| Thursday, 30th July 2026, 4:14 pm

നാർസിസിസ്റ്റിക് അബ്യൂസിനെക്കുറിച്ച് പലർക്കും വ്യക്തമായ ധാരണയില്ല: മഡോണ സെബാസ്റ്റ്യൻ

നന്ദന. ടി

പ്രേമം എന്ന ചിത്രത്തിലെ സെലിൻ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. കിംഗ് ലയർ, ഇബിലീസ് , വൈറസ്, ബ്രദേഴ്‌സ് ഡേ, പദ്മിനി തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും അന്യഭാഷാ സിനിമകളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച താരം, നാർസിസിസ്റ്റിക് അബ്യൂസിനെക്കുറിച്ചും അത് തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മനസുതുറക്കുകയാണ്. ഐ ആം വിത്ത് ധന്യ വർമ്മ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

നാർസിസിസ്റ്റിക് അബ്യൂസ് തിരിച്ചറിയുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള ഘട്ടമെന്ന് ഡോണ സെബാസ്റ്റിന പറയുന്നു. ഇത്തരത്തിലുള്ള ബന്ധങ്ങളിലൂടെ കടന്നുപോകുന്ന പലർക്കും എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാൻ തന്നെ സമയം എടുക്കുമെന്നും താരം ചൂണ്ടിക്കാട്ടി.

മഡോണ സെബാസ്റ്റ്യൻ. Photo. Instagram

‘ഒരു അബ്യൂസ് കണ്ടുപിടിക്കുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം എന്ന് എനിക്ക് തോന്നുന്നു. അത് കണ്ടുപിടിക്കാനാണ് സമയം എടുക്കുന്നത്. കാരണം അത് കണ്ടെത്തിക്കഴിഞ്ഞാൽ, ഒന്നുമില്ലെങ്കിലും നമ്മൾ ഏത് അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എന്നെങ്കിലും മനസ്സിലാക്കാൻ പറ്റും.

അതിൽ തന്നെ നാർസിസിസ്റ്റിക് അബ്യൂസ് എന്നത് ഇന്നത്തെക്കാലത്ത് വളരെ കോമൺ ആയി പല സ്ഥലങ്ങളിലും ആളുകൾ ഉപയോഗിക്കുന്നതായി കണ്ടുവരുന്നുണ്ട്. പക്ഷേ പ്രധാനപ്പെട്ട ഒരു പ്രശ്നം എന്താണെന്ന് വെച്ചാൽ, ആളുകൾ പലപ്പോഴും ഇത് വ്യക്തമായി മനസ്സിലാക്കുന്നില്ല. നമ്മൾ വെറുതെ പറയുന്ന ചില വാക്കുകളുടെ അർത്ഥമല്ല ഇത്തരം പ്രയോഗങ്ങൾക്കുള്ളത്. അത് ഒരാളുടെ ജീവിതവും മാനസികാരോഗ്യവുമൊക്കെയായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്,’ ഡോണ സെബാസ്റ്റിയൻ പറഞ്ഞു.

ബന്ധങ്ങളിൽ മാത്രമല്ല, കുടുംബത്തിലും മറ്റു സാമൂഹിക ഇടങ്ങളിലും നാർസിസിസ്റ്റിക് സ്വഭാവങ്ങൾ പ്രകടമാകാമെന്നും, അത്തരം സാഹചര്യങ്ങളിൽ ഇരകളുടെ മാനസികാവസ്ഥയെ മനസ്സിലാക്കേണ്ടത് പ്രധാനമാണെന്നും താരം പറഞ്ഞു.

‘എനിക്ക് പറയാനുള്ളത്, ജീവിതത്തിൽ വളരെ കൺഫ്യൂസ്ഡ് ആയിട്ടുള്ള ഒരു സന്ദർഭത്തിലാണ് ഒരാൾ നിൽക്കുന്നതെങ്കിൽ, അതായത് നമുക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതായി ഫീൽ ചെയ്യുന്നുണ്ട്, പക്ഷേ പ്രശ്നം എനിക്കാണോ അതോ കാര്യങ്ങൾ ഡീൽ ചെയ്യുന്ന രീതിക്കാണോ എന്ന് മാനസിലാവാത്ത എന്തോ ഒന്ന് നമ്മളെ അലട്ടുന്നുണ്ടെങ്കിൽ അത് ബന്ധങ്ങളിലായാൽ പോലും തുടക്കത്തിൽ തന്നെ ചില സൂചനകളൊക്കെ കിട്ടിത്തുടങ്ങും.

ഇനിയിപ്പോൾ അതല്ലാതെ കുടുംബത്തിലായാൽ പോലും, അല്ലെങ്കിൽ നമ്മുടെ മതങ്ങളിൽ ആയാൽ പോലും, ഇത്തരത്തിൽ പലതരത്തിലുള്ള നാർസിസിസ്റ്റിക് സ്വഭാവങ്ങളിലൂടെ നമ്മൾ കടന്നുപോകുന്നത് കാണാൻ സാധിക്കും. ഒരുപക്ഷേ അവർ ഒരു നാർസിസിസ്റ്റ് ആകണമെന്നില്ല, എന്നാൽ അത്തരം ഗുണങ്ങളുള്ള ചില കാര്യങ്ങൾ പ്രകടിപ്പിക്കുന്നവരായിരിക്കാം. പക്ഷേ അവിടെ ഒരു ഇര ഉണ്ടെങ്കിൽ അവർ അനുഭവിക്കുന്ന മാനസികാവസ്ഥ ഒന്നുതന്നെയായിരിക്കും,’ ഡോണ പറഞ്ഞു.

ഇത്തരത്തിലുള്ള അനുഭവങ്ങളിലൂടെ കടന്നുപോകുന്നവർക്ക് ചില നിർദേശങ്ങളും ഡോണ പങ്കുവെക്കുകയും, എന്തോ തെറ്റായ കാര്യങ്ങൾ നടക്കുന്നുവെന്ന തോന്നൽ ഉണ്ടായാൽ അത് അവഗണിക്കരുതെന്നും, സാഹചര്യത്തിൽ നിന്ന് അൽപം മാറിനിന്ന് കാര്യങ്ങളെ വിലയിരുത്താൻ ശ്രമിക്കണമെന്നും ഡോണ കൂട്ടിച്ചേർത്തു.

‘ഇത്തരത്തിലുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ആളുകൾക്ക് എനിക്ക് നൽകാനുള്ള ഒരു നിർദ്ദേശം, ഡോ. രമണി ദുർവാസുല എന്ന് പറയുന്ന ഒരാളുടെ ചാനൽ ഉണ്ട് എന്നതാണ്. ഈ സൈക്കോളജിയൊക്കെ ട്രെൻഡ് ആകുന്നതിന് മുൻപ്, അതായത് 1996 മുതൽ തന്നെ ഈ കാര്യങ്ങളിലൊക്കെ റിസർച്ച് നടത്തുന്ന ആളാണ് അവർ. അതുകൊണ്ട് അവർ വളരെ വ്യക്തമായി ഇത്തരത്തിലുള്ള വിഷയങ്ങളെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കിത്തരും. അപ്പോൾ ആളുകൾ അത് കേൾക്കുന്നത് കുറച്ചുകൂടി സഹായകമാകും എന്ന് ഞാൻ കരുതുന്നു.

അതുകൊണ്ട്, ഇത്തരം മനുഷ്യരുമായി ഇടപെടുന്ന സാഹചര്യത്തിൽ എനിക്ക് മനസ്സിലാകുന്നില്ല, പക്ഷേ എന്തോ റോങ് ആയി നടക്കുന്നുണ്ട് എന്ന് തോന്നുകയാണെങ്കിൽ അത് കണ്ടെത്തുക. കഴിവതും ആ പ്രശ്നത്തിൽ നിന്ന് മാറിനിൽക്കുന്ന ഒരു സ്‌പേസ് കണ്ടെത്തി കാര്യങ്ങൾ വിശകലനം ചെയ്യാൻ ശ്രമിക്കുക,’ മഡോണ സെബാസ്റ്റിയൻ പറഞ്ഞു.

മഡോണ സെബാസ്റ്റ്യൻ. Photo. Facebook

Content Highlight: Madona Sebastian talks about narcissist abuse
നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more