| Tuesday, 5th July 2016, 3:00 pm

പെരുമാള്‍ മുരുകന്റെ വിവാദ പുസ്തകം പിന്‍വലിക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ് കഥാകാരന്‍ പെരുമാള്‍ മുരുകന്റെ വിവാദ പുസ്തകം “മാതൊരുഭാഗന്‍” പിന്‍വലിക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാതൊരുഭാഗന്‍(അര്‍ധനാരീശ്വരന്‍) എന്ന പുസ്തകം പിന്‍വലിച്ച് പെരുമാള്‍ മുരുകന്‍ മാപ്പ് പറയണമെന്ന് നാമക്കല്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. വിശ്വാസികളെ വ്രണപ്പെടുത്തുന്ന നോവലെന്നു പറഞ്ഞാണ് ഹിന്ദു സംഘടനകള്‍ പ്രതിഷേധം അഴിച്ചുവിട്ടത്.

 ഒത്തുതീര്‍പ്പ് ഫോര്‍മുലയെ ചോദ്യം ചെയ്ത് തമിഴ്‌നാട്ടിലെ പുരോഗമന ചിന്താഗതിക്കാരുടെയും എഴുത്തുകാരുടെയും സംഘടനയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് എസ്.കെ കൗള്‍, ജസ്റ്റിസ് പുഷ്പ സത്യനാരായണ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. പെരുമാള്‍ മുരുകനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന പ്രദേശവാസികളുടെ ഹര്‍ജിയും ഹൈക്കോടതി തള്ളി.

2015 ജനുവരി 12 ന് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പുസ്തകത്തില്‍ നിന്ന് വിവാദഭാഗങ്ങള്‍ നീക്കം ചെയ്യാമെന്നും വിപണിയില്‍ ബാക്കിയുള്ള കോപ്പികള്‍ പിന്‍വലിക്കാമെന്നും നിരുപാധികം മാപ്പ് പറയാമെന്നും പെരുമാള്‍ മുരുകന്‍ സമ്മതിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് പിന്നാലെ താന്‍ എഴുത്തുനിര്‍ത്തുകയാണെന്ന പെരുമാള്‍ മുരുകന്റെ പ്രഖ്യാപനം വലിയ ചര്‍ച്ചയായിരുന്നു.

തമിഴിലെ പ്രമുഖ പ്രസാദകരായ കാലച്ചുവട് 2010ലാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. മൂന്നു വര്‍ഷം കഴിഞ്ഞ് പെന്‍ഗ്വിന്‍ ബുക്ക്‌സ് “വണ്‍ പാര്‍ട്ട് വുമണ്‍” എന്ന പേരില്‍ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറക്കിയിരുന്നു.

We use cookies to give you the best possible experience. Learn more