| Saturday, 26th July 2025, 12:29 pm

ഹൈക്കോടതിയും ജില്ലാ കോടതികളും തമ്മിലുള്ള ബന്ധം 'ഫ്യൂഡല്‍ പ്രഭുക്കന്മാരും കീഴാളന്മാരും' പോലെ: മധ്യപ്രദേശ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ഹൈക്കോടതിയും ജില്ലാ കോടതികളും തമ്മിലുള്ള ബന്ധം ‘ഫ്യൂഡല്‍ പ്രഭുക്കന്മാരും കീഴാളന്മാരും പോലെ’യാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി. പരസ്പര ബഹുമാനത്തോടെയുള്ള ജുഡീഷ്യല്‍ ശ്രേണിയല്ല നിലവിലുള്ളതെന്നും കോടതി വിമര്‍ശിച്ചു. ജസ്റ്റിസ് അതുല്‍ ശ്രീധരന്റേതാണ് നിരീക്ഷണം.

ജുഡീഷ്യല്‍ സിസ്റ്റം ഭയത്തിലും വിധേയത്വത്തിലും ആഴത്തില്‍ വേരൂന്നിരിക്കുകയാണെന്നും ഹൈക്കോടതി പറഞ്ഞു. ജില്ലാ കോടതിയുടെ ഭാഗമായിരുന്ന എസ്.സി/എസ്.ടി കോടതിയിലെ പ്രത്യേക ജഡ്ജിയെ പിരിച്ചുവിട്ട നടപടിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

ചില സാഹചര്യങ്ങളില്‍ ഹൈക്കോടതി ജഡ്ജിമാരെ കാണുമ്പോള്‍ ജില്ലാ ജഡ്ജിമാരുടെ ശരീരഭാഷ വരെ മാറിപോകുന്നുവെന്നും ജസ്റ്റിസ് അതുല്‍ ശ്രീധരൻ പറഞ്ഞു. ഭരണപക്ഷത്തിന്റെ വിയോജിപ്പാണ് എസ്.സി/എസ്.ടി കോടതിയിലെ ജഡ്ജിയുടെ പിരിച്ചുവിടലിന് കാരണമായതെന്ന് കണ്ടെത്തിയതോടെയാണ് കോടതി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയത്.

‘ഹൈക്കോടതി ജഡ്ജിമാരെ കാണുബോള്‍ ജില്ലാ ജഡ്ജിമാരുടെ ശരീരഭാഷ വളരെ സോഫ്റ്റാണ്. ഒരു തരത്തിലുള്ള നീരസമോ വിരസതയോ അവര്‍ക്കപ്പോള്‍ ഉണ്ടാകില്ല. ഹൈക്കോടതി ജഡ്ജിമാരെ കാണുന്നതോടെ ജില്ലാ ജഡ്ജിമാര്‍ ‘നട്ടെല്ലില്ലാത്ത സസ്തനികളുടെ തിരിച്ചറിയാവുന്ന ഒരേയൊരു ഇനം’ ആയി മാറും,’ ജസ്റ്റിസ് അതുല്‍ ശ്രീധരൻ കൂട്ടിച്ചേര്‍ത്തു.

പല സമയങ്ങളിലും റെയില്‍വേ സ്റ്റേഷന്‍ അടക്കമുള്ള പൊതുവായ ഇടങ്ങളില്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് വേണ്ടി ജില്ലാ ജഡ്ജിമാര്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വന്നിട്ടിട്ടുണ്ടെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

മാത്രമല്ല ചില ഘട്ടങ്ങളില്‍ ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി രജിസ്ട്രിയിലേക്ക് നിയോഗിക്കുമ്പോള്‍ ഇരിക്കാന്‍ ഒരു സീറ്റ് പോലും നല്‍കാറില്ലെന്നും അതുല്‍ ശ്രീധരൻ വിമര്‍ശിച്ചു. ഇത്തരത്തിലുള്ള അസമത്വം സമ്പൂര്‍ണ മാനസിക അടിമത്തത്തിലേക്ക് നയിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഇത് ജാമ്യമടക്കമുള്ള നിയമനടപടികളെ ദോഷകരമായി ബാധിക്കുന്നുവെന്നും കോടതി പറഞ്ഞു. കൂടാതെ ജില്ലാ കോടതികള്‍ക്ക് ഹൈക്കോടതികളോടുള്ള ഭയം നിയമവ്യവസ്ഥയുടെ അടിത്തറയെ തന്നെ ഇല്ലാതാകുന്നതാണെന്നും മധ്യപ്രദേശ് ഹൈക്കോടതി വിലയിരുത്തി.

സംസ്ഥാനത്തെ നിയമവ്യവസ്ഥയുടെ ഉപബോധ മനസില്‍ ഇപ്പോഴും ജാതിയുടെ പുറംതൊലിയുണ്ടെന്നും ജസ്റ്റിസ് പറഞ്ഞു. ഇത്തരത്തിലുള്ള അസമത്വങ്ങള്‍ വിചാരണ കോടതിയിലെ ജഡ്ജിമാരെ മാനസികമായി തളര്‍ത്തുമെന്നും കോടതി നിരീക്ഷിച്ചു.

2015 ഒക്ടോബര്‍ 19നാണ് മധ്യപ്രദേശിലെ എസ്.സി/എസ്.ടി കോടതിയിലെ മുന്‍ പ്രത്യേക ജഡ്ജിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. എന്നാൽ ഇദ്ദേഹത്തിന്റെ 28 വര്‍ഷത്തെ ജുഡീഷ്യല്‍ സേവനത്തില്‍ ഒരിക്കല്‍ പോലും റെഡ് മാര്‍ക്ക് വീണിട്ടില്ലെന്നാണ് വിവരം.

പൊലീസ് ഉയര്‍ത്തിയ ചില ആരോപണങ്ങളെ തുടര്‍ന്നാണ് ജഡ്ജിയെ പുറത്താക്കിയതെന്നാണ് എന്‍.ഡി.ടി.വി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവിൽ പിരിച്ചുവിടല്‍ നടപടിക്കെതിരായ കേസ് പരിഗണിച്ച കോടതി മുന്‍ ജഡ്ജിക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടു. പിരിച്ചുവിടല്‍ നടപടി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. മുഴുവന്‍ വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കണമെന്നും ഉത്തരവുണ്ട്.

Content Highlight: Relationship between High Court and District Courts like ‘feudal lords and vassals’: Madhya Pradesh

We use cookies to give you the best possible experience. Learn more