താഴ്ത്തപ്പെടും. അതാണ് ചരിത്ര സത്യമെന്നും ഏകാധിപത്യം ഒരു കാലത്തും വിജയിച്ചിട്ടില്ലെന്നും ബി.ജെ.പി നേതാവ് പറഞ്ഞു. ‘ഓണത്തിന് ടൂറിസ്റ്റ് വിസയില്‍ വരുന്നയാളാണ് മഹാബലി. ടൂറിസ്റ്റുകളെ എല്ലാവരും ബഹുമാനിക്കും. അതുകൊണ്ടാണ് ആളുകള്‍ മഹാബലിയെ ബഹുമാനിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
Content Highlight: Mahabali is an autocratic Asura emperor; everyone respects him because he arrives on a tourist visa: BJP leader.