| Sunday, 21st December 2025, 11:28 am

അഭിഭാഷകന് ഫീസില്ല; മധുര കോര്‍പ്പറേഷന് ഹൈക്കോടതിയുടെ വിമര്‍ശനം, പ്രവാചകന്റെ വാക്കുകള്‍ ഉദ്ധരിച്ച് ജഡ്ജി

രാഗേന്ദു. പി.ആര്‍

ചെന്നൈ: അഭിഭാഷകന് തുടര്‍ച്ചയായി പ്രൊഫഷണല്‍ ഫീസ് നിഷേധിച്ച മധുര കോര്‍പ്പറേഷന് മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം. ഫീസിന്റെ കാര്യത്തില്‍ ഉടന്‍ നീക്കുപോക്കുകള്‍ ഉണ്ടാകണമെന്ന് കോടതി ഉത്തരവിട്ടു.

1992 മുതല്‍ 2006 വരെ മധുര സിറ്റി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ സ്റ്റാന്‍ഡിങ് കൗണ്‍സിലായി പ്രവര്‍ത്തിച്ച പി. തിരുമലൈയാണ് ഫീസ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥനാണ് അഭിഭാഷകന്റെ ഹരജി പരിഗണിച്ചത്. പ്രവാചകന്റെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു ജസ്റ്റിസ് സ്വാമിനാഥന്റെ നിരീക്ഷണം.

‘തൊഴിലാളിയുടെ വിയര്‍പ്പ് വറ്റുന്നതിന് മുമ്പ് ശമ്പളം നല്‍കണമെന്ന് പ്രവാചകന്‍ പറഞ്ഞതായി പറയപ്പെടുന്നു. പ്രവാചകന്റെ ഈ വാക്കുകള്‍ അഭിഭാഷകന്‍ ഉന്നയിച്ച വാദങ്ങളോട് ബന്ധപ്പെട്ടിരിക്കുന്നു,’ കോടതി പറഞ്ഞു.

അമിതമായ ഫീസ് ഈടാക്കുന്ന അഭിഭാഷകരെ നിയമിക്കുന്ന രീതിയെയും കോടതി വിമര്‍ശിച്ചു. ഒരു മുതിര്‍ന്ന അഭിഭാഷകന് ഓരോ ഹാജരാകലിനും നാല് ലക്ഷം രൂപ വീതം നല്‍കിയ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം.

അഭിഭാഷകന്‍ സാമ്പത്തികമായി പ്രതിസന്ധിയിലാണ്. നിലവില്‍ കോടതി സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ കൈപ്പറ്റുന്നതിനുള്ള ചെലവ് വഹിക്കാന്‍ ഹരജിക്കാരന് സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

മധുര ജില്ലാ കോടതിയിലാണ് കോര്‍പ്പറേഷന് വേണ്ടി പ്രധാനമായും അഭിഭാഷകന്‍ ഹാജരായിരുന്നത്. ഇങ്ങനെ നൂറിലധികം കേസുകളില്‍ ഹാജരായ അഭിഭാഷകന് 13.05 ലക്ഷം രൂപയാണ് ഫീസായി ലഭിക്കാനുള്ളത്.

ഇതില്‍ 1.02 ലക്ഷം രൂപ കോര്‍പ്പറേഷന്‍ കൈമാറിയിട്ടുണ്ട്. ബാക്കിയുള്ള 13. 05 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് അഭിഭാഷകന്റെ പരാതി. 2006ലാണ് അഭിഭാഷകന്‍ ആദ്യമായി റിട്ട് ഹരജി ഫയല്‍ ചെയ്തത്.

818 കേസുകളിലാണ് കോര്‍പ്പറേഷന് വേണ്ടി അഭിഭാഷകന്‍ ഹാജരായിട്ടുള്ളത്. ഈ കേസുകള്‍ സംബന്ധിച്ച് മധുര ജില്ലാ കോടതിയുമായി ബന്ധപ്പെട്ട ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് വിവരം തേടണമെന്നും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ വാങ്ങി രണ്ട് മാസത്തിനുള്ളില്‍ ഹരജിക്കാരന് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. രണ്ട് മാസത്തിനുള്ളില്‍ ഫീസ് ബില്ലുകളില്‍ തീരുമാനമുണ്ടാകണമെന്നാണ് നിര്‍ദേശം.

Content Highlight: Madras High Court criticizes Madurai Corporation for repeatedly denying professional fees to advocate

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more