| Monday, 5th January 2026, 7:01 am

മഡൂറോയെയും പങ്കാളിയെയും ഇന്ന് ന്യൂയോർക്ക് കോടതിയിൽ ഹാജരാക്കും

ശ്രീലക്ഷ്മി എ.വി.

ന്യൂയോർക്ക്: വെനസ്വേലയിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ അമേരിക്ക ബന്ദികളാക്കിയ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും പങ്കാളി സിലിയ ഫ്‌ളോറസിനെയും ഇന്ന് (തിങ്കൾ) ന്യൂയോർക്ക് കോടതിയിൽ ഹാജരാക്കും. മൻഹട്ടനിലെ ഫെഡറൽ കോടതിയിലാണ് ഹാജരാക്കുക.

ശനിയാഴ്ച ന്യൂയോർക്കിൽ വിമാനമിറങ്ങിയ മഡൂറോയും പങ്കാളിയും ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിസ്റ്റിങ്ഷൻ സെന്ററിൽ തടവിലാണെന്ന് സി.ബി.എസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

മയക്കുമരുന്ന് കടത്ത്, തീവ്രവാദ സംഘടനകളുമായി പ്രവർത്തിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ഫെഡറൽ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

മഡൂറോയെ ബന്ദിയാക്കിയതിനെതിരെ ബ്രൂക്ലിൻ ജയിലിന് പുറത്ത് പ്രതിഷേധമുയർന്നിരുന്നു.

രാജ്യത്തിനെതിരായ യു.എസ് നടപടി അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വത്തിന്റെ ലംഘനമാണെന്ന് വെനസ്വേലൻ വിദേശകാര്യമന്ത്രി ഇവാൻ ഗിൽ പറഞ്ഞു. ഒരു പ്രസിഡന്റിനെ ബന്ദിയാക്കുന്നവർ ഒരു ജനതയുടെ പരമാധികാരത്തെയാണ് ബന്ദിയാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘മുഖമൂടികൾ അഴിഞ്ഞുവീണു, ഒരു പ്രസിഡന്റിനെ ബന്ദിയാക്കുന്നവർ ഒരു ജനതയുടെ പരമാധികാരത്തെയാണ് ബന്ദിയാക്കുന്നത്. വെനിസ്വേലയുടെ പ്രകൃതി, ഊർജ്ജ വിഭവങ്ങളിൽ മാത്രമാണ് അമേരിക്കൻ ഗവൺമെന്റിന് താൽപ്പര്യം,’ അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സ്‌ഫോടനമുണ്ടായത്. വിവിധ സംസ്ഥാനങ്ങളിലെ സൈനിക ജനവാസ കേന്ദ്രങ്ങൾക്ക് നേരെയാണ് യു.എസ് ആക്രമണം നടത്തിയത്.

രാജ്യത്തുടനീളം ഏഴ് സ്ഫോടനങ്ങളാണ് റിപ്പോർട്ട് ചെയ്‌തിരുന്നത്. ആക്രമണത്തെ തുടർന്ന് മഡുറോ വെനസ്വേലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ യു.എസ് മഡുറോയെയും ഭാര്യയെയും ബന്ദികളാക്കുകയായിരുന്നു.

വെനസ്വേലയ്‌ക്കെതിരായ യു.എസ് നടപടികളെ റഷ്യ, ക്യൂബ, കൊളംബിയ, ഇറാൻ എന്നീ രാജ്യങ്ങൾ അപലപിച്ചിരുന്നു.

Content Highlight: Maduro and his wife to appear in New York court today

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more