| Tuesday, 22nd July 2025, 9:13 am

ഡി.എം.കെ അംഗത്വ പരിപാടിയില്‍ ഒ.ടി.പി വെരിഫിക്കേഷന്‍ ഉപയോഗിക്കുന്നതില്‍ മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പാര്‍ട്ടിയില്‍ അംഗത്വമെടുക്കാനുള്ള ഡി.എം.കെയുടെ എന്റോള്‍മെന്റ് ഡ്രൈവ് ‘ഒരണിയില്‍ തമിഴ്‌നാടി’ല്‍ ഒ.ടി.പി വെരിഫിക്കേഷന്‍ ഉപയോഗിക്കുന്നതില്‍ ഹൈക്കോടതി വിലക്ക്. ജനങ്ങളുടെ സ്വകാര്യതയും ഡാറ്റ സുരക്ഷിതത്വവും കണക്കിലെടുത്താണ് മദ്രാസ് ഹൈക്കോടതിയുടെ നടപടി. പൊതുതാത്പര്യ ഹരജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തിയത്.

ഒരണിയില്‍ തമിഴ്‌നാട് എന്നത് തമിഴ്‌നാട്ടിലെ പ്രമുഖ പാര്‍ട്ടിയായ ഡി.എം.കെയുടെ അംഗത്വ ക്യാമ്പയിന്‍ ആണെന്ന് ഹരജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് അംഗങ്ങളായ ജസ്റ്റിസ് എസ്.എം സുബ്രഹ്‌മണ്യവും ജസ്റ്റിസ് എ.ഡി മരിയ ക്ലേറ്റെയും നിരീക്ഷിച്ചു. എന്നാല്‍ ആളുകളില്‍ നിന്ന് സ്വകാര്യ വിവരങ്ങള്‍ അടക്കം ശേഖരിക്കുന്നതിനാല്‍ അത് ആശങ്ക സൃഷ്ടിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി.

അതിനാല്‍, ഒരണിയില്‍ തമിഴ്നാട് എന്ന എന്റോള്‍മെന്റ് ഡ്രൈവിനായി ഒ.ടി.പി വെരിഫിക്കേഷന്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ഡി.എം.കെയെ വിലക്കിക്കൊണ്ടുള്ള ഒരു ഇടക്കാല ഉത്തരവ് കോടതി പുറപ്പെടുവിച്ചു. വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന, സര്‍ക്കാരുകളില്‍ നിന്ന് മറുപടി തേടി കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസിലെ വാദം കേള്‍ക്കല്‍ രണ്ടാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികളുടെ ഡിജിറ്റല്‍ അംഗത്വ ഡ്രൈവ് പുതിയൊരു പഠന മേഖലയാണെന്ന് ജഡ്ജിമാര്‍ നിരീക്ഷിച്ചു. പൗരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശവും രാഷ്ട്രീയത്തിനുള്ള അവകാശവും സംരക്ഷിക്കുന്നതിന് ഡാറ്റ എങ്ങനെ സംഭരിക്കുന്നുവെന്നും പ്രോസസ് ചെയ്യുന്നുവെന്നും പരിശോധിക്കേണ്ടതുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറ്റ് പാര്‍ട്ടികള്‍ക്ക് ദോഷകരമാണോ എന്നടക്കമുള്ള കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ഡി.എം.കെയും പാര്‍ട്ടി കേഡര്‍ അംഗങ്ങളും പൊതുജനങ്ങളില്‍ നിന്ന് ആധാര്‍ വിവരങ്ങളടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിന്ന് തടയണമെന്ന് ആവശ്യപ്പെട്ടാണ് ശിവഗംഗ ജില്ലക്കാരനായ എസ്. രാജ്കുമാറാണ്‌ പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചത്.

ഡി.എം.കെ അനധികൃതമായി ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ അന്വേഷണം വേണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എഐ) സി.ഇ.ഒയ്ക്കും കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐ.ടി മന്ത്രാലയ സെക്രട്ടറിമാര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരണിയില്‍ തമിഴ്നാട് പദ്ധതിയുടെ മറവില്‍ ഡി.എം.കെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്റെ പ്രദേശത്തെ പൊതുജനങ്ങളില്‍ നിന്ന് വ്യക്തിവിവരങ്ങളും ആധാര്‍ വിവരങ്ങളും ശേഖരിക്കുന്നുണ്ടെന്ന് ഹരജിക്കാരന്‍ പറഞ്ഞു.

ഇവ കൈമാറാന്‍ വിസമ്മതിച്ചാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുമന്ന് ഡി.ഐ.കെ പ്രവര്‍ത്തര്‍ ഭീഷണിപ്പെടുത്തിയതായും ഹരജിക്കാരന്‍ പറയുന്നു. ആധാര്‍, വോട്ടര്‍ ഐ.ഡി, മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഡി.എം.കെ ശേഖരിക്കുന്നത്. ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ ആ നമ്പറിലേക്ക് ഒരണിയില്‍ തമിഴ്‌നാട് പ്രോഗ്രാമിനെക്കുറിച്ചുള്ള സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്യുന്നതായും ഹരജിക്കാരന്‍ ആരോപിച്ചു.

ഡി.എം.കെ ആധാര്‍ വിവരങ്ങള്‍ അനധികൃതമായി ശേഖരിക്കുകയും പ്രോസസ് ചെയ്യുകയും ചെയ്തത് പൗരന്മാരുടെ മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമപരമായ ആവശ്യങ്ങള്‍ക്കല്ലാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടുത്ത കടന്നുകയറ്റമാണെന്നും ഹരജിക്കാരന്‍ വാദിച്ചു.

Content Highlight: Madras High Court bans use of OTP verification in DMK membership drive ‘Oraniyil Tamil Nadu’

We use cookies to give you the best possible experience. Learn more