ന്യൂയോര്‍ക്ക്: ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തന്നെ ജയില്‍മോചിതയാക്കണമെന്ന് ആവശ്യപ്പെട്ട് വെനസ്വേലന്‍ മുന്‍ പ്രഥമ വനിത സീലിയ ഫ്‌ലോറസ് ഡി മഡുറോ.
വിചാരണയ്ക്ക് മുമ്പുള്ള മോചന അപേക്ഷയില്‍, സീലീയയെ മാന്‍ഹാട്ടണില്‍ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്നാണ് അവരുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടത് . ആരോഗ്യം വഷളാവുന്നുവെന്നും അടിയന്തിര ചികിത്സ ആവശ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ജനുവരി മൂന്നിനാണ് മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കേസുകളില്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്രേ്‌ലാറസിനെയും അമേരിക്കന്‍ സൈന്യം പിടികൂടിയത്. നിലവില്‍ ബ്രൂക്‌ലിനിലെ ഫെഡറല്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണ് 69കാരിയായ സീലിയ.
‘പിടികൂടുന്നതിനുമുന്‍പ് സീലിയ ആരോഗ്യവതിയായിരുന്നു. മൈട്രല്‍ വാല്‍വ് പ്രൊലാപ്‌സിനു മാസത്തില്‍ ഒരു കുത്തിവെപ്പ് എടുത്തിരുന്നതല്ലാതെ വേറെ മരുന്നുകളൊന്നും കഴിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നാല് തരം മരുന്നുകള്‍ അവര്‍ കഴിക്കുന്നുണ്ട്. ഹൃദയാഘാതം തടയാന്‍ നൈട്രോഗ്ലിസറിന്‍ ഗുളികകള്‍ സദാസമയം കൊണ്ടുനടക്കുന്നു. ഡോക്ടര്‍മാര്‍ കൊറോണറി എക്‌സ്‌പ്ലൊറേഷനും ശസ്ത്രക്രിയയും നിര്‍ദേശിച്ചിട്ടുണ്ട്’, അപേക്ഷയില്‍ പറയുന്നു.
ജയിലില്‍ സീലീയയ്ക്ക് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല എന്ന് അപേക്ഷയില്‍ പറയുന്നു. എന്നാല്‍ ഹൃദയശസ്ത്രക്രിയക്ക് വിധേയയായാല്‍ ആരോഗ്യം വീണ്ടെടുക്കാനും വിശ്രമത്തിനുമുള്ള സൗകര്യങ്ങള്‍ ജയിലില്‍ ലഭ്യമല്ല.
ജൂലൈ 29ന് സീലിയക്ക് ചെറിയ ഹൃദയാഘാതം വന്നതായും അഭിഭാഷകര്‍ പറയുന്നു.
മൈട്രല്‍ വാല്‍വ് പ്രൊലാപ്‌സിനെടുക്കുന്ന കുത്തിവെയ്പ് ജയിലില്‍ എത്തിയതിനു ശേഷം ലഭിച്ചിട്ടില്ല. അതിനുപകരം നെഞ്ചുവേദന വരുമ്പോള്‍ ബേബി ആസ്പിരിന്‍, സ്റ്റാറ്റിന്‍, ഡില്‍ട്ടിയാസം, നൈട്രോഗ്ലിസറിന്‍ എന്നിവ നിര്‍ദേശിച്ചിരുന്നു.
വീട്ടുതടങ്കലിലേക്ക് മാറ്റിയാല്‍ 24 മണിക്കൂര്‍ സായുധ നിരീക്ഷണം, ഫോണ്‍ കോള്‍ റെക്കോഡിങ്, വീഡിയോ മോണിട്ടറിങ് തുടങ്ങിയ നിബന്ധനകള്‍ക്ക് തയ്യാറാണെന്ന് സീലിയയുടെ അഭിഭാഷകര്‍ അറിയിച്ചു. വീട്ടുതടങ്കലില്‍ വിചാരണ കാത്തിരിക്കുമ്പോള്‍ കോടതിയും പ്രോസിക്യൂട്ടര്‍മാരും അംഗീകരിച്ച ആളുകളെ മാത്രമേ സന്ദര്‍ശിക്കാന്‍ അനുവദിക്കൂ.
അപേക്ഷയില്‍ ജഡ്ജ് ആല്‍വിന്‍ കെ ഹെല്ലെര്‍സ്റ്റീന്‍ ഇതുവരെ വിധി പറഞ്ഞിട്ടില്ല.
Content Highlight: Maduro’s wife seeks home detention as heart condition worsens in US custody