| Tuesday, 8th July 2025, 4:12 pm

ശിവഗംഗയിലെ കസ്റ്റഡി മരണം കൊലപാതകമെന്ന് മദ്രാസ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട് ശിവഗംഗയിലെ ക്ഷേത്രജീവനക്കാരന്‍ അജിത്തിന്റെ മരണം കസ്റ്റഡി കൊലപാതകമെന്ന് സ്ഥിരീകരിച്ച് മദ്രാസ് ഹൈക്കോടതി. ജുഡീഷ്യല്‍ അന്വേഷണത്തിലാണ് സ്ഥിരീകരണം.

സി.ബി.ഐ അന്വേഷണത്തില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കുമെന്നും കോടതി പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാക്കി ഓഗസ്റ്റ് 20നകം അധികാരപരിധിയിലുള്ള കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിർദേശിച്ചു.

അജിത്തിന്റെ മരണത്തില്‍ നിലവില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായിരിക്കുന്നത്. ജൂണ്‍ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മദപുരം കാളിയമ്മന്‍ ക്ഷേത്രത്തില്‍ സെക്യൂരിറ്റിയായി ചെയ്ത് വരികയായിരുന്നു അജിത് കുമാര്‍. ജൂണ്‍ അവസാനത്തില്‍ തിരുപുവനം പൊലീസ് ഒരു മോഷണ പരാതിയില്‍ അജിത്തിനെ കസ്റ്റഡിയിലെടുത്തിരുന്നു.

കാര്‍ പാര്‍ക്ക് ചെയ്യാന്‍ അജിത്തിന്റെ സഹായം തേടിയ 42കാരിയുടെ പരാതിയിലായിരുന്നു പൊലീസ് നടപടി. പാര്‍ക്ക് ചെയ്തതിന് ശേഷം കാറിലുണ്ടായിരുന്ന 80 ഗ്രാം ആഭരണങ്ങള്‍ നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി. ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും അജിത്തിനെ സ്റ്റേഷനിലേക്ക് വീണ്ടും പൊലീസ് വിളിച്ചുവരുത്തുകയായിരുന്നു.

പിന്നീട് അജിത് മരിച്ചെന്നെ വിവരമാണ് അറിയാന്‍ കഴിഞ്ഞതെന്ന് കുടുംബം പറയുന്നു. അജിത് അസുഖ ബാധിതനായിരുന്നുവെന്നും ഇതിനെ തുടര്‍ന്നായിരുന്നു മരണമെന്നുമാണ് പൊലീസ് ആദ്യം കുടുംബത്തെ അറിയിച്ചിരുന്നത്.

എന്നാല്‍ കസ്റ്റഡിയില്‍ വെച്ച് അജിത് ഉള്‍പ്പെടെ നാല് പേര്‍ ക്രൂരമായി മര്‍ദിക്കപ്പെട്ടുവെന്ന് സഹോദരന്‍ നവീന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കുറ്റം സമ്മതിക്കാന്‍ ആവശ്യപ്പെട്ട് അരമണിക്കൂറോളം വായ മൂടിക്കെട്ടി പൊലീസ് തന്നെ മര്‍ദിച്ചതായും നവീന്‍ പറഞ്ഞിരുന്നു.

ഇതിനിടെ കാര്‍ ഓടിക്കാന്‍ അറിയാത്ത അജിത് പാര്‍ക്കിങ്ങിനായി മറ്റൊരാളുടെ സഹായം തേടിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനുപിന്നാലെ കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അജിത്തിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കുടുംബം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

നിലവില്‍ കേസിലെ വിശദമായ അന്വേഷണത്തിനായി കോടതി സി.ബി.ഐയെ ചുമതലപ്പെടുത്തി. ഒരാഴ്ചക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും നിര്‍ദേശമുണ്ട്. ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ള അഞ്ച് ഉദ്യോഗസ്ഥരില്‍ മാത്രമായി അന്വേഷണം ഒതുങ്ങരുതെന്നും കൂടുതല്‍ പ്രതികളുണ്ടെങ്കില്‍ അവരെ പുറത്തുകൊണ്ടുവരണമെന്നും കോടതി നിര്‍ദേശിച്ചു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, കഴിഞ്ഞ നാല് വര്‍ഷത്തിനിടെ തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 24 കസ്റ്റഡി മരണങ്ങളാണ്. ഈ കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlight: Madras Highcourt rules custodial death in Sivaganga as murder

We use cookies to give you the best possible experience. Learn more