| Wednesday, 21st January 2026, 5:51 pm

'ഉദയനിധിയുടെ സനാതന പരാമര്‍ശം വിദ്വേഷ പ്രസംഗത്തിന് തുല്യം'; അമിത് മാളവ്യക്കെതിരായ കേസ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

രാഗേന്ദു. പി.ആര്‍

ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശം വളച്ചൊടിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി.

മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് കേസ് റദ്ദാക്കിയത്. 2023ല്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് റദ്ദാക്കിയിരിക്കുന്നത്. അതേസമയം ഉദയനിധിയുടെ പ്രസ്താവന വിദ്വേഷ പ്രസംഗത്തിന് തുല്യമാണെന്ന് ജസ്റ്റിസ് എസ്. ശ്രീമതി പറഞ്ഞു.

വിദ്വേഷ പ്രസംഗം നടത്തിയ മന്ത്രിയെ എതിര്‍ക്കുന്ന ഒരാള്‍ കുറ്റം ചെയ്തുവെന്ന് പറയാനാകില്ലെന്നും ജഡ്ജി വ്യക്തമാക്കി. വസ്തുതകള്‍ ഉന്നയിച്ച് ഉദയനിധിയെ മാളവ്യ ചോദ്യം ചെയ്യുകയാണ് ഉണ്ടായത്. അല്ലാതെ മന്ത്രിക്കോ മന്ത്രിയുടെ പാര്‍ട്ടിക്കോ എതിരെ പ്രക്ഷോഭം നടത്താന്‍ ആരും ആഹ്വാനം ചെയ്തിട്ടില്ലെന്നും ജഡ്ജി പറഞ്ഞു.

കഴിഞ്ഞ 100 വര്‍ഷമായി ദ്രാവിഡര്‍ കഴകവും തുടര്‍ന്ന് ഡി.എം.കെയും ഹിന്ദുമതത്തിനെതിരെ വ്യകതമായ ആക്രമണമാണ് നടത്തുന്നതെന്നും ജഡ്ജി ആരോപിച്ചു. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ കോടതിക്ക് വേദനയുണ്ടെന്നും ജഡ്ജി പറഞ്ഞു.

പ്രതികരിച്ച വ്യക്തിയെ കോടതികള്‍ ചോദ്യം ചെയ്യുന്നുവെന്നും വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്ക് എതിരെ നിയമനടപടിയില്ലെന്നും വിമര്‍ശനമുണ്ട്.

2023ലായിരുന്നു ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മത്തെ കുറിച്ചുള്ള പരാമര്‍ശം നടത്തിയത്. സനാതനമെന്നത് ഡെങ്കുവിനെയും മലേറിയയേയും പോലെ സാംക്രമിക രോഗങ്ങള്‍ക്ക് സമാനമാണെന്നും ഇത് തുടച്ചുനീക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

സനാതന ധര്‍മം പകര്‍ച്ചവ്യാധി പോലെ പടരുന്ന ഒന്നാണെന്നും അത് സമൂഹത്തില്‍ തുല്യത ഇല്ലാതാക്കുമെന്നും ഉദയനിധി പറഞ്ഞിരുന്നു.

‘എന്താണ് സനാതനം? ഈ പേര് സംസ്‌കൃതത്തില്‍ നിന്ന് വന്നതാണ്. സനാതന ധര്‍മം സമത്വത്തിനും സാമൂഹിക നീതിക്കും എതിരാണ്. അത് ശാശ്വതമാണ്. അതായത്, അത് മാറ്റാന്‍ കഴിയില്ല. ആര്‍ക്കും അതിനെതിരെ ഒരു ചോദ്യവും ഉന്നയിക്കാന്‍ കഴിയില്ല. അതാണ് സനാതന ധര്‍മത്തിന്റെ അര്‍ത്ഥം. സനാതന ധര്‍മം ജനങ്ങളെ ജാതിയുടെ അടിസ്ഥാനത്തില്‍ വിഭജിക്കുകയാണ് ചെയ്തത്,’ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഈ പ്രസ്താവനയെ എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ അമിത് മാളവ്യ വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മാളവ്യക്കെതിരെ കേസെടുത്തത്. തമിഴ്നാട്ടിലെ തിരുച്ചി സിറ്റി പൊലീസിന്റേതായിരുന്നു നടപടി.

Content Highlight: Madras Highcourt quashes case registered against Amit Malviya for allegedly distorting Udayanidhi’s Sanatana statement

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more