| Friday, 27th February 2026, 10:26 pm

തൊഴില്‍ മന്ത്രിയുടെ നിര്‍ദേശമടക്കം അംഗീകരിച്ചു; സമരം താത്ക്കാലികമായി നിര്‍ത്തിവെക്കുന്നതായി മാധ്യമം ജീവനക്കാര്‍

അനിത സി

കോഴിക്കോട്: മാസങ്ങളായി ശമ്പളവും ആനുകൂല്യങ്ങളും നല്‍കാത്തതിനെ തുടര്‍ന്ന് നടത്തി വരികയായിരുന്ന പ്രത്യക്ഷ സമരപരിപാടികള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കുന്നതായി മാധ്യമം പത്രത്തിലെ ജീവനക്കാര്‍. തൊഴില്‍, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച നടന്ന ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട നിര്‍ണായക യോഗത്തിലാണ് തീരുമാനം.

മാനേജ്‌മെന്റ് പ്രതിനിധികളുടെയടക്കം ഭാഗം കേട്ടതിന് ശേഷമാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുന്നതെന്ന് ട്രേഡ് യൂണിയന്‍ സംയുക്ത സമര സഹായ സമിതിയും മാധ്യമം എംപ്ലോയീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും അറിയിച്ചു.

മാധ്യമത്തിലെ ശമ്പള കുടിശികയടക്കമുള്ള എല്ലാ തൊഴില്‍ പ്രശ്‌നങ്ങളെയും കുറിച്ച് പഠിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷനല്‍ ലേബര്‍ കമ്മീഷണറെ നിയോഗിക്കും. മാര്‍ച്ച് 15ന് ഒരു മാസത്തെ പൂര്‍ണ ശമ്പളവും ഏപ്രില്‍ 15ന് മറ്റൊരു പൂര്‍ണ ശമ്പളവും വിതരണം ചെയ്യുമെന്നും മാനേജ്‌മെന്റ് അംഗീകരിച്ചു.

ഒപ്പം സമര കാലയളവില്‍ നടത്തിയ സ്ഥലംമാറ്റങ്ങളില്‍ ജീവനക്കാരുടെ ഭാഗം കൂടി കേട്ട് അനുകൂല സമീപനമുണ്ടാകണമെന്ന മന്ത്രിയുടെ നിര്‍ദേശത്തിനോടും മാധ്യമം മാനേജ്‌മെന്റ് അനുകൂല നിലപാടെടുത്തെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

ശമ്പള കുടിശികയുടെ കാര്യത്തിലെ നിര്‍ദേശങ്ങള്‍ പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെങ്കിലും സ്ഥാപനത്തിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ സമഗ്രമായി പഠിക്കാനുള്ള സര്‍ക്കാറിന്റെയും തൊഴില്‍ വകുപ്പിന്റെയെും തീരുമാനം ആശാവഹമാണെന്ന് മാധ്യമം എംപ്ലോയീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രതികരിച്ചു.

കുടിശ്ശിക, റീ സ്ട്രക്ചറിങ് അടക്കമുള്ള വിഷയങ്ങളില്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ ഉന്നയിക്കാനുള്ള അവസരമായി ഇതിനെ കാണാമെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടെന്നും ഈ സാഹചര്യത്തില്‍ നിലവിലെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുമെന്ന പ്രതീക്ഷയോടെ, മൂന്ന് മാസമായി തുടരുന്ന പ്രത്യക്ഷ സമരം താത്ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്നും കമ്മിറ്റി പറഞ്ഞു.

ഇനിയും അനുകൂല അന്തരീക്ഷമുണ്ടാകുന്നില്ലെങ്കില്‍ സമരം പുനരാരംഭിക്കുമെന്നും അവര്‍ അറിയിച്ചു.

ലേബര്‍ കമ്മീഷണര്‍ സഫ്‌ന നസറുദീന്‍, സമരസമിതി ചെയര്‍മാനും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആര്‍. ചന്ദ്രശേഖരന്‍, ജനറല്‍ കണ്‍വീനറും സി.ഐ.ടി.യു ദേശീയ സെക്രട്ടറിയുമായ കെ.എന്‍. ഗോപിനാഥ്, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. ജോര്‍ജ് തോമസ്, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, സി.എഫ്.ഒ സിറാജ് അലി, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Content Highlight: Madhyamam News Paper Employees say strike temporarily suspended

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more