| Saturday, 12th September 2026, 6:33 pm

കമലാസനനും കോമളനും കൂടി ചേര്‍ന്ന ഡോണ്‍ ലിംഗ, ഒ.ടി.ടിയില്‍ മഗുഡത്തെ നിലത്ത് നിര്‍ത്താതെ ട്രോളന്മാര്‍

അമര്‍നാഥ് എം.

ഈ വര്‍ഷത്തെ ഏറ്റവും മോശം സിനിമയെന്ന് പലരും കണ്ണുംപൂട്ടി വിശേഷിപ്പിച്ച ചിത്രമാണ് മഗുഡം. ആക്ഷന്‍ ഹീറോയായി തിളങ്ങിനിന്ന വിശാല്‍ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രം തിയേറ്ററില്‍ വന്നതിനെക്കാള്‍ വേഗത്തില്‍ വാഷൗട്ടായി. 30 കോടി മുടക്കി മൂന്ന് കോടി നേടിയ മഗുഡം ഒ.ടി.ടിയിലെത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

തിയേറ്ററിലെ അതേ അഭിപ്രായം തന്നെയാണ് ഒ.ടി.ടി റിലീസിലും മഗുഡത്തിന് ലഭിക്കുന്നത്. എം.ജി.ആറിന്റെ വിളിപ്പേരായ പുരട്ചി തലൈവറില്‍ നിന്ന് പുരട്ചിയും വിജയ്‌യുടെ ഇളയ ദളപതിയില്‍ നിന്ന് ദളപതിയും എടുത്ത് ‘പുരട്ചി ദളപതി’ എന്ന ടൈറ്റിലോടെയാണ് വിശാല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംവിധാനം ചെയ്ത ആദ്യ സിനിമ ഇത്രയും വലിയ ട്രോള്‍ മെറ്റീരിയലാക്കാന്‍ വിശാലിന് മാത്രമേ സാധിക്കുള്ളൂ എന്നാണ് പലരുടെയും കമന്റ്. ഓരോ സീനും ഒന്നിനൊന്ന് മികച്ച കോമഡിയാണെന്നാണ് ട്രോള്‍ പേജുകള്‍ അഭിപ്രായപ്പെടുന്നത്.

സീരിയസ് സീനുകളില്‍ ഇതുപോലെ ചിരിച്ച സിനിമ അടുത്തൊന്നും വേറെ കണ്ടിട്ടില്ലെന്നും കമന്റുകളുണ്ട്. എന്നാല്‍ ഏറ്റവും ചര്‍ച്ചയാകുന്നത് നായകനായ വിശാലിന്റെ മേക്കപ്പാണ്. മൂന്ന് ഗെറ്റപ്പിലാണ് താരം മഗുഡത്തില്‍ വേഷമിട്ടത്. വയസായ കഥാപാത്രത്തിനായി പ്രത്യേകം പ്രോസ്‌തെറ്റിക് മേക്കപ്പെല്ലാം കൊണ്ടുവന്നിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും അതെല്ലാം ട്രോളന്മാരുടെ ഇരയായി മാറിയിരിക്കുകയാണ്.

ലിംഗ എന്ന ഗ്യാങ്‌സ്റ്ററിന്റെ രണ്ട് ഗെറ്റപ്പിലാണ് വിശാല്‍ പ്രത്യക്ഷപ്പെടുന്നത്. ഇതില്‍ ചെറുപ്പത്തിലെ ലുക്ക് വെനീസിലെ വ്യാപാരി എന്ന ചിത്രത്തില്‍ സലിംകുമാര്‍ അവതരിപ്പിച്ച കമലാസനനെ ഓര്‍മിപ്പിക്കുന്നു എന്നാണ് കമന്റുകള്‍. പ്രായമായ ലുക്കാകട്ടെ, കൊച്ചിരാജാവില്‍ ഹരിശ്രീ അശോകന്‍ ‘റിച്ച് ഡാഡി’യായി വരുമ്പോഴുള്ള ലുക്കിനെ ഓര്‍മിപ്പിക്കുന്നെന്നും കമന്റുകളുണ്ട്.

ഇതിന് പുറമെ ‘കിഡ്‌നി ടച്ചിങ്ങായിട്ടുള്ള’ ഇമോഷണല്‍ സീനുകളുടെ കലവറ കൂടിയാണ് മഗുഡം. സെക്കന്‍ഡ് ഹാഫില്‍ വിശാല്‍ അവതരിപ്പിക്കുന്ന ലിംഗ നായികയെ പ്രൊപ്പോസ് ചെയ്യുമ്പോള്‍ ‘എന്റെ അമ്മയോട് ചോദിച്ചിട്ട് പറയാം’ എന്ന് അഞ്ജലിയുടെ കഥാപാത്രം മറുപടി നല്‍കുന്നു. കടലോരത്ത് മീന്‍ വില്‍ക്കുന്ന അന്നപൂര്‍ണി കടലിലേക്ക് നോക്കി ‘അമ്മേ ഞാന്‍ ഇയാളെ കല്യാണം കഴിക്കട്ടെ’ എന്ന് പറയുമ്പോള്‍ തിരമാലയടിക്കുന്ന സീനാണ് കാണിക്കുന്നത്.

കടലാണ് തന്റെ അമ്മയെന്ന് വിശാലും പറയുന്ന സീന്‍ ഇപ്പോള്‍ സിനിമാപേജുകളില്‍ ആളുകളെ ചിരിപ്പിക്കുകയാണ്. നരനിലെ മുള്ളന്‍കൊല്ലി വേലായുധന് പുഴയാണ് അമ്മയെങ്കില്‍ ലിംഗ സാറിന് കടലാണ് അമ്മയെന്ന് ട്രോളന്മാര്‍ കമന്റ് പങ്കുവെക്കുന്നു. നൂറുകണക്കിന് ആന്റിമാരെ അണിനിരത്തി ഫൈറ്റ് ചെയ്യിച്ച ‘ആന്റി ക്ലൈമാക്‌സി’നെയും വെറുതെ വിടുന്നില്ല.

Content Highlight: Magudam getting trolls after OTT release

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more