സെന്‍സര്‍ ബോര്‍ഡിന് തിരിച്ചടി. ജന നായകന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. ചിത്രത്തിന്റെ റിലീസ് അടുത്തിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ അണിയറപ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
U/A സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് കോടതി വിധിച്ചത്. ചിത്രത്തില്‍ ആവശ്യപ്പെട്ടതിലധികം മാറ്റങ്ങള്‍ വരുത്തണമെന്ന ബോര്‍ഡിന്റെ നിര്‍ദേശവും കോടതി തള്ളിക്കളഞ്ഞു. ഇന്ന് തന്നെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ പുതിയ റിലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷ.
ഡിസംബര്‍ 19ന് സെന്‍സര്‍ ബോര്‍ഡിന് മുമ്പാകെ ചിത്രം സമര്‍പ്പിച്ചിരുന്നു. 27 ഇടങ്ങളില്‍ കട്ടും മ്യൂട്ടും ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. മാറ്റങ്ങള്‍ വരുത്തിയതിന് ശേഷവും സര്‍ട്ടിഫിക്കറ്റ് നല്‍കാതെ സെന്‍സര്‍ ബോര്‍ഡ് ജന നായകനെ പ്രതിസന്ധിയിലാക്കി. ചിത്രം റിവൈസിങ് കമ്മിറ്റി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡ് അംഗങ്ങളില്‍ ഒരാള്‍ പരാതി നല്‍കുകയായിരുന്നു.
എന്നാല്‍ ഇത് ചിത്രത്തിന്റെ റിലീസ് കൂടുതല്‍ പ്രതിസന്ധിയിലാക്കി. റിലീസിന് മൂന്ന് ദിവസം ബാക്കിയുള്ളപ്പോഴും സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയാറായില്ല. ഇതോടെ നിര്‍മാതാക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇരുഭാഗങ്ങളുടെയും വാദം കേട്ട ശേഷം കോടതി ഇന്ന് വിധി പറയുമെന്ന് അറിയിച്ചു.
കോടതി വിധി പുറത്തുവിടാന്‍ വൈകിയതിനാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കപ്പെടുകയായിരുന്നു. ഇന്നായിരുന്നു ജന നായകന്‍ റിലീസ് ചെയ്യേണ്ടിയിരുന്നത്. ഇന്ന് തന്നെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ അധികം വൈകാതെ ജന നായകന്‍ തിയേറ്ററുകളിലെത്തും. ജനുവരി 11,14,23 എന്നിവയാണ് പ്രതീക്ഷിക്കുന്ന റിലീസ് ഡേറ്റുകള്‍.
Content Highlight: Madras High Court verdict positive for Jana Nayagan movie