| Thursday, 30th July 2026, 2:09 pm

'നിങ്ങൾ ഭയങ്കര സ്ട്രിക്റ്റ് ആണെന്നാണ് ഇവിടെ എല്ലാവരും പറയുന്നത്' എന്ന് ഒരു പ്രൊഡ്യൂസർ വിളിച്ചു പറഞ്ഞു: മഡോണ സെബാസ്റ്റ്യൻ

നന്ദന. ടി

പ്രേമം എന്ന ചിത്രത്തിലെ സെലിൻ എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മഡോണ സെബാസ്റ്റ്യൻ. കിംഗ് ലയർ, ഇബ്ലീസ്, വൈറസ്, ബ്രദേഴ്‌സ് ഡേ, പദ്മിനി തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെയും മറ്റ് അന്യഭാഷാ സിനിമകളിലൂടെയും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച താരം, തന്റെ സിനിമ വിശേഷങ്ങൾ പങ്കുവെക്കുകയാണ്. ഐ ആം വിത്ത് ധന്യ വർമ്മ എന്ന ചാനലിൽ സംസാരിക്കുകയായിരുന്നു താരം.

സിനിമയിൽ വന്ന സമയത്ത് വളരെ ഷൈ ആയിട്ടുള്ള ആളായിരുന്നുവെന്നും, അതുകൊണ്ടുതന്നെ ആളുകളോട് അധികം സംസാരിക്കാറില്ലായിരുന്നുവെന്നും, അത് തന്റെ അവസരങ്ങളെയും സിനിമയിലെ പ്രതിച്ഛായയെയും ബാധിച്ചിരുന്നു എന്ന് പറയുകയാണ് മഡോണ.

മഡോണ സെബാസ്റ്റ്യൻ. Photo. Facebook.

‘ഞാൻ സിനിമയിലേക്ക് വരുന്നതിനു മുൻപ് വളരെ ഷൈ ആയിട്ടുള്ള ഒരു വ്യക്തിയായിരുന്നു. സിനിമയുടെ ഷൂട്ടിങ് സെറ്റിൽ പോയാലൊന്നും ആരോടും അധികം മിണ്ടാറില്ലായിരുന്നു. പണ്ടൊക്കെ ആസിഫ് അലിയോട് പോലും ഒന്നും മിണ്ടിയിട്ടുണ്ടായിരുന്നില്ല. എന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമയ്ക്ക് ശേഷമാണ് ഞാൻ കുറച്ചെങ്കിലും സംസാരിച്ചു തുടങ്ങിയത്.

എന്നാൽ ഈ ഒരു സ്വഭാവം എന്നെ കാര്യമായി ബാധിച്ചിട്ടുണ്ട്. അവസരങ്ങളൊന്നും വരാതിരുന്ന ഒരു സമയമുണ്ടായിരുന്നു. മിണ്ടാത്ത ഒരാൾക്ക് എന്തിനാണ് വർക്ക് കൊടുക്കുന്നത് എന്ന് ആളുകൾ ചിന്തിക്കുമല്ലോ. രണ്ടു മൂന്നു മാസം മുമ്പ് തെലുങ്കിൽ നിന്ന് എന്നെ പണ്ട് മുതലേ അറിയാവുന്ന ഒരു പ്രൊഡ്യൂസർ വിളിച്ചിട്ട് പറഞ്ഞത്, ഡോണ നിങ്ങൾ ഭയങ്കര സ്ട്രിക്റ്റ് ആണെന്നാണ് ഇവിടെ എല്ലാവരും പറയുന്നത് എന്നാണ്. അപ്പോൾ ഞാൻ പറഞ്ഞു, ഞാൻ അങ്ങനെയൊന്നുമല്ല ഒരു പാവമാണ് എന്ന്.എന്നാൽ നിങ്ങൾക്ക് കുറെ റൂൾസ് ഒക്കെ ഉണ്ടെന്നാണ് പറയുന്നത് എന്നായിരുന്നു അവർ പറഞ്ഞത്. എന്താണ് ഇവർ റൂൾസ് കൊണ്ട് ഉദ്ദേശിച്ചതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല,’ മഡോണ പറഞ്ഞു.

സിനിമയിൽ യാതൊരുവിധ ഗോഡ്‌ഫാദർ സപ്പോർട്ടോ കുടുംബ പശ്ചാത്തലമോ ഇല്ലാതെ കടന്നുവരുന്ന ഒരു നടിയെ സംബന്ധിച്ച് ഇൻഡസ്ട്രിയിൽ മുന്നോട്ടുപോവുക എന്നത് വലിയൊരു സ്ലോ പ്രോസസ്സ് ആണെന്നും നടി അഭിപ്രായപ്പെട്ടു.

‘സിനിമ ഫീൽഡിൽ ഫാമിലിയുടെയോ മറ്റു ഗോഡ്‌ഫാദർമാരുടെയോ സപ്പോർട്ട് ഇല്ലാതെ വരുന്നത് ഒരു സ്ലോ പ്രോസസ്സ് ആയിരിക്കും. കൃത്യമായ പ്ലാനോടെ അഭിനയം എന്ന ലക്ഷ്യം വെച്ച് വന്നവരാണെങ്കിൽ അവർക്ക് അനുയോജ്യമായ വഴി തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. പക്ഷേ എനിക്ക് അത്തരത്തിൽ ഒരു ശരിയായ വഴി കണ്ടെത്താൻ അറിയില്ലായിരുന്നു. 22-ാമത്തെ വയസ്സിലാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. കാര്യങ്ങളൊക്കെ മനസ്സിലാക്കി വരുന്ന ഒരു പ്രായമായതുകൊണ്ടുതന്നെ ഞാൻ കുറച്ചധികം സ്ട്രഗ്ഗിൾ ചെയ്തിട്ടുണ്ടായിരുന്നു’, മഡോണ പറഞ്ഞു.

ഒരു കഥാപാത്രത്തെ തിരഞ്ഞെടുക്കുമ്പോൾ തന്നിലെ വ്യത്യസ്ത തലങ്ങളെ പുറത്തുകൊണ്ടുവരാൻ സഹായിക്കുന്നതാണോ എന്ന് മാത്രമാണ് താൻ പ്രധാനമായും ശ്രെദ്ധിക്കാറുള്ളതാണെന്നും മഡോണ കൂട്ടിച്ചേർത്തു.

‘സിനിമയിൽ ഒരു കഥാപാത്രത്തെ തിരഞ്ഞെടുക്കുമ്പോൾ വളരെ ലളിതമായ ഒരു കാര്യം മാത്രമേ ഞാൻ നോക്കാറുള്ളൂ. ആ കഥാപാത്രം എന്നെ സർപ്രൈസ് ചെയ്യുന്നതായിരിക്കണം. അതായത് എന്നിൽ ഇതുവരെ കാണാത്ത ഒന്നിനെ പുറത്തെടുക്കുക എന്നതാണ് എന്റെ ആഗ്രഹം. പക്ഷേ പൊതുവേ ഒരു കഥാപാത്രം വരുമ്പോൾ നമ്മൾ അതിലേക്ക് ചേരുമോ എന്നാണ് പ്രേക്ഷകരും അല്ലാത്തവരും ചിന്തിച്ചു നോക്കാറുള്ളത്,’ മഡോണ പറഞ്ഞു.

മഡോണ സെബാസ്റ്റ്യൻ. Photo. Instagram

Content Highlight: Madonna Sebastian reflects on her early career, revealing how being shy led to rumors of her being strict on set
നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more