ചെന്നൈ: സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിലേറെയായിട്ടും ജാതിയുടെ പേരിൽ മനുഷ്യരെ ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കാതിരിക്കുന്നത് ഞെട്ടിപ്പിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച്. കരൂരിലെ ചിന്ന ധാരാപുരത്തുള്ള മാരിയമ്മൻ ക്ഷേത്രത്തിൽ നടന്ന ജാതിയധിക്ഷേപവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.
തമിഴ്‌നാട്ടിലെ അരിയല്ലൂർ ജില്ലയിലെ കരൂരിലെ പുതുക്കുടി ഗ്രാമത്തിലെ എ. വെങ്കിടേശൻ സമർപ്പിച്ച ഹരജി തീർപ്പാക്കുകയായിരുന്നു കോടതി. ഏഴുവൈഗയ്യര എന്നറിയപ്പെടുന്ന ഒരു ‘പ്രബല’ ജാതി വിഭാഗം പട്ടികജാതി (എസ്.സി) വിഭാഗത്തിലുള്ള ആളുകൾക്ക് അയ്യനാർ ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചതായി ഹരജിക്കാരൻ പറയുന്നു.
ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരം അനീതികൾ നടക്കുന്നത് തടയണമെന്ന് കോടതി പറഞ്ഞു.
‘പട്ടികജാതി വിഭാഗങ്ങളിൽ പെട്ടവരാണെന്ന കാരണത്താൽ വ്യക്തികളെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടയുന്നത് അവരെ അപമാനിക്കുന്നതാണ്. ഭരണഘടനയിൽ അധിഷ്ഠിതമായ ഒരു ജനാധിപത്യ രാജ്യത്ത് ഇത് ഒരിക്കലും അനുവദിക്കാൻ കഴിയില്ല,’ ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് പറഞ്ഞു.
1947 ലെ തമിഴ്‌നാട് ക്ഷേത്ര പ്രവേശന അധികാര നിയമം ഉദ്ധരിച്ച ജസ്റ്റിസ് വെങ്കിടേഷ്, ജാതിയോ വിഭാഗമോ പരിഗണിക്കാതെ എല്ലാ ഹിന്ദുക്കൾക്കും ഏതൊരു ഹിന്ദു ക്ഷേത്രത്തിലും പ്രവേശിക്കാനും പ്രാർത്ഥന നടത്താനും തുല്യ അവകാശമുണ്ടെന്ന് പ്രസ്താവിച്ചു.
തുടർന്ന് ജാതി വ്യത്യാസമില്ലാതെ എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ അരിയല്ലൂർ പൊലീസ് സൂപ്രണ്ടിനോടും ഉദയാർപാളയം റവന്യൂ ഡിവിഷണൽ ഓഫീസറോടും കോടതി ഉത്തരവിട്ടു. വാർഷിക ഉത്സവം ഉൾപ്പെടെ എല്ലാ സമയത്തും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണമെന്ന് കോടതി ഉത്തരവിട്ടു. ക്ഷേത്ര പ്രവേശനം തടയാനും ക്രമസമാധാനം നിലനിർത്താനും ആരെങ്കിലും ശ്രമിച്ചാൽ നിയമനടപടി സ്വീകരിക്കാനും കോടതി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
‘ജാതിയുടെ പേരിൽ ആരെയെങ്കിലും ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയാൽ, അത് നടപടിയെടുക്കാവുന്ന കുറ്റകൃത്യമാണ്. അത്തരം കുറ്റകൃത്യങ്ങൾ നടത്തുന്ന വ്യക്തിക്കെതിരെ കേസെടുക്കുകയോ പ്രോസിക്യൂട്ട് ചെയ്യുകയോ ചെയ്യാം,’ കോടതി കൂട്ടിച്ചേർത്തു.
2019ൽ ക്ഷേത്ര പുനരുദ്ധാരണത്തിന് പട്ടികജാതിക്കാർ സാമ്പത്തികമായി സംഭാവന നൽകിയെങ്കിലും പിന്നീട് അവരെ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയെന്ന് ഹരജിക്കാരൻ പരാതിപ്പെട്ടു. ഏഴുവൈഗയ്യര വിഭാഗക്കാർ ദളിതർ നിർമിച്ച നിർമിതികൾ പൊളിച്ചുമാറ്റുകയും സംഭാവന ചെയ്ത അയ്യനാർ പ്രതിമ നീക്കം ചെയ്ത് ക്ഷേത്രക്കിണറ്റിൽ നിക്ഷേപിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ഹരജിയിൽ പറഞ്ഞു. ദളിതർ പ്രവേശിക്കുന്നത് തടയാൻ ക്ഷേത്രത്തിൽ ഇരുമ്പ് ഗേറ്റും സ്ഥാപിച്ചു. ഇതോടെ ഇവർ പുറത്ത് നിന്ന് ആരാധന നടത്താൻ നിർബന്ധിതരായി.
Content Highlight: Madurai Bench of Madras HC raps collector, police for inaction over caste discrimination in temple