| Wednesday, 12th March 2025, 8:27 pm

കെ.സി. വേണുഗോപാലിന്റെ ഹരജിയില്‍ ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസെടുക്കാന്‍ ഉത്തരവിട്ട് മജിസ്‌ട്രേറ്റ് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഹരജിയില്‍ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസെടുക്കാന്‍ ഉത്തരവിട്ട് ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്തെ ശോഭ സുരേന്ദ്രന്റെ പരാമര്‍ശത്തിനെതിരെയാണ് കെ.സി. വേണുഗോപാല്‍ കോടതിയെ സമീപിച്ചത്.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തനിക്കെതിരെ ശോഭ സുരേന്ദ്രന്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു എന്ന് കാണിച്ചാണ് കെ.സി. വേണുഗോപാല്‍ കേസ് ഫയല്‍ ചെയ്തത്.

പൊതുസമൂഹത്തില്‍ വ്യക്തിഹത്യ നടത്താനും ആശയക്കുഴപ്പം സൃഷ്ടിക്കാനും ശോഭാ സുരേന്ദ്രന്‍ ബോധപൂര്‍വം ശ്രമം നടത്തിയെന്ന് ഹരജിയില്‍ ആരോപണമുണ്ട്. പ്രസ്താവന പിന്‍വലിച്ച് ശോഭ സുരേന്ദ്രന്‍ മാപ്പ് പറയണമെന്ന്‌ ചൂണ്ടിക്കാട്ടി കെ.സി. വേണുഗോപാല്‍ ശോഭാ സുരേന്ദ്രന്‌ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും ശോഭാ സുരേന്ദ്രന്‍ മാപ്പ് പറയാത്തതിനാല്‍ കെ.സി വേണുഗോപാല്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹരജി പരിഗണിച്ചാണ് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്. കോണ്‍ഗ്രസ് എം.എല്‍.എ മാത്യു കുഴല്‍നാടന്‍, ആര്‍. സനല്‍ കുമാര്‍, അഡ്വ. കെ. ലാലി ജോസഫ് എന്നിവര്‍ മുഖേനയാണ് കെ.സി വേണുഗോപാല്‍ കോടതിയെ സമീപിച്ചത്.

സംഭവുമായി ബന്ധപ്പെട്ട് നേരത്തെതന്നെ കെ.സി വേണുഗോപാല്‍ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്.

Content Highlight: Magistrate’s Court orders defamation case against Shobha Surendran on K.C. Venugopal’s petition

We use cookies to give you the best possible experience. Learn more